ഗ്രാറ്റുവിറ്റി 20 ലക്ഷമാക്കുന്ന ബിൽ ലോക്‌സഭ ബഡ്‌ജറ്റ് സമ്മേളനത്തിൽ പാസാക്കിയേക്കും
January 14, 2018, 5:27 pm
ന്യൂഡൽഹി: കേന്ദ്ര ജീവനക്കാർക്കുള്ള പരമാവധി ഗ്രാറ്റുവിറ്റി തുക 20 ലക്ഷം രൂപയാക്കാൻ വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബിൽ ബഡ്ജറ്റ് സമ്മേളനത്തിൽ പാസാക്കിയേക്കും. പൊതു, സ്വകാര്യ, സ്വയംഭരണ മേഖലകളിലെ ലക്ഷക്കണക്കിന് ജീവനക്കാർക്കു പ്രയോജനം ചെയ്യുന്നതാണിത്. നിലവിൽ 10 ലക്ഷമാണ് ഗ്രാറ്റുവിറ്റി തുക.

പേയ്മെന്റ് ഗ്രാറ്റുവിറ്റി (ഭേദഗതി)​ ബിൽ 2017 ഡിസംബർ 18ന് തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാംഗ്‌വാർ ബിൽ അവതരിപ്പിച്ചിരുന്നു. സംഘടിത മേഖലയിലെ തൊഴിലാളികൾക്ക് നികുതിയില്ലാതെ 20 ലക്ഷം രൂപ ഗ്രാറ്റുവിറ്റിയായി നൽകാനാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. മാതൃത്വ അവധി 12 ആഴ്ചയിൽനിന്ന് ഉയർത്താനും ബില്ലിൽ വ്യവസ്ഥയുണ്ട്. 26 ആഴ്ച വരെ അവധി നൽകുകയെന്ന നിർദേശമാണ് ഇപ്പോൾ പരിഗണനയിലുള്ളത്.

1972ലാണ് നിയമം ആദ്യമായി കൊണ്ടുവന്നത്. ഫാക്ടറികൾ,​ ഖനികൾ,​ എണ്ണ മേഖലകൾ,​ പ്ളാന്റേഷൻസ്,​ തുറമുഖങ്ങൾ,​ റെയിൽവേ കന്പനികൾ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഗ്രാറ്റുവിറ്റി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവന്നത്. പത്തോ അതിൽ കൂടൂതലോ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ തുടർച്ചയായി അഞ്ചു വർഷം പൂർത്തിയാക്കിയവർക്കാണ് ഈ നിയമത്തിന്റെ ആനുകൂല്യം ലഭിക്കുക. 2010ലാണ് ഗ്രാറ്റുവിറ്റി 10 ലക്ഷം രൂപയായി നിജപ്പെടുത്തിയത്. ഏഴാം ശന്പള കമ്മിഷൻ ശുപാർശകൾ നടപ്പാക്കിയതോടെ ഗ്രാറ്റുവിറ്റി തുക 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷം രൂപയാക്കാൻ തീരുമാനിച്ചത്.

അതേസമയം, പരമാവധി തുകയിൽ ഭേദഗതി വരുത്തുകയെന്ന നിർദേശമാണ് ബില്ലിലുള്ളതെന്നും ഇത്, 20 ലക്ഷമായി വർദ്ധപ്പിക്കുക എന്നാക്കി തിരുത്തണമെന്നും ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഭേദഗതിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. മാറ്റംവരുത്താൻ അധികാരം നൽകിയാൽ തുക കുറയ്ക്കാൻ സർക്കാരിന് പഴുത് കിട്ടുമെന്നു പ്രേമചന്ദ്രൻ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ