ദക്ഷിണാഫ്രിക്കയിൽ ചരിത്രമെഴുതി കൊഹ്‌ലിപ്പട; ജയം, പരമ്പര
February 13, 2018, 11:59 pm
പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയിൽ ആദ്യമായി ഏകദിന പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ പുതിയ ചരിത്രം രചിച്ചു. ഇതുവരെ താളം കണ്ടെത്താനാകാതെ വലയുകയായിരുന്ന ഓപ്പണർ രോഹിത് ശർമ്മ തകർപ്പൻ സെഞ്ച്വറിയുമായി ഫോം വീണ്ടെടുത്ത അഞ്ചാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ 73 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ഏകദിന പരമ്പര തങ്ങളുടെ പേരിൽ എഴുതിച്ചേർത്തത്.
ആദ്യം ബാറ്റ്‌ചെയ്ത ഇന്ത്യ രോഹിതിന്റെ (115) സെഞ്ച്വറിയുടെ പിൻബലത്തിൽ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 274 റൺസ് നേടി. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 42.2 ഓവറിൽ 201 റൺസിന് ആൾഔട്ടാവുകയായിരുന്നു. 4 വിക്കറ്റ് നേടിയ കുൽദീപ് യാദവിന്റെയും 2 വിക്കറ്റ് വീതംനേടിയ ഹാർദ്ദിക് പാണ്ഡ്യയുടെയും യൂസ്വേന്ദ്ര ചഹാലിന്റെയും ബൗളിംഗും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. ഒരു മത്സരം കൂടി ബാക്കിനിൽക്കേ 4 1ന്റെ ലീഡ് നേടിയാണ് കൊഹ്ലിയും കൂട്ടരും ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര വിജയം നേടുന്ന ആദ്യ ഇന്ത്യൻ സംഘമായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 274 റൺസ് നേടി. 115 റൺസുമായി പര്യടനത്തിൽ ആദ്യമായി മികച്ച സ്‌കോർ കണ്ടെത്തിയ ഹിറ്റ്മാൻ എന്നറിയപ്പെടുന്ന രോഹിത് ശർമ്മയാണ് ഇന്ത്യയെ 274ൽ എത്തിച്ചത്. ഒരുഘട്ടത്തിൽ ഇന്ത്യൻ സ്‌കോർ 300 ഉം കടന്ന് പറക്കുമെന്ന് കരുതിയെങ്കിലും അവസരോചിതമായി പന്തെറിഞ്ഞ ദക്ഷിണാഫ്രിക്കൻ യുവതാരം ലുങ്കി എൻഗിഡി സന്ദർശകരുടെ കുതിപ്പിന് കടിഞ്ഞാണിടുകയായിരുന്നു. എൻഗിഡി 4 വിക്കറ്റ് വീഴ്ത്തി. രോഹിതിനൊഴികെ മറ്റിന്ത്യൻ ബാറ്റ്‌സ്മാൻമാർക്ക് ആർക്കും മികച്ച സ്‌കോർ കണ്ടെത്താൻ കഴിഞ്ഞില്ല. ശിഖർ ധവാൻ (34), വിരാട് കൊഹ്ലി (36), ശ്രേയസ് അയ്യർ (30) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച മറ്റിന്ത്യൻ ബാറ്റ്‌സ്മാൻമാർ. കൊഹ്ലിയും രഹാനെയും (8) രോഹിതുമായുള്ള ആശയക്കുഴപ്പം മൂലം റണ്ണൗട്ടാവുകയായിരുന്നു. പരമ്പര വിജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയ്ക്കായി ധവാനും രോഹിത്തും ചേർന്ന് താരതമ്യേന നല്ല തുടക്കമാണ് നൽകിയത്. ഇരുവരും 7.2 ഓവറിൽ 48 റൺസിന്റെ കൂട്ട്‌കെട്ടുണ്ടാക്കി. ആക്രമിച്ച് കളിച്ച ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 23 പന്തിൽ 8 ഫോറുൾപ്പെടെ 34 റൺസെടുത്ത ധവാനെ പെഹ്ലുക്വായോയുടെ കൈയിൽ എത്തിച്ച് റബാഡയാണ് കൂട്ടുകെട്ട് പൊളിച്ചത്.

മൂന്നാമനായെത്തിയ നായകൻ കൊഹ്ലി ശ്രദ്ധയോടെ തുടങ്ങിയെങ്കിലും റണ്ണൗട്ടായി മടങ്ങി. മൂന്നാം വിക്കറ്റിൽ രോഹിതിനൊപ്പം 105 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് കൊഹ്ലി മടങ്ങിയത്. തുടർന്നെത്തിയ രഹാനെയും രോഹിതുമായുള്ള ആശയക്കുഴപ്പത്തിൽ റണ്ണൗട്ടായി. പിന്നീടെത്തിയ ശ്രേയസ് അയ്യർ രോഹിതിനൊപ്പം പിടിച്ച് നിന്ന് 60 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഇതിനിടെ രോഹിത് തന്റെ കരിയറിലെ 17ാം ഏകദിന സെഞ്ച്വറിയും കുറിച്ചു. സെഞ്ച്വറി പൂർത്തിയാക്കി അധികം വൈകാതെ രോഹിത് മടങ്ങി. എൻഗിഡി രോഹിതിനെ വിക്കറ്റ് കീപ്പർ ക്ലാസന്റെ കൈയിൽ എത്തിക്കുകയായിരുന്നു. 126 പന്തിൽ 11 ഫോറും 4 സിക്‌സും ഉൾപ്പെട്ടതാണ് രോഹിതിന്റെ സെഞ്ച്വറി ഇന്നിംഗ്‌സ്. തൊട്ടടുത്ത പന്തിൽ പാണ്ഡ്യയെയും (0) എൻഗിഡി ക്ലാസന്റെ കൈയിൽ എത്തിച്ചതോടെ ഇന്ത്യ പ്രതിസന്ധിയിലായി. അടുത്ത ഓവറിൽ എൻഗിഡി ശ്രേയസിനെയും ക്ലാസ്സന്റെ കൈയിൽ ഒതുക്കിയതോടെ ഇന്ത്യ 6/238 എന്ന നിലയിലായി. എം.എസ്.ധോണിയെ (13) എൻഗിഡി മർക്രത്തിന്റെ കൈയിലാക്കി പറഞ്ഞ് വിട്ടു. 19 റൺസുമായി ഭുവനേശ്വറും, 2 റൺസുമായി കുൽദീപും നോട്ടൗട്ടായി.
മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കൻ നിരയിൽ 71 റൺസുമായി പൊരുതി നോക്കിയ ഹഷിം അംലയാണ് ടോപ് സ്‌കോറർ. മർക്രം (32), മില്ലർ (36), ക്ലാസൻ (39) എന്നിവരും പൊരുതി നോക്കി. എന്നാൽ ഡിവില്ലിയേഴ്‌സ് (6) ഉൾപ്പെടെയുള്ള മറ്റുള്ളവർ രണ്ടക്കം പോലും കാണാനാകാതെ പോയതോടെ ഇന്ത്യ ഐതിഹാസിക ജയം സ്വന്തമാക്കുകയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ