കണക്കിന് ഉത്തരം പറഞ്ഞില്ല: ആദ്ധ്യാപിക മുഖത്തടിച്ച കുട്ടിയുടെ കേൾവി നഷ്‌ടപ്പെട്ടു
January 14, 2018, 7:41 pm
ന്യൂഡൽഹി: കണക്ക് അദ്ധ്യാപിക മുഖത്തടിച്ചതിനെ തുടർന്ന് മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ കേൾവി ശക്തി നഷ്ടമായി. ചോദ്യത്തിന് ഉത്തരം നൽകാത്തതിനെ തുടർന്നാണ് അദ്ധ്യാപിക മർദ്ദിച്ചത്. വിദ്യാർത്ഥിയുടെ വലത് ചെവിയുടെ കേൾവി ശക്തിയാണ് മർദ്ദനത്തിൽ നഷ്ടമായത്. ഡൽഹി ഭായ് പരമാനന്ദ് വിദ്യാ മന്ദിറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

അദ്ധ്യാപികയുടെ മർദ്ദനത്തെ തുടർന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ വർഷവും കുട്ടിയ്‌ക്ക് അദ്ധ്യാപികയുടെ അടുത്ത് നിന്ന് ഇത്തരത്തിൽ മർദ്ദനമേറ്റതായി രക്ഷിതാക്കൾ പറഞ്ഞു. അന്ന് കുട്ടിയുടെ ചുമലിന് കാര്യമായി പരിക്കേറ്റിരുന്നു. തുടർന്ന് കേസുമായി പൊലീസിനെ സമീപിച്ചതിന്റെ മുൻ വൈരാഗ്യമാണ് കുട്ടിയെ വീണ്ടും മർദ്ദിക്കാൻ കാരണമെന്ന് രക്ഷിതാക്കൾ ആരോപിച്ചു.

അതേസമയം കുട്ടിയുടെ കേൾവി ശക്തി തിരിച്ച് കിട്ടാൻ ബുദ്ധിമുട്ടാണെന്ന് ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ അദ്ധ്യാപികയെ പിരിച്ചുവിടാൻ രക്ഷിതാക്കളും നാട്ടുകാരും സ്കൂളിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് അദ്ധ്യാപികയ്ക്കെതിരെ നടപടി സ്വീകരിച്ചതായി സ്‌കൂൾ പ്രിൻസിപ്പാൽ അജയ് പാൽ സിംഗ് അറിയിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ