ജസ്‌റ്റിസ് ലോയയുടെ മരണം രാഷ്ട്രീയവത്കരിച്ചു, ദുരൂഹതയില്ലെന്നും മകൻ
January 14, 2018, 7:31 pm
ന്യൂഡൽഹി: ഗുജറാത്തിലെ സൊഹ്‌റാബുദ്ദീൻ ഷെയ്‌ഖ് വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ച ജഡ്‌ജി ബി.എച്.ലോയയുടെ മരണവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് സംശയമൊന്നുമില്ലെന്ന് അദ്ദേഹത്തിന്റെ മകൻ പറഞ്ഞു. സംഭവത്തെ ചിലർ രാഷ്ട്രീയവത്കരിക്കുകയായിരുന്നു. ഇത്തരം കാര്യങ്ങൾ വേദന ഉണ്ടാക്കുന്നതാണെന്നും മകൻ അനുജ് ലോയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പിതാവിന്റെ മരണത്തിന്റെ പേരിൽ കുടുംബാംഗങ്ങളെ ദ്രോഹിക്കാൻ ചിലർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കുടുംബാംഗങ്ങളെ പരിഭ്രാന്തരാക്കാനും ചിലർ ശ്രമിക്കുന്നു. കുടുംബാംഗങ്ങളെ അവഹേളിക്കരുതെന്ന് മാത്രമാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിതാവിന്റെ മരണസമയത്ത് ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകരിൽ പൂർണവിശ്വാസമുണ്ടെന്നും ഹൃദയാഘാതമാണു മരണകാരണമെന്ന മെഡിക്കൽ റിപ്പോർട്ട് അംഗീകരിക്കുന്നതായും അനൂജ് നേരത്തെ കോടതിയിൽ കത്ത് നൽകിയിരുന്നു.

സഹപ്രവർത്തകന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയ ലോയ 2014 ഡിസംബർ ഒന്നിന് നാഗ്പുരിൽ വച്ചാണ് ദുരൂഹമായി മരിച്ചത്. ഹൃദ്‌രോഗത്തെ തുടർന്നാണ് ലോയ മരിച്ചതെന്ന് അന്നു രാവിലെ, ആർ.എസ്.എസ് പ്രവർത്തകനായ ഈശ്വർ ബഹേതിയാണ് ലോയയുടെ അച്ഛൻ ഹർകിഷനെ അറിയിച്ചത്. വിവാഹത്തിന് പോകാൻ താത്പര്യമില്ലാതിരുന്നിട്ടും, സഹപ്രവർത്തകരായ രണ്ട് ജഡ്ജിമാർ നിർബസന്ധിച്ചാണ് ലോയയെ നാഗ്പുരിലേക്ക് കൊണ്ടുപോയത്. എന്നാൽ മരണവിവരം ഭാര്യയേയോ ബന്ധുക്കളേയോ അറിയിക്കാതെ തിടുക്കം കൂട്ടി പോസ്റ്റ്‌മോർട്ടം നടത്തിയതിൽ ദുരൂഹതയുണ്ടെന്ന് ലോയയുടെ സഹോദരിയും പിതാവും വാദിച്ചിരുന്നു. വിഷയം സുപ്രീം കോടതിയിലെ ജഡ്‌ജിമാർക്കിടയിൽ വരെ തർക്കമായി വളർന്നതോടെയാണ് ഇക്കാര്യത്തിൽ വീണ്ടും മകൻ വിശദീകരണവുമായി രംഗത്തെത്തിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ