ശ്രീജിവിന്റേത് കസ്റ്റഡി മരണം, പൊലീസ് കള്ളത്തെളിവുണ്ടാക്കി: ജ. നാരായണക്കുറുപ്പ്
January 14, 2018, 6:55 pm
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്യുന്ന ശ്രീജിത്തിന്റെ സഹോദരൻ ശ്രീജിവിന്റേത് കസ്റ്റഡി മരണം തന്നെയാണെന്ന് പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ വെളിപ്പെടുത്തൽ. കസ്റ്റഡി മരണം മറച്ചുവയ്‌ക്കാൻ പൊലീസ് കള്ളത്തെളിവുണ്ടാക്കി ഇത് സംബന്ധിച്ച് നടപടിയെടുക്കുന്നതിനുള്ള ശുപാർശ പൊലീസ് മേധാവി അവഗണിച്ചു. ശ്രീജിവിന്റെ മരണം ആത്മഹത്യയാണെന്നതിനുള്ള യാതൊരുവിധ തെളിവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്നു പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നതായും നാരായണക്കുറുപ്പ് വ്യക്തമാക്കി.

ശ്രീ‌ജിത്തിന്റ സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടതിനെ പിന്നാലെയാണ് നാരായണക്കുറുപ്പ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. രണ്ട് വർഷം പിന്നിടുന്ന ശ്രീജിത്തിന്റെ സമരം ഫേസ്ബുക്കിലും വാട്സ്ആപ്പിലും ചർച്ചയായതോടെ നിരവധി കൂട്ടായ്മകൾ സമരപന്തലിൽ എത്തിയിരുന്നു. കേസ് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ടൊവിനോ തോമസ് സമരപ്പന്തലിൽ എത്തിയിരുന്നു.

ശ്രീജീവിന്റെ ഘാതകരെ കണ്ടെത്താൻ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ 764 ദിവസമായി സമരം ചെയ്യുന്ന സഹോദരൻ ശ്രീജിത്തിനോട് അനുഭാവ പൂർണമായ നിലപാടാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ അറിയിച്ചിരുന്നു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നലെ ശ്രീജിത്തിനെ സന്ദർശിച്ചിരുന്നു. ആവശ്യമായ നിയമസഹായവും അഭിഭാഷകനെയും നൽകാമെന്നും ചെന്നിത്തല ഉറപ്പ് നൽകി. പിന്നാലെ യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രകാശ് ബാബു ശ്രീജിത്തിനൊപ്പം ഉപവാസം ആരംഭിച്ചു. ഉച്ചയോടെ ശ്രീജിത്തിനെ സന്ദർശിച്ച ഡി.വൈ.എഫ്.ഐ നേതാക്കളായ എ.എ.റഹീം, ഐ.സാജു, ഐ.പി.ബിനു എന്നിവരും ഹൈക്കോടതിയിൽ കേസ് നടത്തുന്നതിനാവശ്യമായ നിയമസഹായം നൽകാമെന്ന് അറിയിച്ചു.

രണ്ട് ദിവസത്തിനിടെയാണ് ശ്രീജിത്തിന്റെ സമരത്തെ നവമാദ്ധ്യമങ്ങൾ ഏറ്റെടുത്തത്. 'നീതി വൈകുന്നതും നീതി നിഷേധമാണെന്ന 'ഹാഷ് ടാഗിലൂടെയാണ് ശ്രീജിത്തിന്റെ സമരത്തിന് ഇവർ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ സെക്രട്ടേറിയറ്റിന് മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങൾ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ