'ആമി' കമലയെ തേടി ഇറങ്ങുമ്പോൾ
February 13, 2018, 12:50 am
രൂപശ്രീ ഐവി.
കമലയെ ആദ്യമായി കാണുന്ന ഒരാൾക്ക് നെറ്റിയിലെ ചോപ്പു പൊട്ടും കല്ലുവച്ച മൂക്കുത്തിയും കടുംനിറത്തിലുള്ള പട്ടുസാരിയുമായിരിക്കും അവർ. എന്നാൽ മാധവിക്കുട്ടിയിൽ നിന്ന് കമല സുരയ്യ വരെയുള്ള ജീവിതയാത്രയിൽ അവർക്കൊപ്പം ചേർന്ന വായനക്കാർക്ക് കമല അതിനും അപ്പുറമാണ്. എഴുത്തിന്റെയും സ്ത്രീത്വത്തിന്റെയും സങ്കീർണമായ സ്വത്വങ്ങൾ പേറിയുള്ള ആ ജീവിതമറിയാൻ മൂന്നുമണിക്കൂറോളം നീളുന്ന സിനിമയുടെ കാൻവാസും അപ്രാപ്യമാണെന്ന് കമലിന്റെ ആമി ഉറപ്പിക്കുന്നു. അതുകൊണ്ടാകും 'ആമി'യിൽ എവിടെയാണ് മാധവിക്കുട്ടിയും കമലയും ജീവിച്ചിരിക്കുന്നതെന്ന് പ്രേക്ഷകന് തിരയേണ്ടിവരുന്നതും.
നാലപ്പാട്ടു തൊടിയിലെ നീർമാതളവും യക്ഷിയും പാമ്പുകളും ചിത്രകൂടക്കല്ലും തണലുമെല്ലാം വായനക്കാരുടെ മനസിന്റെ ഉമ്മറത്ത് ഇന്നും പച്ചപിടിച്ചുതന്നെ നിൽപ്പുണ്ട്. ഇവയെ സിനിമയുടെ കാൻവാസിലേക്ക് പറിച്ചുനടുമ്പോൾ ബൗദ്ധികമായി വലിയൊരു ഗവേഷണം സംവിധായകൻ നടത്തേണ്ടിയിരുന്നു. എന്നാൽ പ്രിയപ്പെട്ട എഴുത്തുകാരിയുടെ ജീവിതം 'ആമി'യിൽ കാണുമ്പോൾ ആ സിനിമ പ്രേക്ഷകന്റെ ഉള്ളിലേക്ക് കയറാതെ അകന്നു നിൽക്കുന്നു.വായനക്കാരന്റെ ഹൃദയത്തിലേക്ക് അനായാസം പ്രവേശിച്ച കഥാകാരിയെ സിനിമയിൽ കാണാനേയില്ല.
ഏതൊരു മനുഷ്യനെയും പോലെ പ്രണയിക്കാനും പ്രണയിക്കപ്പെടാനും മാധവിക്കുട്ടിയും ആഗ്രഹിച്ചു. കമലയെന്ന പെൺകുട്ടി അനുഭവിച്ച അരക്ഷിതാവസ്ഥയുടെ നീണ്ട ഘോഷയാത്രയായിരുന്നു അവരെ നിത്യ പ്രണയിനിയാക്കിയത്. ആ ജീവിതത്തിൽ നിന്ന് പ്രണയത്തെയും കുറെ അപവാദങ്ങളേയും മാത്രം വേർതിരിച്ച് കഥപറയുമ്പോൾ അത് മാധവിക്കുട്ടിയുടെ ജീവിതമാകുന്നില്ല. കാലത്തോടും ചരിത്രത്തോടും കാട്ടുന്ന നീതികേടായി മാത്രമേ അത്തരമൊരു സിനിമാ നിരീക്ഷണത്തെ വിലയിരുത്താനാകൂ.
രണ്ടരമണിക്കൂറിലധികം പുന്നയൂർക്കുളത്തും കൽക്കട്ടയിലും മുംബയിലുമായി ആമിക്കുവേണ്ടിയുള്ള ശക്തമായ തെരച്ചിലാണ് സംവിധായകൻ കമൽ നടത്തുന്നതെങ്കിലും ഇതിലെവിടെയും മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയെ കണ്ടെത്താൻ കഴിയുന്നില്ല. മാധവിക്കുട്ടിയുടെ ജീവിതത്തിലെ ചില സംഭവങ്ങളെ ഒരു ഡോക്യു ഫിക്‌ഷനിലെന്നപോലെ പറഞ്ഞുകാട്ടുന്ന കാഴ്ചയായിരുന്നില്ല പ്രേക്ഷക പ്രതീക്ഷ.
ബാലാമണിയമ്മയുടെ മകളും നാലപ്പാട്ട് നാരായണ മേനോന്റെ അനന്തിരവളുമായ നാലപ്പാട്ടെ കമല എഴുത്തുകാരിയായതിൽ അദ്ഭുതമില്ല. എന്നാൽ പതിനഞ്ചാം വയസിൽ തന്നേക്കാൾ ഇരുപത് വയസ് കൂടുതലുള്ള മാധവദാസിന്റെ ജീവിതത്തിലേക്കുള്ള കാൽവയ്പ് അവരെ മുറിവേൽപ്പിച്ചു. പിന്നീടുള്ള അരക്ഷിതാവസ്ഥയും പ്രണയങ്ങളും രതിയും ശരീരവുമെല്ലാം കടലാസിലേക്ക് പകർത്തിയ കമലാദാസ് എന്ന സാഹിത്യകാരിക്ക് ചങ്കൂറ്റം ഏറെയാണ്.
ഭർത്താവ് മാധവദാസിൽ നിന്നേറ്റ മുറിവുകൾ, തുടച്ചയായ അസുഖങ്ങൾ ഉപേക്ഷിക്കപ്പെട്ട ശരീരമാക്കിയെന്ന ബോദ്ധ്യം, മദ്ധ്യവയസിൽ തന്റെ സ്ത്രീത്വത്തെ തേടിവന്ന പ്രണയങ്ങൾ ഇവയെല്ലാം അല്പം പോലും വെള്ളം കലർത്താതെ വായനക്കാർക്ക് അവർ എഴുതി തന്നു. ഈ കമലയെ സദാചാരത്തിന്റെ ചുവരുകൾക്കകത്ത്, ഉത്തമയായ സഹധർമ്മിണിയായി, അമ്മയായി മാത്രം ചുരുക്കിയിടാനാണ് 'ആമി'യെന്ന ചിത്രം ശ്രമിക്കുന്നത്. കമല ഉള്ളിൽക്കൊണ്ടു നടന്ന കൃഷ്ണനെ കേവലം ബാലിശമായ രാധാ- കൃഷ്ണ പ്രണയ സങ്കല്പമായി ചുരുക്കുകയാണ്.
പ്രണയത്തെ പോലെ ശരീരത്തെയും രതിയെയും തുറന്നെഴുതിയ കമലയുടെ ജീവിതത്തിൽ പ്രണയം മാത്രം ചികയുന്നത് എങ്ങനെ നീതിയാകും? എന്നാൽ മതനിരപേക്ഷതയോടെ മാധവിക്കുട്ടിയുടെ മതം മാറ്റത്തെ സമീപിക്കാൻ കമൽ ഏറ്റം ശ്രദ്ധിച്ചിട്ടുമുണ്ട്.എന്നാൽ മലയാള സാഹിത്യത്തിനും സിനിമയ്ക്കും വലിയ സംഭാവനകൾ നൽകിയ എസ്.കെ.നായരെ അപഹസിക്കാൻ കമൽ മുതിർന്നതെന്തിനാണെന്ന് മനസിലാകുന്നില്ല.
ജെ.സി.ഡാനിയേലിനെ അഭ്റപാളിയിലേക്ക് ആവിഷ്ക്കരിക്കുന്നതിൽ വിജയിച്ച കമൽ മാധവിക്കുട്ടിയെന്ന വിശ്വ എഴുത്തുകാരിയുടെ ആത്മാവ് കണ്ടെത്താനാകാതെ ഉഴലുകയാണ്.വലിയ പരിശ്രമം കമൽ അതിനായി നടത്തിയെങ്കിലും കൊക്കിലൊതുങ്ങാത്ത പാഴ്ശ്രമമായി അതവസാനിക്കുന്നു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ