വീണ്ടും ഭീകരാക്രമണം;ഒരു ജവാന് വീരമൃത്യു
February 13, 2018, 12:10 am
ശ്രീനഗർ: ജമ്മുകാശ്മീരിലെ സുഞ്ജ്‌വാൻ ക്യാമ്പിൽ നടന്ന ആക്രമണത്തിനുശേഷം ഇന്നലെ ശ്രീനഗറിലെ കരൺ നഗറിലുള്ള സി.ആർ.പി.എഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു ജവാന് വീരമൃത്യു. ഇന്നലെ രാവിലെയായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം സുഞ്ജ്‌വാൻ കരസേന ക്യാമ്പിൽ ജയ്ഷെ മുഹമ്മദ് ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ചുസൈനികർ വീരമൃത്യു വരിച്ചിരുന്നു. ആക്രമണം നടത്തിയ ഭീകരരിൽ നാലുപേരെ സൈന്യം വധിക്കുകയും ഒരു സിവിലിയൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

സി.ആർ.പി.എഫ് ക്യാമ്പിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരാണ് ആക്രമണം നടത്തിയത്. ഈ മാസം ആറിന് നടന്ന ഏറ്റുമുട്ടലിനിടെ ഒരു പാകിസ്ഥാൻ ഭീകരൻ രക്ഷപ്പെട്ട സ്ഥലത്താണ് ഇന്നലെ വീണ്ടും ആക്രമണമുണ്ടായത്. ഇവിടെയുള്ള നിർമ്മാണം പൂർത്തിയാകാത്ത കെട്ടിടത്തിലാണ് ഭീകരർ ഒളിച്ചിരുന്നത്.
ഇന്നലെ പുലർച്ചെ എ.കെ 47 തോക്കുകളുമായി ഒരു സംഘമാളുകളെ കരൺ നഗറിലെ സി.ആർ.പി.എഫ് ക്യാമ്പിന് സമീപം കണ്ടെത്തിയതിനെത്തുടർന്ന് സൈന്യം നടത്തിയ വെടിവയ്പിൽ നിന്ന് ഭീകരരിൽ ചിലർ രക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പ്രദേശത്ത് ഭീകരരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. എന്നാൽ, രക്ഷപ്പെട്ട ഭീകരരിൽ ചിലർ ഇപ്പോഴും പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് സൂചന.
അതേസമയം, ഭീകരർ ഒളിച്ചിരിക്കുന്ന സ്ഥലവുമായി ആശയവിനിമയം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും കെട്ടിടം സൈന്യം വളഞ്ഞിരിക്കുകയാണെന്നും സൈനികവൃത്തങ്ങൾ പറയുന്നു. ക്യാമ്പിന് സമീപപ്രദേശങ്ങളിൽ സൈന്യം തെരച്ചിൽ തുടരുന്നു.

ശനിയാഴ്ച പുലർച്ചെ സുഞ്ജ്‌വാൻ കരസേന ക്യാമ്പിൽ നടന്ന ഭീകരാക്രമണത്തിൽ സൈനികരും സ്ത്രീകളും കുട്ടികളുമുൾപ്പെടെ പത്തോളംപേർക്ക് പരിക്കേറ്റിരുന്നു. എല്ലാവരും ഉറങ്ങിക്കിടക്കെ സുഞ്ജ്‌വാൻ 36 ബ്രിഗേഡ് ക്വാർട്ടേഴ്സിൽ കയറിപ്പറ്റിയ ഭീകരരായിരുന്നു ആക്രമണം നടത്തിയത്. 30 മണിക്കൂറോളം ഏറ്റുമുട്ടിയതിന് ശേഷമാണ് സൈന്യത്തിന് പ്രദേശം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്.

 ദേശീയ പാത അടച്ചു
സി.ആർ.പി.എഫ് ക്യാമ്പുൾപ്പെടെയുള്ള സ്ഥലങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് തന്ത്രപ്രധാനമായ ജമ്മു-ശ്രീനഗർ ദേശീയ പാത അടച്ചു. മഞ്ഞുവീഴ്ച നിന്നാൽ മാത്രമേ, മഞ്ഞുനീക്കാൻ കഴിയുകയുള്ളൂ എന്ന് ഔദ്യോഗികവൃത്തങ്ങൾ പറ‌ഞ്ഞു.

 പാകിസ്ഥാനുമായി സംസാരിക്കണം
രണ്ടുദിവസത്തിനിടെ നടന്ന രണ്ട് ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്ഥാനുമായി സംസാരിക്കണമെന്ന് ജമ്മു കാശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നടക്കുന്ന രക്തച്ചൊരിച്ചിൽ നിറുത്താൻ ഇതല്ലാതെ മറ്റുവഴികളില്ലെന്നാണ് മെഹബൂബ പറഞ്ഞത്. ഇക്കാര്യം പറഞ്ഞതുകൊണ്ട് തന്നെ ചിലപ്പോൾ ദേശദ്രോഹിയായി ചില മാദ്ധ്യമങ്ങൾ അവതരിപ്പിച്ചേക്കും. എന്നാലും യുദ്ധമല്ല മാർഗം. ഭീകരതയും ചർച്ചയും ഒന്നിച്ച് മുന്നോട്ടുപോകില്ലെന്ന് ഇന്ത്യ തുടർച്ചയായി പാകിസ്ഥാന് മുന്നറിയിപ്പ് നൽകാറുള്ളതാണ്.
മെഹബൂബയുടെ പാർട്ടിയായ ഡെമോക്രാറ്റിക് പാർട്ടി ബി.ജെ.പിയുമായി ചേർന്നാണ് കാശ്മീർ ഭരിക്കുന്നത്. 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ