കൊച്ചിയിൽ കടയരികിൽ വിൽപ്പനയ്‌ക്ക് വച്ചിരുന്ന പച്ചക്കറികൾക്ക് മുകളിലൂടെ ജീപ്പ് ഓടിച്ചു കയറ്റി പൊലീസിന്റെ ക്രൂരത
January 14, 2018, 1:02 pm
കൊച്ചി: കടയരികിൽ വിൽപ്പനയ്‌ക്ക് വച്ചിരുന്ന പച്ചക്കറികൾക്ക് മുകളിലൂടെ ജീപ്പ് ഓടിച്ചു കയറ്റി പൊലീസിന്റെ ക്രൂരത. പള്ളുരുത്തി പുല്ലാർദേശം റോഡിൽ ശനിയാഴ്‌ച ഉച്ചയോടെയായിരുന്നു നിയമപാലകരുടെ 'സേവനം'. സുബൈർ എന്നയാളുടെ കടയുടെ മുന്നിൽ റോഡരികിൽ പച്ചക്കറികൾ നിരത്തിവച്ചതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. വിൽപ്പനയ്‌ക്ക് വച്ചിരുന്ന പച്ചക്കറികൾ റോഡിലേക്ക് വലിച്ചെറിഞ്ഞ് ജീപ്പ് ഓടിച്ചു കയറ്റുകയായിരുന്നു.

പള്ളുരുത്തി എസ്.ഐ. ബിബിനാണ് പച്ചക്കറികളെല്ലാം റോഡിലേക്ക് വലിച്ചെറിഞ്ഞതെന്നാണ് ആരോപണം. ജീപ്പ് ഡ്രൈവർ സഹായിയായി. കുറെ പച്ചക്കറികൾ ജീപ്പിലിട്ട് പൊലീസ് കൊണ്ടുപോയെന്നും സുബൈർ പരാതിപ്പെടുന്നു. തക്കാളി, വഴുതനങ്ങ, സവാള, വെള്ളരിക്ക, വെണ്ടക്ക, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളാണ് പൊലീസ് റോഡിലേക്ക് വലിച്ചെറിഞ്ഞത്.

റോഡരികിൽ പച്ചക്കറികൾ വിൽക്കരുതെന്ന് കുറച്ചു ദിവസം മുമ്പ് എസ്.ഐ കടയുടമയോട് നിർദേശിച്ചിരുന്നു. ഇതേത്തുടർന്ന് പച്ചക്കറികൾ കടയിലാണ് വച്ചിരുന്നതെന്ന് സുബൈർ വ്യക്തമാക്കുന്നു. എന്നാൽ ശനിയാഴ്‌ച എസ്.ഐയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ഒന്നും പറയാതെ സാധനങ്ങൾ വലിച്ചെറിയുകയായിരുന്നു. ഇതു സംബന്ധിച്ച് സിറ്റി പൊലീസ് കമ്മീഷ്‌ണർക്ക് പരാതി നൽകിയതായും സുബൈർ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ