ആരുമില്ലാത്തവർക്ക് തണലായ തെരുവോരം മുരുകന് തുണയേകാൻ ആരുമില്ല
February 7, 2018, 8:50 am
എൻ.പി. മുരളീകൃഷ്ണൻ
തിരുവനന്തപുരം: ആരുമില്ലാത്തവർക്ക് കൈത്താങ്ങായിരുന്ന തെരുവോരം മുരുകൻ വീണുപോയപ്പോൾ തുണയേകാൻ ആരുമില്ലാതായി. മാനസിക വിഭ്രാന്തിയുള്ള ഒരു യുവാവിന് അഭയംനൽകാൻ ശ്രമിക്കുന്നതിനിടെയുണ്ടായ ആക്രമണത്തിൽ കാലിനേറ്റ ഗുരുതരപരിക്കാണ് മുരുകനെ വീഴ്ത്തിയത്. എറണാകുളം ഗാന്ധിനഗറിലെ വീട്ടിൽ ചികിത്സയ്ക്ക് പണമില്ലാതെ കഷ്ടതയനുഭവിക്കുന്ന മുരുകന്റെ രക്ഷയ്ക്കായി ആരുമെത്തുന്നില്ല.

ലക്കുകെട്ട യുവാവ് എറണാകുളം സൗത്ത് റെയിൽവേ പാലത്തിനടുത്തുവച്ചാണ് ഇരുമ്പുകമ്പികൊണ്ട് മുട്ടിന് അടിച്ചത്. മുട്ട് തകർന്ന മുരുകൻ കോഴിക്കോട്ടെ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കുശേഷം കിടപ്പിലായി. പരസഹായമില്ലാതെ പ്രാഥമികകാര്യങ്ങൾക്കുപോലുമാകില്ല. കടംവാങ്ങിയാണ് ശസ്ത്രക്രിയ നടത്തിയത്. ഇനിയും മൂന്നുമാസത്തോളം വിശ്രമം വേണം. ഇതുപോലെ രക്ഷാപ്രവർത്തനത്തിനിടെ ഒമ്പതുതവണ ആക്രമണത്തിനിരയായിട്ടുണ്ട്. രാഷ്ട്രപതിയുടെ 'സാമൂഹികസേവന' പുരസ്‌കാരമടക്കം ലഭിച്ചിട്ടുണ്ട് മുരുകന്. ഭാര്യ ഇന്ദുവും മൂന്നുവയസുള്ള മകൻ ഹരിശങ്കറും ബന്ധുക്കളുടെ സഹായത്തിലാണ് ഇപ്പോൾ കഴിയുന്നത്.

മുരുകൻ വന്ന വഴി
എറണാകുളം നഗരത്തിൽ പഴയ സാധനങ്ങൾ പെറുക്കിവിറ്റ് ജീവിച്ച ബാല്യമാണ് മുരുകന്റേത്. ആട്ടോറിക്ഷ ഓടിച്ചുതുടങ്ങിയപ്പോഴാണ് തെരുവിൽ അലയുന്ന കുഞ്ഞുങ്ങളെ രക്ഷിച്ചുതുടങ്ങിയത്. അനീതികൾക്കെതിരെ പ്രതികരിക്കാൻ കാമറയും ആയുധമാക്കി. ആയിരക്കണക്കിന്‌ തെരുവുമക്കളെ മുരുകൻ രക്ഷിച്ചിട്ടുണ്ട്. മുരുകന്റെ സേവനങ്ങളെ മാനിച്ച്‌ സംസ്ഥാന സർക്കാർ 'തെരുവുവെളിച്ചം' എന്ന പേരിൽ കാക്കനാട്ട് തെരുവുമക്കൾക്കുള്ള പുനരധിവാസകേന്ദ്രം നടത്തുന്നതിനുള്ള അനുവാദവും സ്ഥലവും കെട്ടിടവും നൽകി. തെരുവുവെളിച്ചത്തിൽ ഇപ്പോൾ 39 അന്തേവാസികളുണ്ട്.

'തെരുവിലെ മനുഷ്യരെ രക്ഷിക്കാൻ പോകുന്നതിനിടയിൽ എനിക്കോ കുടുംബത്തിനോ ഒന്നും കരുതിവയ്ക്കാനായില്ല. എങ്കിലും എത്രയും പെട്ടെന്ന് തെരുവോര പ്രവർത്തനങ്ങളിലേക്ക് തിരിച്ചെത്തണമെന്നാണ് ആഗ്രഹം'
- മുരുകൻ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ