ഒറ്റനോട്ടത്തിൽ: കെ.കെ. രാമചന്ദ്രൻനായർ, സുപ്രീം കോടതി, മകരജ്യോതി, കേരള ബാങ്ക്, കേരള ബ്ലാസ്‌റ്റേഴ്‌സ്
January 14, 2018, 12:02 pm

1. സി.പി.എം നേതാവും ചെങ്ങന്നൂർ എം.എൽ.എയുമായ കെ.കെ. രാമചന്ദ്രൻനായർ അന്തരിച്ചു. അറുപത്തഞ്ച് വയസായിരുന്നു. കരൾ രോഗ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാമചന്ദ്രൻനായരുടെ അന്ത്യം ഇന്ന് പുലർച്ചെ നാലു മണിയോടെ. മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. നാളെ വിലാപയാത്രയായി ജന്മനാടായ ചെങ്ങന്നൂരിലേക്ക് കൊണ്ടുപോകും. ചെങ്ങന്നൂർ ആല പഞ്ചായത്തിൽ ജനിച്ച കെ.കെ.ആർ 2001ൽ ചെങ്ങന്നൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2016ൽ ശക്തമായ ത്രികോണ മത്സരത്തിൽ കോൺഗ്രസിലെ പി.സി. വിഷ്ണുനാഥിനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി.

2. പന്തളം എൻ.എസ്.എസ് കോളേജിലും തിരുവനന്തപുരം ലോ കോളേജിലുമായി പഠനം പൂർത്തിയാക്കിയ രാമചന്ദ്രൻനായരുടെ രാഷ്ട്രീയ പ്രവേശം വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ. എസ്.എഫ്.ഐ ആലപ്പുഴ, തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായിരുന്നു. ലോ കോളേജ് യൂണിയൻ ചെയർമാനായും പ്രവർത്തിച്ചു. ചെങ്ങന്നൂരിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്ത് നിറഞ്ഞു നിന്ന കെ.കെ.ആർ രണ്ട് തവണ സി.പി.എം ചെങ്ങന്നൂർ ഏരിയാ സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. ചെങ്ങന്നൂർ ബാർ അസോസിയേഷൻ പ്രസിഡന്റായും സാംസ്‌കാരിക സംഘടന സർഗവേദിയുടെ പ്രസിഡന്റായും പ്രവർത്തിച്ചു.

3. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എതിരെ നാല് ജഡ്ജിമാർ പരസ്യ പ്രതിഷേധം രേഖപ്പെടുത്തിയതിനെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ സമവായ ശ്രമങ്ങൾ സജീവം. മധ്യസ്ഥതയ്ക്ക് മുന്നിട്ടിറങ്ങിയ ബാർ കൗൺസിൽ ഒഫ് ഇന്ത്യ, ജഡ്ജിമാരുമായി ചർച്ചയ്ക്ക് ഏഴംഗ സമിതി ശ്രമം തുടങ്ങി. മുതിർന്ന ജഡ്ജമാരുമായും ചീഫ് ജസ്റ്റിസുമായും ബാർ കൗൺസിൽ സമിതി ഇന്ന് ചർച്ച നടത്തിയേക്കും. പ്രതിസന്ധിയിൽ രാഷ്ട്രീയ പാർട്ടികൾ ഇടപെടരുത് എന്നും ബാർ കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

4. അതിനിടെ, പ്രതിഷേധ സ്വരം ഉയർത്തിയ ജഡ്ജമാരുമായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് ആശയവിനിമയം നടത്തുമെന്നും സൂചനയുണ്ട്. സമവായ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന സുപ്രീംകോടതി ബാർ അസോസിയേഷൻ ആവശ്യപ്പെടുന്നത്, ഫുൾകോർട്ട് വിളിച്ച് പരിഹാരം തേടണം എന്ന്. പൊതുതാൽപര്യ ഹർജികൾ ചീഫ് ജസ്റ്റിസോ തൊട്ടുതാഴെയുള്ള മുതിർന്ന നാല് അംഗങ്ങൾ അദ്ധ്യക്ഷരായ ബെഞ്ചോ പരിഗണിക്കണം എന്നും ബാർ അസോസിയേഷൻ.

5. അതേസമയം, വിഷയത്തിൽ എന്ത് നിലപാട് എടുക്കണം എന്ന കാര്യത്തിൽ കേന്ദ്രസർക്കാരിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ചീഫ് ജസ്റ്റിസ് നിലപാട് പരസ്യമാക്കാത്ത സാഹചര്യത്തിൽ പ്രശ്‌നത്തിൽ ഇടപെടാതിരിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം.

6. ജ്യോതി ദർശനത്തിന്റെ ധന്യത കാത്ത് ശബരിമല. ഭക്തലക്ഷങ്ങൾക്ക് പുണ്യ ദർശനമായി ഇന്ന് മകരജ്യോതി തെളിയും. ബിംബശുദ്ധി ക്രിയകൾ പൂർത്തിയാക്കി, മകരസംക്രമ പൂജയും അഭിഷേകവും ഉച്ചയ്ക്ക് 1.47 ന്. പന്തളം കൊട്ടാരത്തിൽ നിന്നു പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയിൽ ദേവസ്വം ബോർഡ് അധികൃതർ ഏറ്റുവാങ്ങും. സന്നിധാനം കനത്ത സുരക്ഷയിൽ.

7. ശരണമന്ത്ര മുഖരിതമായ ശബരീശന്റെ പൂങ്കാവനം നിറഞ്ഞ് അയ്യപ്പലക്ഷങ്ങൾ. വൈകിട്ട് പതിനെട്ടാംപടിക്കു മുകളിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും, ബോർഡ് പ്രസിഡന്റ് എ.പദ്മകുമാറിന്റെയും നേതൃത്വത്തിൽ സ്വീകരിക്കുന്ന തിരുവാഭരണ പേടകം സോപാത്തേക്ക് ആനയിക്കും. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന വൈകിട്ട് 6.40 ന്.

8. ദർശന സുകൃതം നുകരാൻ സന്നിധാനം നിറഞ്ഞ് അയ്യപ്പന്മാർ. ദിവസങ്ങൾക്കു മുമ്പേ തുടങ്ങിയ തിരക്ക് നിയന്ത്രിക്കാൻ സന്നിധാനത്തും പ്രധാന കേന്ദ്രങ്ങളിലും കർശന നിയന്ത്രണം. സുരക്ഷ ഒരുക്കാൻ മൂവായിരം പൊലീസുകാരുടെ സംഘം. പുല്ലുമേട് ഉൾപ്പെടെ അയ്യപ്പന്മാർ തിങ്ങിനിറഞ്ഞ സ്ഥലങ്ങളിൽ പ്രത്യേക നിരീക്ഷണം.

9. കേരള ബാങ്ക് ഈ വർഷം തന്നെ തുടങ്ങുമെന്ന് ലോക കേരള സഭയിൽ സംസ്ഥാന സർക്കാരിന്റെ ഉറപ്പ്. പ്രവാസി സംഘടനാ പ്രതിനിധികൾക്ക് സർക്കാരിന്റെ ഉറപ്പ് നൽകിയത്, മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിദ്ധ്യത്തിൽ ബാങ്ക് സെക്രട്ടറി പി. വേണുഗോപാൽ. ബാങ്കിൽ സർക്കാർ പ്രതീക്ഷിക്കുന്നത്, ഒന്നര ലക്ഷം കോടിയുടെ പ്രവാസി നിക്ഷേപം. രണ്ടാം ഘട്ടത്തിൽ വിദേശ രാജ്യങ്ങളിൽ ശാഖകൾ തുറക്കുമെന്നും ലോക കേരള സഭയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

10. ബാങ്ക് തുടങ്ങാനുള്ള നടപടികൾ വേഗത്തിൽ ആക്കിയത്, ഷെഡ്യൂൾഡ് ബാങ്കിനുള്ള ലൈസൻസ് കൈവശം ഉള്ളതിനാൽ. പ്രവർത്തനം ആരംഭിക്കുന്നതോടെ ശാഖകളുടെ കാര്യത്തിൽ എസ്.ബി.ഐ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ ബാങ്കായി കേരള ബാങ്ക് മാറുമെന്നും പി. വേണുഗോപാൽ. സർക്കാർ നടപടികൾ വേഗത്തിൽ ആക്കിയത്, ബാങ്കിന് ഉപാധികളോടെ മൂന്ന് വർഷത്തേക്ക് പ്രവർത്തന അനുമതി നൽകാൻ റിസർവ് ബാങ്ക് തീരുമാനിച്ചതോടെ.

11. തുടർ സമനിലകളിൽ നിന്ന് മോചനം നേടിയ കേരള ബ്ലാസ്‌റ്റേഴ്‌സ് ജയം തുടരാൻ ഇന്നിറങ്ങും. ബ്ലാസ്‌റ്റേഴിസിന്റെ എതിരാളികൾ ശക്തരായ മുംബയ് സിറ്റി എഫ്.സി. പത്താം റൗണ്ട് പോരാട്ടത്തിന് ഇരു ടീമുകളും ഇറങ്ങുന്നത് രാത്രി 8 മണിക്ക് മുംബയ് അരീനയിൽ. കേരളത്തിന് പ്രതീക്ഷ നൽകുന്നത് പരിശീലകൻ ഡേവിഡ് ജയിംസും കഴിഞ്ഞ മത്സരത്തിൽ ഹാട്രിക് നേടിയ ഇയാൻ ഹ്യൂമും. പരിക്കിൽ നിന്ന് മുക്തനായ മലയാളി താരം സി.കെ. വിനീത് ഇന്നത്തെ മത്സരത്തിൽ കളിച്ചേക്കും.

12. ഇന്നത്തെ മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സിന് വെല്ലുവിളിയാകുന്നത്, ശക്തമായ മുംബയ് പ്രതിരോധ നിര. നേരത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഫലം സമനിലയായിരുന്നു. പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ജയം അനിവാര്യം. ഇന്നത്തെ മറ്റൊരു മത്സരത്തിൽ ഡൽഹി ഡൈനാമോസും ബംഗളൂരു എഫ്.സിയും ഏറ്റുമട്ടും. മത്സരം വൈകിട്ട് 5.30ന്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ