രേണുക ചൗധരിയ്‌ക്ക് പിന്തുണയുമായി ശൂർപണഖ ക്ലബ്
February 12, 2018, 11:46 am
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സംസാരത്തിനിടെ ചിരിച്ചതിന്റെ പേരിൽ കോൺഗ്രസ് എം.പി രേണുക ചൗധരിയെ ശൂർപണഖയോട് ഉപമിച്ച ബി.ജെ.പി നേതാക്കൾ പാർലമെന്റിന് അകത്തും പുറത്തും ലിംഗ സമത്വത്തെക്കുറിച്ച് പുതിയ സംവാദത്തിന് തിരികൊളുത്തി. എന്നാൽ തനിക്ക് പിന്തുണയുമായി നിരവധി സ്ത്രീകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്നതെന്ന് രേണുക പ്രതികരിച്ചു. എൽ.എൽ.ആർ.സി അഥവാ ലാഫ് ലൈക്ക് രേണുക ചൗധരി (രേണുകാ ചൗധരിയെപ്പോലെ ചിരിക്കൂ) എന്നതാണ് ഇന്ത്യൻ യുവതികളുടെ പുതിയ ഹാഷ്‌ടാഗ്. പുരാണത്തിലെ സീതയും സാവിത്രിയും ആകാൻ പറ്റില്ലെന്ന് പറഞ്ഞ് ഇന്ത്യയിലെ സ്ത്രീകൾ ശൂർപണഖ ക്ലബ്ബുകൾ രൂപീകരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയയിൽ സ്ത്രീകൾ തനിക്ക് നൽകുന്ന പിന്തുണയിൽ സന്തോഷമുണ്ടെന്നും അവർ ഗോവയിൽ നടന്ന ഒരു ചടങ്ങിൽ പറഞ്ഞു. പാർലമെന്റിൽ ചിരിക്കരുതെന്ന് ഒരു നിയമ പുസ്‌തകത്തിലും പറയുന്നില്ല. ചിരിക്കുന്നതിന് നികുതി ഏർപ്പെടുത്താത്തിടത്തോളം കാലം താൻ ചിരി തുടരുമെന്നും അവർ പറഞ്ഞു.

രാജ്യസഭയിൽ കഴിഞ്ഞ ദിവസം നടന്ന ബഡ്‌ജറ്റ് ചർച്ചയ്‌ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുമ്പോൾ തന്റെ പതിവ് ശൈലിൽ രേണുകാ ചൗധരി ചിരിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. രേണുക ചിരിച്ചത് മാനസിക പ്രശ്‌നം മൂലമാണെന്ന ധ്വനി ഉയ‌ർത്തുന്ന വിധത്തിൽ ചെയർമാൻ വെങ്കയ്യ നായിഡു ആശുപത്രിയിൽ പോയ്‌ക്കൂടേ എന്ന് ചോദിച്ചു. എന്നാൽ രേണുകാ ജിയെ ഒന്നും പറയരുതെന്ന് മോദി പരിഹാസത്തോടെ നായിഡുവിനോട് അഭ്യർത്ഥിച്ചു. രേണുകാ ജീ തുടർന്നോട്ടെ എന്നും രാമായണം സീരിയലിനുശേഷം ഇത്തരം ചിരി കേൾക്കാൻ അവസരം ലഭിക്കുന്നത് ഇപ്പോഴാണെന്നും മോദി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ വാക്കുകൾ കേട്ട ബി.ജെ.പി അംഗങ്ങൾ ഡസ്‌കിലടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരുന്നു.

ഈ സംഭവത്തിന്റേതും രാമായണത്തിലെ ശൂർപ്പണകയുടെ മൂക്ക് ചെത്തുന്ന രംഗവും അടങ്ങിയ വീഡിയോ പിറ്റേ ദിവസം കേന്ദ്രമന്ത്രി കിരൺ റിജിജു തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടതോടെയാണ് പ്രശ്‌നങ്ങൾ രൂക്ഷമായത്. പിന്നീട് അദ്ദേഹം തന്റെ പേജിൽ നിന്നും ഈ പോസ്‌റ്റ് പിൻവലിച്ചെങ്കിലും ശൂർപണകയുടെ ഭാഗമില്ലാതെ മറ്റൊരു വീഡിയോയും ട്വിറ്ററിൽ കൂടി പുറത്തുവിട്ടു.

തുടർന്ന് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതിനെതിരെ രേണുക ചൗധരി രാജ്യസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയിരുന്നു. സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശമാണ് പ്രധാമന്ത്രിയുടെയും മന്ത്രിമാരുടെയും ഭാഗത്ത് നിന്ന് ഉണ്ടായത്. രണ്ട് മക്കളുടെ അമ്മയായ തനിക്കെതിരെ ഇത്തരത്തിലുള്ള പരാമർശം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അവർ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ