മന്ത്രി എ.കെ.ബാലൻ ശ്രദ്ധിക്കുമോ
February 12, 2018, 10:17 am
സനൽകുമാർ ശശിധരൻ
ബഹുമാന്യനായ സിനിമാ സാംസ്‌കാരിക വകുപ്പു മന്ത്രി അറിയാൻ,

ഞാൻ ഒരു എളിയ സിനിമാ പ്രവർത്തകനാണ്. സിനിമാ സംഘടനകളിലോ രാഷ്ട്രീയ പാർട്ടികളിലോ അംഗത്വമില്ല. ശരിയെന്നു തോന്നുന്നതിന് കൈയടിക്കുകയും തെറ്റെന്ന് തോന്നുന്നതിനെ വിമർശിക്കുകയും ചെയ്യുന്ന ഒരു സാധാരണ പൗരൻ. കോടികൾ മുടക്കി താരങ്ങളെ നിരത്തിയുള്ള സിനിമകളല്ല ഞാൻ ചെയ്യുന്നത്. പത്തും പതിനഞ്ചും ഏറിയാൽ ഇരുപതും ലക്ഷം രൂപയാണ് എന്റെ സിനിമകളുടെ ബഡ്ജറ്റ്. പക്ഷെ രണ്ടുതവണ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്. എന്റെ അവസാന ചിത്രം റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള ടൈഗർ അവാർഡ് കരസ്ഥമാക്കിയ സാഹചര്യത്തിൽ അങ്ങ് സ്വന്തം ഫേസ്ബുക്ക് പേജിൽ എഴുതിയ കുറിപ്പ് (പോസ്റ്റിനൊപ്പം സ്‌ക്രീൻ ഷോട്ടായി നൽകിയിട്ടുണ്ട്.

എന്റെ ഇതുവരെയുള്ള എല്ലാ ചിത്രങ്ങളും എന്നപോലെ നിർമ്മാണത്തിലിരിക്കുന്ന പുതിയ ചിത്രം 'ഉന്മാദിയുടെ മരണവും' ഗടഎഉഇ യുടെ സബ്സിഡി പദ്ധതിയായ ചിത്രാജ്ഞലി പാക്കേജിൽ ഉൾപ്പെടുത്തിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അതിനായി രണ്ടുലക്ഷം രൂപ അഡ്വാൻസ് അടയ്ക്കുകയും കരാർ ഒപ്പിടുകയും ചെയ്തിട്ടുണ്ട്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഏതാണ്ട് അവസാനിക്കുന്ന സമയത്ത് ചിത്രാഞ്ജലിയിലെ കളർ കറക്ഷൻ സ്റ്റുഡിയോയിൽ നിന്നും എന്റെ സിനിമയ്ക്ക് അനാവശ്യമായ വെല്ലുവിളികൾ നേരിടാൻ തുടങ്ങി. സിനിമയുടെ ഒറിജിനൽ ഷോട്ടുകൾ മുഴുവൻ ഡിപിഎക്സ് എന്ന ഫോർമാറ്റിലേക്ക് മാറ്റിക്കൊടുത്താൽ മാത്രമേ കളർ കറക്ഷൻ ചെയ്യാൻ സാദ്ധ്യമാകൂ എന്ന് സ്റ്റുഡിയോയിലെ ബന്ധപ്പെട്ടവർ പറഞ്ഞു. തെറ്റായ കീഴ് വഴക്കവും വർക്ക് ഫ്‌ളോയുമാണത്. ഇത് ഞാൻ എതിർത്തതോടെ എന്റെ സിനിമയ്‌ക്കെതിരെ ശത്രുതാപരമായ നടപടികൾ ഉണ്ടാവുകയാണ്. കെ.എസ്.എഫ്.ഡി.സി ചെയർമാൻ!*! ശ്രീ ലെനിൻ രാജേന്ദ്രൻ സാറിനെ ഞാൻ സമീപിക്കുകയും കാര്യങ്ങൾ ബോദ്ധ്യമാക്കുകയും ചെയ്തു. അദ്ദേഹം ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ കളർ കറക്ഷൻ നടത്തിത്തരാമെന്ന് സമ്മതിക്കുകയും പ്രശ്നങ്ങൾ അവിടെ അവസാനിച്ചു എന്നു കരുതുകയും ചെയ്തതാണ്.

പക്ഷേ കെ.എസ്.എഫ്.ഡി.സി എംഡി എനിക്കയച്ച കത്ത് ദുരുദ്ദേശ്യപരമായിരുന്നു. ഒരു ഇഞ്ച് വലിപ്പമുള്ള സെൻസർ ഉള്ള കാമറയിലല്ല ഷൂട്ട് ചെയ്തത് എന്ന കാരണം കൊണ്ട് എന്റെ സിനിമ സബ്സിഡിക്ക് അർഹമല്ലെന്നും ചിത്രാഞ്ജലിയിൽ കളർ കറക്ട് ചെയ്യുകയാണെങ്കിൽ സിനിമക്ക് എന്ത് കുഴപ്പമുണ്ടായാലും ഞാൻ ഉത്തരവാദിത്തം ഏറ്റുകൊള്ളാമെന്ന് മുദ്രപ്പത്രത്തിൽ എഴുതി ഒപ്പിട്ടുകൊടുക്കണമെന്നുമായിരുന്നു. തുടർന്നും ഞാൻ ശ്രീ ലെനിൻ രാജേന്ദ്രൻ സാറിനെ കാണുകയും അദ്ദേഹം എം.ഡിയേയും സ്റ്റുഡിയോ മാനേജരെയും കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ വർക്ക് തടസമില്ലാതെ ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ ഞാൻ കളർ കറക്ഷനായി ഫയലുകൾ സബ്മിറ്റ് ചെയ്യുമ്പോൾ രണ്ടുകോടിക്ക് മേൽ വിലകൊടുത്ത് ചിത്രാഞ്ജലിയിൽ വാങ്ങിവെച്ചിട്ടുള്ള ബെയ്സ്!*! ലൈറ്റ് എന്ന കളറിംഗ് മെഷീനിൽ തെറ്റായി ഷോട്ടുകൾ അലൈൻ ചെയ്ത് വരുന്നതായിട്ടാണ് കണ്ടത്. എന്തുകാരണം കൊണ്ടാണ് അങ്ങനെ തെറ്റായി അലൈൻ ചെയ്യപ്പെടുന്നതെന്ന് എനിക്കിപ്പോഴും അറിയില്ല. ആയത് പരിശോധിക്കാൻ ഞാൻ പുറത്തൊരു സ്റ്റുഡിയോയിൽ അത്രയൊന്നും വിലയില്ലാത്ത ഡാവിഞ്ചി റിസോൾവ് എന്ന കളറിംഗ് സോഫ്ട്‌വെയറിൽ ഷോട്ടുകൾ അലൈൻ ചെയ്ത് നോക്കി. യാതൊരു പ്രശ്നവുമില്ലാതെ ഷോട്ടുകൾ അലൈൻ ചെയ്യുന്നത് കാണുകയും ചിത്രത്തിന്റെ കളർ കറക്ഷൻ ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്ക് പുറത്ത് നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സ്റ്റുഡിയോ മാനേജർക്ക് കത്തു നൽകുകയും ചെയ്യുകയുണ്ടായി.എന്നാൽ എനിക്ക് ലഭിച്ച മറുപടി വിചിത്രമാണ്. എന്റെ സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത് 1 ഇഞ്ച് വലിപ്പമുള്ള സെൻസറുള്ള കാമറയിലല്ല എന്നും എനിക്ക് സബ്സിഡി നൽകാൻ ശുപാർശ ചെയ്യാൻ സാദ്ധ്യമല്ലെന്നും ഇതുവരെ ചെലവായ തുക എത്രയും വേഗം അടച്ചുതീർക്കണം എന്നുമാണ് ആവശ്യം. എന്റെ സിനിമ ഭൂരിഭാഗവും ഷൂട്ട് ചെയ്തിരിക്കുന്നത് സോണിയുടെ അ7ട2 എന്ന കാമറയിലാണ്, കുറെയേറെ ആപ്പിൾ ഐഫോണിലും ചില ഭാഗങ്ങൾ മറ്റു ചില ഫോമാറ്റുകളിലും ഉണ്ട്. ടെലിവിഷൻ ഫൂട്ടേജസ് ഉപയോഗിച്ചിട്ടുണ്ട്. എന്ത് മാനദണ്ഡത്തിലാണ് എന്റെ സിനിമയ്ക്ക് സബ്സിഡി നൽകാൻ സാധിക്കില്ല എന്ന് പറയുന്നതെന്ന് അറിയില്ല.
ഏറ്റവും നിരാശയുണ്ടാക്കിയ സംഭവം ഇതേ സംബന്ധിച്ച പരാതിയുമായി ഞാൻ താങ്കളെ കാണാൻ താങ്കളുടെ വസതിയിൽ എത്തിയപ്പോൾ ഉണ്ടായതാണ്. എന്നെ ഒന്ന് കാണാനോ പരാതി കേൾക്കാനോ താങ്കൾ കൂട്ടാക്കിയില്ല എന്നത് ഒരു പരിഭവമോ നിരാശയോ മാത്രമല്ല എന്നെ അഭിനന്ദിച്ച് കുറിപ്പ് എഴുതിയ വ്യക്തിയുടെ ആത്മാർത്ഥതയിലുള്ള സംശയം കൂടി എന്നിലുണ്ടാക്കി. ഇങ്ങനെയാണോ താങ്കളുടെ മിനിസ്ട്രി ചലച്ചിത്രോന്നമനം നടത്തുന്നത്? എനിക്കറിയില്ല! എന്തുതന്നെ ആയിക്കോട്ടെ. അങ്ങയുടെ കീഴിലുള്ള കെ.എസ്. എഫ്.ഡി.സി. എന്റെ സിനിമയ്ക്ക് സബ്സിഡി നൽകാൻ കഴിയില്ല എന്ന നിലയിൽ എടുത്ത തീരുമാനം നിയമപരമായി നിലനിൽക്കുന്നതല്ല എന്ന് ബോധിപ്പിച്ചുകൊള്ളട്ടെ. എനിക്ക് കോടതിയിൽ പോവുകയോ ഈ തീരുമാനത്തിനെതിരെയും കേസ് കൊടുക്കുകയോ ഒക്കെ ചെയ്യാം. മുഴുവൻ സമയ സിനിമാപ്രവർത്തകനാവുന്നതിനായി അഭിഭാഷക ജോലി ഉപേക്ഷിച്ച ആളാണ് ഞാൻ. ഇപ്പോൾ ഞാനെടുക്കുന്ന സിനിമകൾക്ക് വേണ്ടി കോടതികളിൽ നിന്നും കോടതികൾ തോറും അനാവശ്യമായി വ്യവസ്ഥകൾ വലിച്ചിഴക്കുകയാണ്. എന്റെ സിനിമയ്ക്ക് എതിരെയുള്ള കേന്ദ്രഗവൺമെന്റിന്റെ 'ഫാസിസ്റ്റ് ' നടപടികൾക്കെതിരെ പൊതുവേദികളിൽ വാചാലമാകുന്ന അങ്ങയുടെ കീഴിലുള്ള മന്ത്രാലയം എന്റെ സിനിമയോട് ചെയ്യുന്ന നിയമപരമായും ധാർമികമായുമുള്ള അനീതിയെ എന്ത് പേരിട്ട് വിളിക്കണമെന്ന് എനിക്കറിയില്ല. ഇത് അനീതിയാണ്. ഒരു വ്യക്തിക്ക് നേരെയുള്ളതല്ല. സമൂഹത്തിന്റെ പ്രതീക്ഷകൾക്ക് നേരെയുള്ള അനീതി. തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

നിരാശയോടെ
സനൽ കുമാർ ശശിധരൻ
ചലച്ചിത്രപ്രവർത്തകൻ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ