എസ്.ബി.ഐയെ വലച്ച് കിട്ടാക്കടത്തിന്റെ കുതിപ്പ്
February 11, 2018, 1:28 am
കൊച്ചി: രാജ്യത്തെ ഏറ്രവും വലിയ ബാങ്കായ എസ്.ബി.ഐയെ നടപ്പു സാമ്പത്തിക വർഷത്തിന്റെ മൂന്നാംപാദത്തിൽ നഷ്‌ടത്തിലേക്ക് വീഴ്‌ത്തിയത് കിട്ടാക്കടത്തിലുണ്ടായ വൻ വർദ്ധന. മുൻവർഷത്തെ സമാനപാദത്തിലെ 7.23 ശതമാനത്തിൽ നിന്ന് 10.35 ശതമാനത്തിലേക്കാണ് ഇക്കഴിഞ്ഞ ഒക്‌ടോബർ - ഡിസംബർ പാദത്തിൽ മൊത്തം നിഷ്‌ക്രിയ ആസ്‌തി കുതിച്ചത്. കിട്ടാക്കട പ്രതിസന്ധി കുറയ്‌ക്കാനുള്ള നീക്കിയിരിപ്പായി (പ്രോവിഷനിംഗ്) 3,400 കോടി രൂപ നീക്കിവയ്‌ക്കേണ്ടി വന്നതും കടപ്പത്രങ്ങളുടെ പലിശ കൂടിയതുവഴി അതിൽ നിന്നുള്ള വരുമാനം കുറഞ്ഞതും തിരിച്ചടിയായി.

ഡിസംബർ പാദത്തിൽ 2,416 കോടി രൂപയുടെ നഷ്‌ടമാണ് ബാങ്ക് രേഖപ്പെടുത്തിയത്. 1999 ജനുവരി - മാർച്ച് പാദത്തിന് ശേഷം ആദ്യമായാണ് ഒരു പാദത്തിൽ എസ്.ബി.ഐ നഷ്‌ടം രേഖപ്പെടുത്തുന്നത്. കഴിഞ്ഞ സെപ്‌തംബറിൽ 6.6 ശതമാനമായിരുന്ന 10 - വർഷ സർക്കാർ കടപ്പത്രങ്ങളുടെ പലിശ ഡിസംബറിൽ 7.33 ശതമാനത്തിലെത്തിയത് ബാങ്കിന് വരുമാന നഷ്‌ടമുണ്ടാക്കി.

തിരിച്ചടവ് മുടങ്ങിയ കോർപ്പറേറ്റ് വായ്‌പകൾ നിഷ്‌ക്രിയ ആസ്‌തിയായി വകയിരുത്തണമെന്ന് എസ്.ബി.ഐയോട് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. നിഷ്‌ക്രിയ ആസ്‌തിക്ക് (എൻ.പി.എ) പകരം സ്‌ട്രെസ്ഡ് ലോൺ വിഭാഗത്തിലായിരുന്നു എസ്.ബി.ഐ ഇവയെ ഉൾപ്പെടുത്തിയിരുന്നത്. ഇവ എൻ.പി.എ വിഭാഗത്തിലേക്ക് മാറ്റിയതാണ് പ്രൊവിഷനിംഗ് തുക കൂടാൻ കാരണമായത്.

നടപ്പുവർഷത്തെ ആദ്യ ഒമ്പത് മാസക്കാലയളവിൽ ബാങ്കിന്റെ ലാഭം 1,172 കോടി രൂപയാണ്. പ്രവർത്തനലാഭം 3.50 ശതമാനം വർദ്ധിച്ച് 43,628 കോടി രൂപയിലെത്തി. അറ്റപലിശ വരുമാനം 5.56 ശതമാനം ഉയർന്ന് 32,106 കോടി രൂപയായി. ജീവനക്കാർക്ക് വേണ്ടിയുള്ള ചെലവ് 4.53 ശതമാനം കുറഞ്ഞ് 23,925 കോടി രൂപയിലുമെത്തി. ആകെ നിക്ഷേപം 1.86 ശതമാനം വർദ്ധിച്ച് 26.51 ലക്ഷം കോടി രൂപയായി. 11.48 ലക്ഷം കോടി രൂപയാണ് കാസ നിക്ഷേപം. വർദ്ധന 1.18 ശതമാനം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ