ബാർ കൗൺസിൽ പ്രതിനിധികൾ വൈകിട്ട് ചീഫ് ജസ്റ്റിസിനെ കാണും
January 14, 2018, 10:58 am
ന്യൂഡൽഹി: സുപ്രീം കോടതിയിലെ തർക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി ബാർ കൗൺസിൽ ഒഫ് ഇന്ത്യയുടെ പ്രതിനിധികൾ ഇന്ന് വൈകിട്ട് 7.30ന് ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയെ കണ്ട് ചർച്ച നടത്തും. ‌ബാർ കൗൺസിൽ നിയോഗിച്ച ഏഴംഗ പ്രതിനിധി സംഘം,​ മിശ്രയ്ക്കെതിരെ പരസ്യ നിലപാടെടുത്ത ജഡ്‌ജിമാരുമായും നേരിട്ട് സംസാരിക്കും.

പത്രസമ്മേളനം നടത്തിയ ജഡ്‌ജിമാരിൽ ജെ. ചെലമേശ്വർ ഒഴികെ രഞ്ജൻ ഗോഗോയ്, മദവൻ ബി. ലോക്കൂർ, കുര്യൻ ജോസഫ് എന്നിവർ ഡൽഹിക്ക് പുറത്തായതിനാൽ ഇന്നലെ ചർച്ചകളൊന്നും നടന്നില്ല. ഇന്ന് എല്ലാവരും ഡൽഹിയിൽ തിരിച്ചെത്തുമെന്ന് അറിയുന്നു. ജുഡിഷ്യറിയുടെ ആഭ്യന്തര കാര്യമാണിതെന്നും അതിൽ സർക്കാർ ഇടപെടില്ലെന്നും പ്രധാനമന്ത്രിയും നിയമമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ടെന്ന് കൗൺസിൽ ചെയർമാൻ മനൻ കുമാർ മിശ്ര പറഞ്ഞു.

നാല് ജഡ്‌ജിമാർ ഉന്നയിച്ച വിഷയങ്ങൾ ഗൗരവമുള്ളതാണെന്നും ഉടൻ പരിഹാരം കാണണമെന്നും സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിംഗ് പറഞ്ഞു. ആദ്യം ചീഫ് ജസ്‌‌റ്റിസുമായി ചർച്ച നടത്തും. അദ്ദേഹം തങ്ങളുടെ നിലപാടുകളോട് യോജിക്കുകയാണെങ്കിൽ മറ്റ് നാല് ജഡ്‌ജിമാരെയും കാണുന്നതിനാണ് ധാരണ ആയിരിക്കുന്നത്. പൊതുതാത്‌പര്യഹർജികൾ ചീഫ് ജസ്‌റ്റിസ് അല്ലെങ്കിൽ കൊളീജിയം അംഗങ്ങളായ അഞ്ച് ജഡ്‌ജിമാരിൽ ആരെങ്കിലും മാത്രം പരിഗണിക്കുക, ജസ്‌റ്റിസ് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് മുതിർന്ന ജഡ്‌ജിമാർ അടങ്ങിയ ബെഞ്ചിന് വിടുക എന്നീ പ്രമേയങ്ങളും അസോസിയേഷൻ പാസാക്കിയിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ