മോഹൻലാലും മമ്മൂട്ടിയും മംഗലാപുരത്ത്‌
February 13, 2018, 9:14 am
മലയാളത്തിന്റെ മെഗാതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും മംഗലാപുരത്ത്. കായംകുളം കൊച്ചുണ്ണിയിൽ അഭിനയിക്കാനെത്തിയ മോഹൻലാലും മാമാങ്കത്തിനായി എത്തിയ മമ്മൂട്ടിയും ഒരേ ഹോട്ടലിലാണ് താമസിക്കുന്നത്. അജോയ് വർമ്മ സംവിധാനം ചെയ്യുന്ന നീരാളിയിലെ തന്റെ ഭാഗം കഴിഞ്ഞ ദിവസം പൂർത്തിയാക്കിയ ശേഷമാണ് മോഹൻലാൽ കായംകുളം കൊച്ചുണ്ണിയിൽ അഭിനയിക്കാനെത്തിയത്. നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിൽ ഇത്തിക്കരപക്കി എന്ന അതിഥിവേഷമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ബോബി സഞ്ജയ് ടീംതിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം പ്രിയ ആനന്ദാണ് നായിക. സണ്ണി വയ്ൻ, ബാബു ആന്റണി എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ശ്രീ ഗോകുലം മൂവീസ് ആണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ബിലാത്തിക്കഥ, രജീഷ് മിഥില സംവിധാനം ചെയ്യുന്ന വാരിക്കുഴിയിലെ കൊലപാതകം എന്നീ ചിത്രങ്ങളിലും മോഹൻലാൽ ഈ വർഷം അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

മമ്മൂട്ടിയുടെ ബിഗ്ബഡ്ജറ്റ് ചിത്രം മാമാങ്കത്തിന്റെ ഷൂട്ടിംഗ് ഇന്നലെയാണ് മംഗലാപുരത്ത് തുടങ്ങിയത്. ക്വീൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ധ്രുവൻ, നീരജ് മാധവ് എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. മറ്റ് താരങ്ങൾ രണ്ടാം ഷെഡ്യൂളിലെ അഭിനയിച്ചു തുടങ്ങൂ. പതിനേഴാം നൂറ്റാണ്ടിൽ നടന്ന ചാവേർ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കളരി അടിസ്ഥാനമാക്കിയുള്ള ആക്ഷൻ രംഗങ്ങളാണ് ഇതിന്റെ ഹൈലൈറ്റ്. മമ്മൂട്ടിയോടൊപ്പം യോദ്ധാക്കളായ നാലു കഥാപാത്രങ്ങൾകൂടി പ്രാധാന്യത്തോടെയെത്തുന്നു. എഴുപതോളം ഉപകഥാപാത്രങ്ങളുമുണ്ട്. നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളിയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ