എസ്.ഐ.പി നേരത്തേയാക്കാം;മികച്ച ലാഭവും നേടാം
February 12, 2018, 1:00 am
ചോദ്യം: എന്താണ് പവർ ഒഫ് കോമ്പൗണ്ടിംഗ്? ഇത് എങ്ങനെയാണ് നിക്ഷേപത്തെയും റിട്ടേണിനെയും ബാധിക്കുന്നത്?
സുജിത് കൃഷ്‌ണൻ, കൊച്ചി
ഉത്തരം: ലളിതമായി പറഞ്ഞാൽ കൂട്ടുപലിശയുടെ അടിസ്ഥാനത്തിൽ സമ്പത്ത് വ‌ർദ്ധിപ്പിക്കുന്നതിനെയാണ് 'പവർ ഒഫ് കോമ്പൗണ്ടിംഗ്' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിശദമാക്കാം. 100 രൂപ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അതിന് 15 ശതമാനം വാർഷിക റിട്ടേൺ ലഭിക്കുന്നുണ്ടെന്നും കരുതുക. അങ്ങനെയെങ്കിൽ, 100 രൂപ ഒരുവർഷം കഴിയുമ്പോൾ 115 രൂപയാകും. അടുത്തവർഷം ഈ 115 രൂപയുടെ 15 ശതമാനമായിരിക്കും റിട്ടേൺ ആയി ലഭിക്കുന്നത്.
അതായത്, രണ്ട് വർഷത്തിന് ശേഷം 130 രൂപയ്‌ക്ക് പകരം 132.25 രൂപ ലഭിക്കും. ഇത്തരത്തിൽ ദീർഘകാലത്തിനുള്ളിൽ ചെറിയ തുകകൾ വലിയ സംഖ്യകളായി മാറുന്നതിനെയാണ് പവർ ഒഫ് കോമ്പൗണ്ടിംഗ് എന്ന് പറയുന്നത്. ഇത് എസ്.ഐ.പി വഴിയുള്ള നിക്ഷേപത്തിലെ റിട്ടേണിനെ ഏറെ സ്വാധീനിക്കുന്നുണ്ട്. വളരെ നേരത്തേ എസ്.ഐ.പി തുടങ്ങുന്നയാളുടെ റിട്ടേൺ വൈകി തുടങ്ങുന്നവർക്ക് ലഭിക്കുന്നതിനേക്കാൾ മികച്ചതായിരിക്കും. ഉദാഹരണത്തിന്, രമേഷ് 25 വർഷം മുമ്പ് പ്രതിമാസം 5,000 രൂപ നിക്ഷേപിച്ച് തുടങ്ങിയെന്നിരിക്കട്ടെ. അതേസമയം, സുരേഷ് 20 വർഷം മുമ്പാണ് പ്രതിമാസം 10,000 രൂപയുടെ നിക്ഷേപം ആരംഭിച്ചത്. പ്രതിവർഷം ഇവർക്ക് 15 ശതമാനം റിട്ടേൺ ലഭിച്ചുവെന്ന് കരുതുകയാണെങ്കിൽ ഇവരുടെ നിക്ഷേപമൂല്യം ഇപ്പോൾ ഒന്നരക്കോടി രൂപയായിട്ടുണ്ടാകും.
ഈ തുകയിലെത്താനായി രമേഷ് നിക്ഷേപിച്ചത് 15 ലക്ഷം രൂപയാണെങ്കിൽ സുരേഷ് നിക്ഷേപിച്ചത് 24 ലക്ഷം രൂപയാണ്. രമേഷ് എസ്.ഐ.പി വഴി പ്രതിമാസം നിക്ഷേപിച്ചതിന്റെ ഇരട്ടിയാണ് സുരേഷ് നിക്ഷേപിച്ചതെങ്കിലും അഞ്ചുവർഷം വൈകി തുടങ്ങിയതിനാൽ ഒമ്പത് ലക്ഷം രൂപ അധികം നിക്ഷേപിക്കേണ്ടി വന്നു.

ചോദ്യം: കേന്ദ്ര ബഡ്‌ജറ്രിൽ ദീർഘകാല മൂലധന നേട്ടത്തിന് വീണ്ടും നികുതി ഏർപ്പെടുത്തിയല്ലോ. 2018 ജനുവരി 31ന് മുമ്പുള്ള നിക്ഷേപത്തിന് വാങ്ങിയ തുകയോ ജനുവരി 31ന് രേഖപ്പെടുത്തിയ കൂടിയ തുകയോ ഏതാണോ കൂടുതൽ അതിന്മേലുള്ള നേട്ടത്തിനായിരിക്കണം നികുതി നൽകേണ്ടത് എന്ന് കണ്ടു, നഷ്‌ടം കണക്കാക്കുന്നതിനും ഈ രീതിയാണോ അനുവർത്തിക്കേണ്ടത്? ദീർഘകാല മൂലധന നഷ്‌ടം അടുത്ത സാമ്പത്തിക വർഷത്തിലും അവകാശപ്പെടാനാകുമോ?
വൈഷ്‌ണവ്, ആലുവ
ഉത്തരം: ദീർഘകാല മൂലധന നഷ്‌ടം കണക്കാക്കുന്നതിന് ജനുവരി 31ലെ വില ബാധകമല്ല. വാങ്ങിയ വിലയുടെ അടിസ്ഥാനത്തിലാണ് നഷ്‌ടം കണക്കാക്കുന്നത്. ദീർഘകാല മൂലധന നഷ്‌ടം എട്ട് വർഷം വരെ കാരി ഫോർവേഡ് ചെയ്യാം. അതായത്, ഈ വർഷം ഉണ്ടായ നഷ്‌ടം എട്ട് വർഷം വരെ നേട്ടത്തിൽ നിന്ന് തട്ടിക്കിഴിക്കാവുന്നതാണ്.

ചോദ്യം: അടുത്തകാലത്തായി ബോണ്ട് യീൽഡിനെ കുറിച്ച് ധാരാളം വാർത്തകൾ കേൾക്കുന്നു. എന്താണ് ഈ ബോണ്ട് യീൽഡ്? എങ്ങനെയാണ് അത് കൂടുകയും കുറയുകയും ചെയ്യുന്നത്?
മുരളി, തലശേരി
ഉത്തരം: നിശ്‌ചിത കാലയളവിനുള്ളിൽ മൂലധനവും പലിശയും തിരികെ നൽകുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നത്. ബോണ്ടിന്റെ ഇഷ്യൂ വില തന്നെയാണ് അതിന്റെ അടിസ്ഥാനവില. ബോണ്ടിന്റെ കാലാവധി തീരുമ്പോൾ ഈ വിലയും പലിശയും നിക്ഷേപകർക്ക് ലഭിക്കും.
ബോണ്ടിൽ നിക്ഷേപിക്കുന്നവർക്ക് നിക്ഷേപ കാലയളവ് കഴിയുന്നതുവരെ കൈവശം വയ്‌ക്കുകയാണെങ്കിൽ ലഭിക്കുന്ന വാർഷിക പലിശയ്ക്ക് കൂപ്പൺ റേറ്റ് എന്നാണ് പറയുന്നത്. ഭാവിയിൽ ബോണ്ടുകളുടെ വില എത്രയായാലും കൂപ്പൺ റേറ്രിന് അനുസരിച്ചുള്ള പലിശ നിക്ഷേപകർക്ക് ലഭിക്കും. ബോണ്ട് ഇഷ്യൂ ചെയ്യുമ്പോൾ വാങ്ങുന്ന നിക്ഷേപകർക്ക് അത് ദ്വിതീയ വിപണി വഴി കാലയളവ് കഴിയുന്നതിന് മുമ്പ് വില്‌ക്കാൻ അവസരമുണ്ട്. ഇങ്ങനെ വില്‌ക്കുന്ന ബോണ്ടുകൾ ദ്വീതിയ വിപണി വഴി മറ്റു നിക്ഷേപകർക്ക് വാങ്ങാം.
ദ്വിതീയ വിപണി വഴി വാങ്ങുന്ന ബോണ്ടുകളുടെ വില കൂടുതലാണെങ്കിലും ലഭിക്കുന്ന പലിശ കൂപ്പൺ റേറ്റ് പ്രകാരമുള്ളത് തന്നെയായിരിക്കും. ഉദാഹരണത്തിന്, 100 രൂപ അടിസ്ഥാന വിലയുള്ള ബോണ്ട് 10 ശതമാനം കൂപ്പൺ റേറ്റോടെ ഇഷ്യൂ ചെയ്‌തുവെന്നിരിക്കട്ടെ. ബോണ്ടിന് ദ്വിതീയ വിപണിയിൽ 102 രൂപ ആയപ്പോൾ വാങ്ങുന്നവർക്കും പത്ത് രൂപ മാത്രമേ പലിശ കിട്ടൂ. അപ്പോൾ ശതമാന കണക്കിൽ നോക്കിയാൽ 102 രൂപയ്ക്ക് ബോണ്ട് വാങ്ങിയയാൾക്ക് കിട്ടുന്ന റിട്ടേൺ അഥവാ യീൽഡ് കുറവായിരിക്കും. പലിശയെ വാങ്ങിയ വിലകൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്നതാണ് യീൽഡ്. അതായത്, (10/102)*100=9.8 ആണ് യീൽഡ്.
അതുപോലെ, വിപണിയിൽ ബോണ്ടിന്റെ വില താഴുകയാണെങ്കിൽ യീൽഡ് ഉയരും. ഉദാഹരണത്തിന്, 100 രൂപ അടിസ്ഥാന വിലയുള്ള ബോണ്ട് ദ്വിതീയ വിപണിയിൽ 98 രൂപയ്ക്ക് വാങ്ങിയെന്നിരിക്കട്ടെ. ഇവിടെ നിക്ഷേപകന് ലഭിക്കുന്ന യീൽഡ് (10/98)*100=10.2 ആണ്. ഓരോ രാജ്യത്തെയും കേന്ദ്രബാങ്കുകളുടെ ധനനയം ബോണ്ടുകളുടെ യീൽഡിനെ ബാധിക്കാറുണ്ട്. കേന്ദ്രബാങ്ക് പലിശനിരക്ക് ഉയർത്തിയാൽ ബോണ്ടുകളുടെ വില ഇടിയുകയും യീൽഡ് ഉയരുകയും ചെയ്യും. പലിശ താഴ്‌ത്തുകയാണെങ്കിൽ ബോണ്ടുകളുടെ വില കൂടും, യീൽഡ് കുറയും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ