ഇന്ത്യയെ ആണവ യുദ്ധത്തിന് വെല്ലുവിളിച്ച് പാക് വിദേശകാര്യ മന്ത്രി
January 14, 2018, 10:21 am
ഇസ്ളാമാബാദ്: ഇന്ത്യയെ ആണവ യുദ്ധത്തിന് വെല്ലുവിളിച്ച് പാക് വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. അതിർത്തി കടന്നുള്ള ആക്രമണത്തിന് ഇന്ത്യ സജ്ജമാണെന്ന ഇന്ത്യൻ സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പ്രസ്‌താവനയ്‌ക്ക് മറുപടി എന്ന നിലയിലായിരുന്നു ഖ്വാജ മുഹമ്മദിന്റെ വെല്ലുവിളി.

'ഒട്ടും ഉത്തരവാദിത്തമില്ലാത്ത പരാമർശമാണ് ഇന്ത്യൻ സൈനിക മേധാവിയിൽ നിന്നുണ്ടായത്. ആണവയുദ്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കിൽ ‍ഞങ്ങളുടെ ശക്തി പരീക്ഷിക്കാൻ ക്ഷണിക്കുന്നു. അത്തരമൊരു ആക്രമണത്തിലൂടെ ജനറലിന്റെ സംശയം മാറുന്നതായിരിക്കും'- ഖ്വാജ ട്വിറ്ററിൽ കുറിച്ചു.

വെള്ളിയാഴ്‌ച നടന്ന വാർത്താ സമ്മേളനത്തിലാണ് പാകിസ്ഥാന്റെ 'ആണവ വീമ്പ്' തകർക്കാൻ ഇന്ത്യൻ സൈന്യം തയ്യാറാണെന്ന് ബിപിൻ റാവത്ത് പറഞ്ഞത്. കേന്ദ്രം ആവശ്യപ്പെട്ടാൽ അതിർത്തി കടന്ന് ആക്രമണം നടത്താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പാക് വിദേശകാര്യ മന്ത്രിയുടെ പരാമർശത്തെ കൂടാതെ വിദേശകാര്യ വക്താവായ ഡോ.മുഹമ്മദ് ഫൈസലും ഇന്ത്യയെ വിമർശിച്ച് രംഗത്തെത്തി. കുടിലമായ ചിന്താഗതിയാണ് ഇന്ത്യൻ സൈനിക മേധാവിയുടെ വാക്കുകളിലൂടെ പ്രതിഫലിച്ചതെന്നും, ഏതാക്രമണത്തെയും പ്രതിരോധിക്കാനുള്ള ശേഷി പാകിസ്ഥാനുണ്ടെന്നും മുഹമ്മദ് ഫൈസൽ പ്രതികരിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ