ശ്രീനഗറിൽ തിരിച്ചടിച്ച് സൈന്യം;രണ്ട് ഭീകരരെ വധിച്ചു
February 14, 2018, 12:05 am
ശ്രീനഗർ: ശ്രീനഗറിലെ കരൺനഗറിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ ഒളിച്ചിരുന്ന രണ്ട് ഭീകരരെ സൈന്യം ഇന്നലെ വധിച്ചു. മുപ്പത് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ സൈന്യം വകവരുത്തിയത്. ഒരു ഭീകരന്റെ മൃതദേഹം കണ്ടെടുത്തു. കരൺനഗറിലെ വെടിവയ്പിൽ തിങ്കളാഴ്ച ഒരു സി.ആർ.പി.എഫ് ജവാൻ വീരമൃത്യു വരിച്ചിരുന്നു.

തിങ്കളാഴ്ച പുലർച്ചെ നാലരയോടെയാണ് സി.ആർ.പി.എഫ് 23-ാം ബറ്റാലിയൻ ആസ്ഥാനത്തെ സൈനികർ, എ.കെ 47 തോക്കുകളും വലിയ ബാഗുകളുമായി എത്തിയ ഭീകരരെ കണ്ടത്. ഇവർ ക്യാമ്പിന്റെ പരിധിയിലേക്ക് കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ സൈനികർ വെടിയുതിർത്തു. എന്നാൽ ഇവർ രക്ഷപ്പെട്ട് കെട്ടിടത്തിനകത്ത് ഒളിക്കുകയായിരുന്നു.
ലഷ്കർ ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്ന് സ്ഥിരീകരിച്ചു.

സൈനികന്റെ മൃതദേഹം കണ്ടെടുത്തു
അതിനിടെ ജമ്മുവിലെ സുഞ്ജ്‌വാൻ സൈനിക ക്യാമ്പിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ ഫാറൂഖ് അഹമ്മദ് ഖുറേഷിയുടെ മൃതദേഹം കൂടി കണ്ടെത്തി. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതോടെ സുഞ്ജ്‌വാൻ ആക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ എണ്ണം ആറായി. ഒരു ജവാന്റെ പിതാവും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ശ്രീനഗറിൽ നിരോധനാജ്ഞ
ശ്രീനഗറിലെ നൗഹട്ട, റെയ്നാവാരി, ഖന്യാർ, സഫകദൽ, എം.ആർ ഗുഞ്ജ്, ക്രാൽഖുദ്, ഷഹീദ്ഗു‌‌ഞ്ജ്, കരൺ നഗർ എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്ത് അവസാനഘട്ട തിരിച്ചടിക്കൊരുങ്ങുകയാണ് സൈന്യം.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ