ട്രാൻ. പെൻഷൻ എന്ന് കിട്ടും? 38,000 പേർ ചോദിക്കുന്നു!
February 14, 2018, 12:02 am
കോവളം സതീഷ്‌കുമാർ
തിരുവനന്തപുരം: സർക്കാർ തരുമെന്ന് പറഞ്ഞ പെൻഷൻ അടുത്ത ആഴ്ച കിട്ടുമോ? കെ.എസ്.ആർ.ടി.സിയിൽ നിന്ന് വിരമിച്ച 38,000 പേരും അവരുടെ കുടുംബാംഗങ്ങളും അക്ഷമയോടെ കാത്തിരിപ്പാണ്. ട്രാൻസ്പോർട്ട് പെൻഷൻകാർക്ക് കാത്തിരിപ്പ് ശീലമായിക്കഴിഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മൂന്നു മാസം വരെ കാത്തിരുന്നിട്ടുണ്ട്. ഇടത് സർക്കാർ വന്നപ്പോൾ അവരുടെ വാഗ്ദാനങ്ങൾ കേട്ട് ഏറെ പ്രതീക്ഷിച്ചു. അതൊക്കെ തെറ്റി. കാത്തിരിപ്പ് നീണ്ട് അഞ്ചു മാസം വരെയായി.

ആത്മഹത്യകളും ചികിത്സിക്കാൻ പാങ്ങില്ലാതെയുള്ള മരണങ്ങളും പെരുകി. ഒടുവിൽ, മുഖ്യമന്ത്രി വിളിച്ച യോഗത്തിന് ശേഷമാണ് സഹകരണ ബാങ്കുകൾ വഴി കുടിശികയും ആറു മാസത്തെ പെൻഷനും നൽകുമെന്ന ഉറപ്പ് കിട്ടിയത്. സഹകരണ ബാങ്കുകളിൽ നിന്നുള്ള കടത്തിന്റെ ബാദ്ധ്യത സർക്കാർ തന്നെ ഏറ്റെടുക്കുമെന്നും അറിയിച്ചു. അത് വിശ്വസിച്ച്, പെൻഷണേഴ്സ് ഓർഗനൈസേഷൻ സെക്രട്ടേറിയറ്റ് നടയിൽ നടത്തിയിരുന്ന അനിശ്ചിതകാല സമരം നിറുത്തി. പക്ഷേ, പെൻഷൻ വിതരണം എന്ന്?. ആർക്കുമില്ല വ്യക്തമായ മറുപടി. സഹകരണ വകുപ്പുമായി ധാരണാപത്രം ഒപ്പിടലും നടന്നില്ല.

യോഗം ഇന്ന് ഡർബാർ ഹാളിൽ
പെൻഷൻ വിതരണം ചർച്ച ചെയ്യാൻ പ്രാഥമിക സഹകരണ സംഘം സെക്രട്ടറിമാരുടെ യോഗം ഇന്ന് സെക്രട്ടേറിയറ്റ് ഡർബാർ ഹാളിൽ നടക്കും. അതിന് ശേഷമേ, ഏതൊക്കെ സംഘങ്ങൾ വഴിയാണ് വിതരണമെന്ന് വ്യക്തമാകൂ.
ബ്ലോക്കുകൾ, മുനിസിപ്പാലിറ്റികൾ, നഗരസഭകൾ എന്നിവിടങ്ങളിൽ കുറഞ്ഞത് നാലു സഹകരണ സംഘങ്ങൾ വീതം പെൻഷൻ വിതരണത്തിനായി കണ്ടെത്തണമെന്നായിരുന്നു വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിർദ്ദേശം. നടപടിക്രമങ്ങളുടെ പുരോഗതി അദ്ദേഹം ജോയിന്റ് രജിസ്ട്രാർമാരുമായും ജില്ലാ സഹകരണബാങ്ക് മാനേജർമാരുമായും ചർച്ച ചെയ്തിരുന്നു. സഹകരണ സംഘങ്ങളിൽ ഭൂരിപക്ഷവും എൽ.ഡി.എഫ് നിയന്ത്രണത്തിലായതിനാലും, കടബാദ്ധ്യത സർക്കാർ ഏറ്റെടുക്കുന്നതിനാലും പെൻഷൻ വിതരണം പ്രശ്നമാവില്ലെന്നാണ് വിലയിരുത്തൽ.

ഈ മാസം തന്നെ നൽകും

സർക്കാരുമായുള്ള ധാരണാപത്രത്തിന്റെ കരട് മാത്രമേ തയ്യാറായിട്ടുള്ളുവെന്നും, എന്തായാലും ഈ മാസം തന്നെ പെൻഷൻ നൽകുമെന്നും സഹകരണ വകുപ്പ് സെക്രട്ടറി പി. വേണുഗോപാൽ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ