കൊച്ചി കപ്പൽശാലയിൽ പൊട്ടിത്തെറി, അഞ്ച് മരണം
February 13, 2018, 12:05 pm
കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കപ്പൽ അറ്റക്കുറ്റപ്പണി കേന്ദ്രമായ കൊച്ചിൻ ഷിപ്പ്‌യാർഡിലെ കപ്പലിൽ ഉണ്ടായ പൊട്ടിത്തെറിയിൽ അഞ്ചു പേർ മരിച്ചു. പതിനൊന്ന് പേർക്ക്പരിക്കേറ്റു. എറണാകുളം വൈപ്പിൻ സ്വദേശി റംഷാദ്, കോട്ടയം സ്വദേശി ഗവിൻ, കൊച്ചി സ്വദേശി ഉണ്ണികൃഷ്ണൻ, എരൂർ സ്വദേശി കണ്ണൻ, ആലപ്പുഴ തുറവൂർ സ്വദേശി ജയിൻ എന്നിവരാണു മരിച്ചത്. അഭിലാഷ്, സച്ചു, ജയ്സൺ, ശ്രീരൂപ്, ക്രിസ്റ്റി, ടിന്റു, രാജീവ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെല്ലാവരും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് രാവിലെ പത്തു മണിയോടെയായിരുന്നു അപകടം നടന്നത്. കപ്പൽശാലയിൽ അറ്റക്കുറ്റപ്പണിക്കായി കൊണ്ടുവന്ന സാഗർ ഭൂഷൺ എന്ന എണ്ണ പര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന കപ്പലിലെ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായത്. കപ്പൽശാലയിലെ ഡ്രൈഡോക്കിലായിരുന്നു കപ്പൽ നിറുത്തിയിരുന്നത്. കപ്പലിന്റെ 'സ്ഥിരത' നിലനിർത്തുന്നതിനു വേണ്ടി മുന്നിലും പിന്നിലും ടാങ്കുകളിൽ വെള്ളം നിറയ്ക്കുക പതിവാണ്. കപ്പലിന് മുന്നിലായി ബല്ലാസ്റ്റ് ടാങ്കറും സ്ഥാപിച്ചിരുന്നു. ഇതാണ് പൊട്ടിത്തെറിച്ചത്. അപകടം നടക്കുന്പോൾ ടാങ്കിന് സമീപത്തുണ്ടായിരുന്ന ജീവനക്കാരാണ് മരിച്ചത്. പൊട്ടിത്തെറിയുണ്ടായയുടൻ തീ പടർന്നു. പൊള്ളലേറ്റും തീപിടിത്തത്തെ തുടർന്നുണ്ടായ കറുത്ത പുക ശ്വസിച്ചുമാണ് തൊഴിലാളികൾ മരിച്ചത്. ഉടൻ തന്നെ അഗ്നിശമന സേന എത്തി തീ നിയന്ത്രണ വിധേയമാക്കി ജീവനക്കാരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പലർക്കും ജീവൻ നഷ്ടമായിരുന്നു. കപ്പൽശാലയിൽ നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വധേയമാണെന്നും കപ്പലിനുള്ളിൽ ആരും കുടുങ്ങിക്കിടപ്പില്ലെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എൻ.പി.ദിനേശ് പറഞ്ഞു.

പൊതുമേഖലയിൽ പ്രവർത്തിക്കുന്ന കപ്പൽ ശാലയിൽ കപ്പലുകളുടെ നിർമാണവും അറ്റക്കുറ്റപ്പണികളുമാണ് നടത്തുന്നത്. നാവികസേന,​ കോസ്റ്റ് ഗാർഡ്,​ ഒ.എൻ.ജി.സിയുടെ മെർച്ചന്റ് നേവി എണ്ണക്കപ്പലുകൾ എന്നിവയാണ് പ്രധാനമായും കൊച്ചിയിൽ അറ്റക്കുറ്റപ്പണി നടത്തുന്നത്. 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ