വിദേശത്തേക്ക് കടന്ന പൊതുമരാമത്ത് എൻജിനിയർമാർക്ക് 'എട്ടിന്റെ പണി'
February 7, 2018, 9:35 am
ഒ.സി.മോഹൻരാജ്
കണ്ണൂർ: ദീർഘകാല അവധിയിൽ വിദേശത്തേക്ക് കടന്ന പൊതുമരാമത്ത് വകുപ്പ് എൻജിനിയർമാർക്കും ഉദ്യോഗസ്ഥർക്കും സർക്കാരിന്റെ വക 'എട്ടിന്റെ പണി' വരുന്നു. നിർമ്മാണപ്രവൃത്തികൾ മിക്കതും പാതിവഴിയിൽ കുടുങ്ങിയിരിക്കെ 'അനധികൃത' അവധിക്കാരെ അടിയന്തരമായി തിരികെ വിളിക്കാൻ ഉത്തരവ് ഇറങ്ങി. വൈകാതെ ഇവർക്ക് മുന്നറിയിപ്പ് നോട്ടീസ് ലഭിക്കും. അവധി ന്യായമല്ലെന്ന് ബോദ്ധ്യപ്പെട്ടാൽ ഉടൻ സർവീസിൽ പ്രവേശിക്കേണ്ടി വരും. അതല്ലെങ്കിൽ തുടർനടപടിയുണ്ടാവും.

അവധിയിൽ കഴിയുന്ന മുഴുവൻ ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ പൊതുമരാമത്ത് വകുപ്പ് ഭരണവിഭാഗം നേരത്തേ ശേഖരിച്ചിരുന്നു. പലരും ഒരു കാരണവുമില്ലാതെ മുങ്ങിയതാണെന്നാണ് വിലയിരുത്തൽ. ആവശ്യത്തിനു ആളില്ലെന്നത് നിർമ്മാണപ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാനാവാതെ നീളാനിടയാക്കുകയാണ്.

165 പാലങ്ങൾ ഭീഷണിയിൽ
ദേശീയപാതയിലേതടക്കം 165 പാലങ്ങൾ അപകടഭീഷണിയിലാണെന്നു നേരത്തേ പരിശോധനയിൽ കണ്ടെത്തിയിരുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ ഇവ പൊളിച്ചുപണിയേണ്ടതാണെന്നു വിദഗ്ദ്ധസംഘം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മന്ത്രി ജി. സുധാകരന്റെ നിർദ്ദേശപ്രകാരം ജില്ലകളിലെ എക്സിക്യൂട്ടിവ് എൻജിനിയർമാരും നിർമ്മാണച്ചുമതലയുള്ള എൻജിനിയർമാരും നടത്തിയ പരിശോധനയ്ക്കു പിറകെയാണ് പാലങ്ങളുടെ ശോചനീയാവസ്ഥയെക്കുറിച്ച് വിശദമായ റിപ്പോർട്ട് ചീഫ് എൻജിനിയർക്ക് കൈമാറിയത്.
സംസ്ഥാനത്ത് 2,249 പാലങ്ങൾ പരിശോധിച്ചതിൽ 603 പാലങ്ങൾ മാത്രമാണ് തീർത്തും സുരക്ഷിതയാത്രയ്ക്ക് പറ്റിയതെന്നു റിപ്പോർട്ടിലുണ്ട്. മറ്റു പാലങ്ങളെല്ലാം പുതുക്കിപ്പണിയുകയോ പൊളിച്ചുപണിയുകയോ വേണം. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച പാലങ്ങൾ സുരക്ഷിതമായി നിൽക്കുമ്പോഴും അടുത്തകാലത്ത് നിർമ്മിച്ച പാലങ്ങൾ പലതും ആയുസ് ഒടുങ്ങാറായ അവസ്ഥയിലാണ്.

വിജിലൻസിനെ പേടിച്ചും മുങ്ങി
പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനം അഴിമതിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഏർപ്പെടുത്തിയ വിജിലൻസ് സംവിധാനത്തെ ഭയന്ന് അവധിയിൽ പ്രവേശിച്ചവരും കുറച്ചൊന്നുമല്ല. കൈക്കൂലിക്കാരെ കണ്ടെത്താൻ ഓരോ ജില്ലയിലും നിരീക്ഷകരെ നിയോഗിച്ചിരുന്നു. വലിയൊരു ശതമാനം ഉദ്യോഗസ്ഥർ അഴിമതിക്കാരാണെന്നാണ് രഹസ്യാന്വേഷണത്തിൽ കണ്ടെത്തിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ