ശ്രീജിത്തിനെ കാണാൻ ടൊവിനോ എത്തി
January 14, 2018, 11:49 am
തിരുവനന്തപുരം:  നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണം സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തുന്ന സഹോദരൻ ശ്രീജിത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ടൊവിനോ തോമസ് എത്തി. രാവിലെ 11 മണിയോടെ സമരവേദിയിലെത്തിയ ടൊവിനോ 15 മിനിട്ടോളം ശ്രീജിത്തിനൊപ്പം ചെലവിട്ടു. ശ്രീജിത്തിന്റെ കാര്യങ്ങൾ കേട്ട് മനസിലാക്കിയ ടൊവിനോ അദ്ദേഹത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു.

ശ്രീജിത്തിന്റെ സമരത്തിന് പിന്നിൽ യഥാർത്ഥമായ കാരണം ഉണ്ടെന്നും വെറുതെ ഒരാൾ 765 ദിവസം സെക്രട്ടേറിയറ്റ് നടയിൽ സമരം നടത്തുമോയെന്നും ടൊവിനോ ചോദിച്ചു. ശ്രീജിത്തിന്റെ സഹോദരന്റെ മരണത്തിന് കാരണക്കാരായവരെ ശിക്ഷിക്കണം. ഇക്കാര്യത്തിൽ സർക്കാർ വേണ്ടതെല്ലാം ചെയ്യുമെന്നാണ് കരുതുന്നതെന്നും ടൊവിനോ പറഞ്ഞു. തന്റെ വരവ് മറ്റുള്ളവർക്ക് കൂടി പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കേസ് ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു.  സി.ബി.ഐ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്  കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് ഉടൻ തന്നെ സർക്കാർ കത്ത് നൽകും.  അപൂർവവും അസാധാരണവുമായ ഒരു കേസ് അല്ലാത്തതിനാൽ  ഏറ്റെടുക്കാനാകില്ലെന്ന നിലപാടാണ് സി.ബി.ഐയ്ക്ക്. 

രണ്ട് വർഷം പിന്നിടുന്ന സമരം ഫേസ്ബുക്കിലും വാട്സ്ആപ്പിലും ചർച്ചയായതോടെയാണ്  രാഷ്ട്രീയ സിനിമാ രംഗത്തുള്ളവരും ശ്രീജിത്തിന് പിന്തുണയുമായി എത്തിയത്. ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശ്രീജിത്തിനെ സന്ദർശിച്ചു. ആവശ്യമായ നിയമസഹായവും അഭിഭാഷകനെയും നൽകാമെന്നും ചെന്നിത്തല ഉറപ്പ് നൽകി. പിന്നാലെ യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രകാശ് ബാബു ശ്രീജിത്തിനൊപ്പം ഉപവാസം ആരംഭിച്ചു. ഉച്ചയോടെ ശ്രീജിത്തിനെ സന്ദർശിച്ച ഡി.വൈ.എഫ്.ഐ നേതാക്കളായ എ.എ.റഹീം, ഐ.സാജു, ഐ.പി.ബിനു എന്നിവരും ഹൈക്കോടതിയിൽ കേസ് നടത്തുന്നതിനാവശ്യമായ നിയമസഹായം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ