ഒറ്റനോട്ടത്തിൽ: ജ.ചെലമേശ്വർ, നെതന്യാഹു, ശ്രീജിത്ത്, കേരള ബ്ലാസ്‌റ്റേഴ്‌സ്
January 14, 2018, 4:01 pm

1. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എതിരെ ജഡ്ജിമാർ പ്രതിഷേധം രേഖപ്പെടുത്തിയ സംഭവത്തിൽ പ്രതിസന്ധി അയയുന്നു. ദീപക് മിശ്രയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ജസ്റ്റിസ് ചെലമേശ്വർ. സുപ്രീംകോടതിയിലെ തർക്കം കോടതി നടപടികളെ ബാധിക്കില്ല. ഇക്കാര്യം ബാർകൗൺസിൽ പ്രതിനിധികളെ അറിയിച്ച് ജസ്റ്റിസ് ചെലമേശ്വർ.

2. സമവായത്തിന് തയ്യാറായത്, പ്രതിസന്ധി പരിഹരിക്കാൻ ബാർ കൗൺസിൽ പ്രതിനിധികൾ നടത്തിയ ചർച്ചയിൽ. ചെലമേശ്വർ അയഞ്ഞതോടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ഇന്നു നടത്തുന്ന കൂടിക്കാഴ്ചയിൽ പ്രശ്‌നപരിഹാരം കാണാനാകും എന്ന് ബാർ കൗൺസിൽ പ്രതിനിധികൾ. പൊതുതാൽപര്യ ഹർജികൾ ചീഫ് ജസ്റ്റിസോ തൊട്ടുതാഴെയുള്ള മുതിർന്ന നാല് അംഗങ്ങൾ അദ്ധ്യക്ഷരായ ബെഞ്ചോ പരിഗണിക്കണം എന്നും അസോസിയേഷൻ.

3. അതേസമയം, വിഷയത്തിൽ എന്ത് നിലപാട് എടുക്കണം എന്ന കാര്യത്തിൽ കേന്ദ്രസർക്കാരിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ചീഫ് ജസ്റ്റിസ് നിലപാട് പരസ്യമാക്കാത്ത സാഹചര്യത്തിൽ പ്രശ്‌നത്തിൽ ഇടപെടാതിരിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. ജുഡീഷ്യറിയിലെ പ്രശ്‌നം ജുഡീഷ്യറിക്ക് ഉള്ളിൽ തന്നെ പരിഹരിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്.

4. ആറു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യയിലെത്തി. ഡൽഹി വിമാനത്താവളത്തിൽ നേരിട്ട് എത്തിയ രേന്ദ്രമോദി, ഇസ്രായേൽ പ്രധാനമന്ത്രിയെ സ്വീകരിച്ചത് പ്രോട്ടോക്കോൾ മറികടന്ന്. നെതന്യാഹുവിന്റെ സന്ദർശനം ശ്രദ്ധയാകുന്നത്, ജറുസലേമിനെ ഇസ്രായേൽ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കൻ തീരുമാനത്തിന് എതിരെ യു.എൻ പ്രമേയത്തിൽ ഇന്ത്യ വോട്ട് ചെയ്തതിന് ശേഷമുള്ള സാഹചര്യം.

5. സന്ദർശനം, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 25ാം വാർഷികത്തോട് അനുബന്ധിച്ച്. 2003ൽ ഏരിയൽ ഷാരോൺ വന്നതിനു ശേഷം ഒരു ഇസ്രായേൽ പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നത് ആദ്യം. ഇന്ന് വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജുമായി കൂടിക്കാഴ്ച നടത്തുന്ന നെതന്യാഹു നാളെ പ്രധാനമന്ത്രി രേന്ദ്രമോദിയുമായി ചർച്ച നടത്തും.

6. കൃഷി, സാങ്കേതിക വിദ്യ, ശാസത്രം, ബഹിരാകാശം, ജലം, സംരംഭകത്വം, വിവര സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണത്തെക്കുറിച്ച് നെതന്യാഹുവും മോദിയും ചർച്ച നടത്തുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. 130 അംഗ സംഘത്തിനൊപ്പം ഇന്ത്യയിൽ എത്തുന്ന നെതന്യാഹു മടങ്ങുന്നത് മുംബയും ഗുജറാത്തും താജ്മഹലും സന്ദർശിച്ച ശേഷം.

7. തിരുവനന്തപുരം സ്വദേശി ശ്രിജീവിന്റെ കസ്റ്റഡി മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ ശ്രീജിത്തിന്റെ സമരത്തിന് പിന്തുണയുമായി സോഷ്യൽ മീഡിയ കൂട്ടായ്മ. 765 ദിവസം പിന്നിട്ട സമരത്തിന് പിന്തുണയുമായി തലസ്ഥാനത്ത് സോഷ്യൽ മീഡിയ പ്രവർത്തകർ നടത്തിയ മില്ല്യൺ മാസ്‌ക്ക് മാർച്ചിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന് അകത്തും പുറത്തും നിന്ന് നൂറു കണക്കിന് ആളുകൾ. സമരത്തിന് പിന്തുണ ഏറിയത്, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങൾ കാമ്പയിൻ തുടങ്ങിയതോടെ.

8. ശ്രീജിത്തിന്റെ സമരത്തിന് പിന്തുണയുമായി നടൻ ടൊവിനോ തോമസും, മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ വി.എം. സുധീരനും സമരപ്പന്തലിൽ. സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് കത്തെഴുതാൻ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത് ഇന്നലെ. ശീജിത്തിന്റെ സഹോദരൻ ശ്രീജിവിന്റെ മരണം 2014 മെയ് 21ന് പൊലീസ് കസ്റ്റഡിയിൽ. കസ്റ്റഡി മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാൻ പറ്റില്ലെന്ന് നേരത്തെ സി.ബി.ഐ നിലപാട് എടുത്തിരുന്നു.

9. പിന്തുണയ്ക്ക് നന്ദിയെന്നും സമരം സമാധാനപരം ആയിരിക്കണം എന്നും ശ്രീജിത്തിന്റെ പ്രതികരണം. സി.ബി.ഐ അന്വേഷണം ആരംഭിക്കുന്നത് വരെ സമരം തുടരും. ഫേസ് ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ നാളെ കോടതിയെ സമീപിക്കുമെന്നും ശ്രീജിത്ത്. ശ്രീജിത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വൈകിട്ട് ആറിന് ഡൽഹിയിൽ മലയാളി കൂട്ടായ്മ കേരളഹൗസിലേക്ക് മാർച്ച് നടത്തും.

10. തുടർ സമനിലകളിൽ നിന്ന് മോചനം നേടിയ കേരള ബ്ലാസ്‌റ്റേഴ്‌സ് ജയം തുടരാൻ ഇന്നിറങ്ങും. ബ്ലാസ്‌റ്റേഴിസിന്റെ എതിരാളികൾ ശക്തരായ മുംബയ് സിറ്റി എഫ്.സി. പത്താം റൗണ്ട് പോരാട്ടത്തിന് ഇരു ടീമുകളും ഇറങ്ങുന്നത് രാത്രി 8 മണിക്ക് മുംബയ് അരീനയിൽ. കേരളത്തിന് പ്രതീക്ഷ നൽകുന്നത് പരിശീലകൻ ഡേവിഡ് ജയിംസും കഴിഞ്ഞ മത്സരത്തിൽ ഹാട്രിക് നേടിയ ഇയാൻ ഹ്യൂമും. പരിക്കിൽ നിന്ന് മുക്തനായ മലയാളി താരം സി.കെ. വിനീത് ഇന്നത്തെ മത്സരത്തിൽ കളിച്ചേക്കും.

11. ഇന്നത്തെ മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സിന് വെല്ലുവിളിയാകുന്നത്, ശക്തമായ മുംബയ് പ്രതിരോധ നിര. നേരത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഫലം സമനിലയായിരുന്നു. പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തുള്ള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ജയം അനിവാര്യം. ഇന്നത്തെ മറ്റൊരു മത്സരത്തിൽ ഡൽഹി ഡൈനാമോസും ബംഗളൂരു എഫ്.സിയും ഏറ്റുമട്ടും. മത്സരം വൈകിട്ട് 5.30ന്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ