സുപ്രീം കോടതിയുടെ നിർദ്ദേശം എന്തായാലും നടപ്പാക്കും: ചാരക്കേസിൽ സർക്കാരിന്റെ സത്യവാങ്മൂലം
January 14, 2018, 12:27 pm
ന്യൂഡൽഹി: ഐ.എസ്.ആർ.ഒ ചാരക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതിനെതിരെയുള്ള ഹർജിയിൽ നിഷ്‌പക്ഷ നിലപാടാണുള്ളതെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ കേസിലെ പ്രതിയും മുൻ ശാസ്ത്രജ്ഞനുമായ നന്പി നാരായണൻ നൽകിയ ഹർജിയ്ക്ക് മറുപടിയായാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാരിന് ഇക്കാര്യത്തിൽ നിഷ്പക്ഷ നിലപാടാണുള്ളത്. സുപ്രീം കോടതി എന്ത് ഉത്തരവിട്ടാലും അത് നടപ്പാക്കുമെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

ചാരക്കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥർ ഗുരുതരമായ വീഴ്ച വരുത്തിയെന്നും ഇവർക്കെതിരെ നടപടി വേണമെന്നും ചൂണ്ടിക്കാട്ടി 1996 ൽ സി.ബി.ഐ സർക്കാരിന് ശുപാർശ നൽകിയിരുന്നു. എന്നാൽ,​ നടപടി ഒഴിവാക്കി 2011 ജൂൺ 29 ന് സർക്കാർ ഉത്തരവിറക്കി. ഇതിനെതിരെ  നമ്പി നാരായണൻ ഹൈക്കോടതിയെ സമീപിച്ചു. സി.ബി.ഐയുടെ ശുപാർശ പരിഗണിച്ച് സർക്കാർ മൂന്നു മാസത്തിനകം ഉചിതമായ തീരുമാനമെടുക്കാൻ 2014 ഒക്ടോബർ 20 ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അന്വേഷണ സംഘാംഗങ്ങളായ സിബി മാത്യൂസ്, കെ.കെ. ജോഷ്വ എന്നിവർ സമർപ്പിച്ച അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് നടപടി വേണ്ടെന്ന് ഉത്തരവിട്ടത്. ഇതിനെ ചോദ്യം ചെയ്താണ് നന്പി നാരായണൻ സുപ്രീം കോടതിയെ സമീപിച്ചത്. കേസ് ഇനി ഫെബ്രുവരി 16നാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ