ഗോകുലേ, ഒടുവിൽ അമ്മ തന്നില്ലേ കണ്ണ്
February 12, 2018, 8:54 am
ബിജു .പി. വിജയൻ
കായംകുളം: അന്ന്, അമ്മ രമാദേവിയ്ക്ക് ഒരു കൈപ്പിഴ പറ്റി. അലക്ഷ്യമായി എറിഞ്ഞ കല്ല് ചെന്നുകൊണ്ടത് മൂത്തമകൻ ഗോകുൽ രാജിന്റെ ഇടതു കണ്ണിൽ. ഗോകുൽ പിന്നെ ഇടതുകണ്ണിൽ കാഴ്ചകൾ കണ്ടില്ല. രമാദേവിക്ക് അത് എന്നും അമ്മ നൊമ്പരമായി. മരണാനന്തരം രമാദേവി മകന് കാഴ്ച തിരികെ നൽകി മാതൃവാത്സല്യത്തിന്റെ ആഴം കാട്ടി. ആറാം വയസിൽ കാഴ്ച മറച്ച കണ്ണുമായി ഇരുപത്തിഏഴാം വയസിലും മകൻ ജീവിക്കുന്നതുകണ്ടാണ് രമാദേവി യാത്രയായത്. കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രമാദേവിയുടെ കണ്ണ് ഗോകുൽരാജിന് വച്ചുപിടിപ്പിച്ചു. അമ്മയുടെ കണ്ണ് ഇനി മകന്റെ കാഴ്ചയാകും. താമരക്കുളം കൊട്ടയ്ക്കാട്ടുശേരി കൃഷ്ണഗാഥയിൽ രാജൻ പിള്ളയുടെ ഭാര്യ രമാദേവി (50) ആണ് മൂത്ത മകൻ ഗോകുൽ രാജിന് (27) നഷ്ടപ്പെട്ട കാഴ്ചശക്തി തിരികെ നൽകിയത്. കഴിഞ്ഞ ഫെബ്രുവരി 6 ന് ഇളയ മകൻ കാട്ടാക്കട വിജ്ഞാൻ കോളേജ് ബി.സി.എ വിദ്യാർത്ഥി രാഹുൽ രാജിനൊപ്പം ബൈക്കിനു പിന്നിൽ സഞ്ചരിക്കുമ്പോഴാണ് ഹമ്പിൽ കയറവേ തെറിച്ചുവീണ് രമാദേവിക്ക് പരിക്കേറ്റത് . കായംകുളം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രമാദേവിയുടെ ഇടതുകണ്ണ് ഗോകുൽരാജിന് നൽകിയാൽ നഷ്ടപ്പെട്ട കാഴ്ച തിരികെ ലഭിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. ഒന്നര മണിക്കൂറിനുള്ളിൽ വണ്ടാനം മെഡിക്കൽ കോളേജിലെ നേത്ര വിഭാഗത്തിലെ ഡോ. ഗീതുവിന്റെ നേതൃത്വത്തിലുള്ള സംഘം കായംകുളത്തെത്തി രമാദേവിയുടെ നേത്രപടലങ്ങൾ നീക്കം ചെയ്തു . വിവരം ഗോകുലിനെ മാത്രം അറിയിച്ചില്ല. ജീവിച്ചിരുന്നപ്പോൾ സ്വന്തം കണ്ണ് ദാനം ചെയ്യാൻ ഒരുങ്ങിയ അമ്മയെ സ്നേഹത്തോടെ തടഞ്ഞത് ഗോകുലായിരുന്നു.

ഫ്ളാഷ് ബാക്ക്:
കുഞ്ഞ് ഗോകുൽ രാജിന് ആറ് വയസ്. പശുവളർത്തലിലൂടെയാണ് രമാദേവി കുടുംബം പുലർത്തിയത്. ഒരു ദിവസം പശുവിനെയും കൊണ്ടുവരുമ്പോൾ രമാദേവിയുടെ കൈയിൽ നിന്ന് കയർ വിട്ട് പശു കുതറിയോടി. ഈ സമയം വീട്ടുമുറ്റത്ത് ഗോകുൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. മകനെ ആക്രമിക്കുമെന്ന ഭീതിയിൽ രമാദേവി പശുവിനെ കല്ലുകൾ വാരിയെറിഞ്ഞു ഓടിക്കാൻ ശ്രമിച്ചു. എന്നാൽ ഇതിലൊരു കല്ല് പതിച്ചത്‌ ഗോകുലിന്റെ കണ്ണിൽ. കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. കാഴ്ച ലഭിക്കാൻ കണ്ണ് മാറ്റി വയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. രമാദേവി കണ്ണ് ദാനം ചെയ്താൻ ഒരുക്കമായെങ്കിലും ഗോകുൽ സമ്മതിച്ചില്ല .സർക്കാരിന്റെ അവയവദാന സെല്ലിൽ അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. രമാദേവിയുടെ സംസ്കാരം നടന്നതിനുശേഷമാണ് വിവരം സുഹൃത്തുക്കൾ ഗോകുലിനെ അറിയിച്ചത്. ഒടുവിൽ പൂർണ മനസോടെ ശസ്ത്രക്രയയ്ക്ക് തയ്യാറായി. അമ്മയടെ കണ്ണിൽ ലോകത്തിന്റെ പൂർണ കാഴ്ച കാണാനൊരുങ്ങുകയാണ് ഗോകുൽ. രമാദേവിയുടെ രണ്ടാമത്തെ നേത്രം അവയവദാനത്തിന് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവർക്ക് ലഭിക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ