സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി മാറുമോ? പകരം രണ്ടു പേരുകൾ
February 12, 2018, 11:55 am
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനം തുടങ്ങാൻ ഏതാനും ദിവസങ്ങൾമാത്രം ശേഷിക്കെ, മക്കളുടെ ബിസിനസ് ഇടപാട് സംബന്ധിച്ച ആരോപണങ്ങൾ സൃഷ്ടിച്ച വിവാദത്തിൽ കുരുങ്ങിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാറേണ്ടി വരുമോയെന്ന ചോദ്യം രാഷ്ട്രീയകേന്ദ്രങ്ങളിൽ ചർച്ചയാവുന്നു. സെക്രട്ടറി പദത്തിൽ ആദ്യ ടേം മാത്രം പിന്നിടുന്ന കോടിയേരി മാറില്ലെന്ന സൂചനയാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്നതെങ്കിലും പുതിയ സംഭവവികാസങ്ങളാണ് ആകാംക്ഷയുണർത്തുന്നത്. മകൻ ബിനോയിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസ് സമ്മേളനത്തിന് മുമ്പേ ഒതുക്കിത്തീർക്കാനുള്ള ചരടുവലികൾ വേഗത്തിൽ നടക്കുന്നുവെന്നാണറിയുന്നത്. രണ്ട് വ്യക്തികൾ തമ്മിലെ ബിസിനസ് ഇടപാടിൽ സി.പി.എമ്മിന് ഒന്നും ചെയ്യാനില്ലെന്ന നിലപാടാണ് പാർട്ടി സംസ്ഥാന നേതൃത്വം എടുത്തിരിക്കുന്നതെങ്കിലും ബംഗാൾ സംസ്ഥാനസമിതിയിൽ ചിലർ വിഷയം ഉയർത്തിയത് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. പ്രതിപക്ഷവും ബി.ജെ.പിയും ഇത് സി.പി.എമ്മിനെതിരെ രാഷ്ട്രീയായുധമാക്കിയിരിക്കുന്നു. ഇപ്പോഴത്തെ കേസ് ഒതുക്കിത്തീർത്താലും ബി.ജെ.പി, ദേശീയതലത്തിൽ ഇത് സി.പി.എമ്മിനെ അടിക്കാനുള്ള വടിയായി എടുത്തിരിക്കുന്നതാണ് തലവേദന സൃഷ്ടിക്കുന്നത്. അടുത്തവർഷം ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കവേ പാർട്ടിയെ ബുദ്ധിമുട്ടിലാക്കുമെന്ന തോന്നലാണ് ചില കേന്ദ്രങ്ങളിലെങ്കിലും നേതൃമാറ്റ ചർച്ചകൾ നടക്കുന്നതെന്നാണ് വിവരം.

കോടിയേരി മാറേണ്ടി വന്നാൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദന്റെ പേരാണ് പ്രധാനമായും പാർട്ടി സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് പറഞ്ഞുകേൾക്കുന്നത്. കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്റെ പേരും പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇതെല്ലാം അഭ്യൂഹങ്ങൾ മാത്രമെന്നാണ് പാർട്ടി കേന്ദ്രങ്ങൾ പറയുന്നത്. ബിനോയിയുടെ വിഷയത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം കോടിയേരിയെ ശക്തിയായി പിന്തുണയ്ക്കുകയും പാർട്ടിക്കെതിരായ രാഷ്ട്രീയായുധമായി പ്രതിപക്ഷം ഇതിനെ ഉപയോഗിക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്ത സ്ഥിതിക്ക് മറ്റ് തരത്തിലുള്ള ചർച്ചകൾക്കൊന്നും പ്രസക്തിയില്ലെന്നാണ് വാദം. സി.പി.എമ്മിന് പങ്കില്ലാത്ത വിഷയം എന്ന നിലയിലാണ് ഇതിനെ പാർട്ടി തുടക്കം മുതൽ വിലയിരുത്തിയതും. വിഷയം ചർച്ച ചെയ്ത സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അതിന്റെ അടിസ്ഥാനത്തിലാണ് പത്രക്കുറിപ്പിറക്കിയത്.

പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രൻ പിള്ളയും എം.എ. ബേബിയും പങ്കെടുത്ത യോഗമാണ് ഇങ്ങനെയൊരു നിലപാടെടുത്തത് എന്നതും ശ്രദ്ധേയമാണ്. ഈ ഘട്ടത്തിൽ കോടിയേരിയെ മാറ്റാൻ തുനിഞ്ഞാൽ, പാർട്ടി നിലപാടിനെ തന്നെ അത് തള്ളിപ്പറയുന്നത് പോലെയാവുമെന്നതിനാൽ സ്ഥാനമാറ്റത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങളെല്ലാം നേതൃത്വം തള്ളിക്കളയുന്നു. പരാതി കിട്ടിയെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സ്ഥിരീകരിച്ചതും ബംഗാൾ പാർട്ടിയിൽ വിഷയം ചർച്ചയാക്കിയതും കേന്ദ്രനേതൃത്വത്തിലെ ഭിന്നതയുടെ പ്രതിഫലനമായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. കോൺഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തർക്കത്തിൽ കാരാട്ട് പക്ഷത്തോടൊപ്പമാണ് കേരളഘടകം ഉറച്ചുനിൽക്കുന്നത്. ഈ മാസം 22 മുതൽ 25വരെ തൃശൂരിലാണ് സി.പി.എം സംസ്ഥാന സമ്മേളനം നടക്കുന്നത്. അതിന് മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങൾ മുതൽ ജില്ലാ സമ്മേളനങ്ങൾവരെ പൂർത്തിയായി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ