മോഹൻ ഭാഗവതിന്റെ വിവാദ പ്രസംഗം: രംഗം കൊഴുപ്പിച്ച് രാഹുലിന്റെ ട്വീറ്റ്
February 13, 2018, 6:00 am
ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസംഗത്തിന് മറുപടിയുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരെ അപമാനിക്കുന്നതാണ് മോഹൻ ഭാഗവതിന്റെ വാക്കുകളെന്നാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്.

സൈന്യത്തിന് യുദ്ധത്തിന് തയ്യാറെടുക്കാൻ ആറുമാസം വേണമെങ്കിൽ ആർ.എസ്.എസിന് അത് മൂന്ന് ദിവസംകൊണ്ട് കഴിയുമെന്നായിരുന്നു പത്ത് ദിവസത്തെ ബീഹാർ സന്ദർശനത്തിനിടെ മുസാഫിറിൽ വച്ച് മോഹൻ ഭാഗവത് പറഞ്ഞത്. കൂടാതെ, ആർ.എസ്.എസ് എന്നാൽ, സൈനികമോ അർദ്ധസൈനികമോ ആയ ഒരു സംഘടനയല്ലെന്നും കുടുംബത്തിന്റെ കെട്ടുപാടുള്ള സംഘടനയാണെന്നും അതേസമയം, സൈന്യത്തിന്റേതായ ചിട്ടവട്ടങ്ങളാണ് പാലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

''ആർ.എസ്.എസ് മേധാവിയുടെ പ്രസംഗം ഓരോ ഇന്ത്യക്കാരനെയും അപമാനിക്കലാണ്. കാരണം, അത് രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരോടുള്ള അനാദരവാണ്. അത് നമ്മുടെ ദേശീയപതാകയെയും പതാകയെ സല്യൂട്ട് ചെയ്യുന്ന ഓരോ സൈനികനെയും അപമാനിക്കലാണ്. നമ്മുടെ സൈന്യത്തെയും ജവാന്മാരെയും നിന്ദിച്ചതിന് താങ്കളോട് ലജ്ജ തോന്നുന്നു മിസ്റ്റർ ഭാഗവത് '' എന്നാണ് #apologiseRSS എന്ന ഹാഷ് ടാഗോടു കൂടി മോഹൻ ഭാഗവതിന്റെ പ്രസംഗദൃശ്യങ്ങളും ചേർത്ത് നൽകിയ ട്വീറ്റിൽ രാഹുൽ പറഞ്ഞത്.

അതേസമയം, മോഹൻ ഭാഗവതിന്റെ പരാമർശം ഭരണഘടനാമര്യാദകൾക്കെതിരാണെന്നും അദ്ദേഹം മാപ്പ് പറയണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ പറഞ്ഞു.

പ്രസംഗം വളച്ചൊടിച്ചത്
മോഹൻ ഭാഗവതിന്റെ പ്രസംഗം വളച്ചൊടിക്കപ്പെട്ടതാണ് വിവാദങ്ങൾക്കിടയാക്കിയതെന്ന് ആർ.എസ്.എസ് സംഘടനാ നേതാവ് മൻമോഹൻ വൈദ്യ വിശദീകരണക്കുറിപ്പിലൂടെ അറിയിച്ചു. സൈന്യത്തെയും സംഘടനയെയും താരതമ്യം ചെയ്യുകയായിരുന്നില്ല അദ്ദേഹം ചെയ്തതെന്നും വൈദ്യ വിശദീകരിച്ചു. മോഹൻ ഭാഗവത് സൈന്യത്തെയും പൊതുസമൂഹത്തെയുമാണ് താരതമ്യം ചെയ്തതെന്നും വൈദ്യ പറഞ്ഞു. ജമ്മുകാശ്മീരിലെ സൈനിക ക്യാമ്പിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മോഹൻ ഭാഗവതിന്റെ പരാമർശം.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ