കെ.കെ.രാമചന്ദ്രൻ നായർ എം.എൽ.എ അന്തരിച്ചു
January 14, 2018, 7:12 am
ചെങ്ങന്നൂർ: സി.പി.എം നേതാവും ചെങ്ങന്നൂർ എം.എൽ.എയുമായ കെ.കെ.രാമചന്ദ്രൻ നായർ അന്തരിച്ചു. 65 വയസായിരുന്നു. കരൾ രോഗത്തെ തുടർന്ന് ഒരു മാസത്തോളമായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് പുലർച്ചെ നാലു മണിയോടെയായിരുന്നു. മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. പിന്നീട് ചെങ്ങന്നൂരിലെ സെഞ്ച്വറി ആശുപത്രിയിലേക്ക് മാറ്റും. സംസ്കാരം പിന്നീട് നടക്കും.

1952 ഡിസംബർ ഒന്നിന് ചെങ്ങന്നൂർ ആല ഭാസ്‌കരവിലാസത്തിൽ കരുണാകരൻ നായരുടേയും ഭാരതിയമ്മയുടേയും മകനായാണ് രാമചന്ദ്രൻ നായർ ജനിച്ചത്. എസ്.എഫ്.ഐയിലൂടെ പൊതുപ്രവർത്തന രംഗത്തെത്തി. എസ്.എൻ.എസ് കോളേജിൽ നിന്ന് സാന്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. പിന്നീട് തിരുവനന്തപുരം ഗവ. ലാ കോളേജിൽ നിന്ന് നിയമബിരുദം കരസ്ഥമാക്കി. എസ്.എഫ്.ഐയുടെ ആലപ്പുഴ ജില്ലാകമ്മിറ്റി അംഗമായിരുന്നു. ലാ കോളേജിൽ പഠിക്കുന്ന സമയത്ത് തിരുവനന്തപുരം ജില്ലാകമ്മറ്റി അംഗമായും കോളജ് യൂണിയൻ ചെയർമാനായും പ്രവർത്തിച്ചു.

അഭിഭാഷകനായ രാമചന്ദ്രൻ നായർ സി.പി.എം ചെങ്ങന്നൂർ താലൂക്ക് യൂണിയൻ സെക്രട്ടറി,​ ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചു. ബാർ കൗൺസിൽ പ്രസിഡന്റായിരുന്നു.

2001ൽ ശോഭന ജോർജിനെതിരെ ചെങ്ങന്നൂരിൽ നിന്നാണ് നിയമസഭയിലേക്ക് ആദ്യം മത്സരിച്ചത്. പക്ഷേ,​ പരാജയപ്പെടുകയായിരുന്നു. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ മുൻ എം.എൽ.എ പി.സി.വിഷ്ണുനാഥിനെ 7983 വോട്ടുകൾക്ക് പരാജയപ്പെടുത്തി ആദ്യമായി സഭയിലെത്തി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ