ശത്രുവിനെ നേരിടാൻ ഇന്ത്യയ്‌ക്ക് 15,935 കോടിയുടെ ആയുധങ്ങളെത്തും
February 13, 2018, 6:58 pm
ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന് അടിയന്തരമായി വേണ്ട ആയുധങ്ങൾ വാങ്ങാൻ 15,935 കോടിയുടെ കരാറിന് പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ അദ്ധ്യക്ഷയായ ഉന്നതതല കമ്മിറ്റി അംഗീകാരം നൽകി. കരാറിലുൾപ്പെട്ട ലൈറ്റ് മെഷീൻ ഗണ്ണുകൾ എത്രയും വേഗം സൈന്യത്തിനെത്തിക്കുമെന്നും സർക്കാർ വാർത്താ കുറിപ്പിൽ വ്യക്തമാക്കി. ഇതിനായി 1819 കോടി രൂപ ചെലവാകും. വിദേശരാജ്യങ്ങളിൽ നിന്നും ആയുധങ്ങൾ വാങ്ങിയ ശേഷം പിന്നീട് അവ ഇന്ത്യയിൽ തന്നെ നിർമിക്കുന്നതിനുള്ള സാധ്യതയും പരിശോധിക്കുമെന്ന് പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേർത്തു.

11 വർഷം മുമ്പാണ് അത്യാധുനിക തോക്കുകൾ വാങ്ങാനുള്ള നിർദ്ദേശം സൈന്യം സമർപ്പിക്കുന്നത്. എന്നാൽ യോഗ്യരായ വിതരണക്കാർ ഇല്ലാതിരുന്നതിനെ തുടർന്ന് ആയുധങ്ങൾ വാങ്ങുന്നത് അനിശ്ചിതമായി മുടങ്ങി. 2016ലും ആയുധം വാങ്ങുന്നതിനായി ശ്രമം നടത്തിയിരുന്നെങ്കിലും താൽപര്യമറിയിച്ച് ഒരു കമ്പനി മാത്രം രംഗത്തെത്തിയതോടെ ഈ ശ്രമം പരാജയപ്പെട്ടിരുന്നു. തുടർന്ന് കഴിഞ്ഞ മാസം ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗം ഇത് സംബന്ധിച്ച എല്ലാ നൂലാമാലകളും തീർക്കാനും എത്രയും പെട്ടെന്ന് ആയുധങ്ങൾ വാങ്ങാനും തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി സൈന്യത്തിൽ ഉടൻ തന്നെ ആയുധങ്ങളുടെ കണക്കെടുപ്പ് പൂർത്തിയാക്കാനും ആയുധക്കരാറിൽ കഴിയും വേഗം ഒപ്പിടാനും യോഗം തീരുമാനത്തിലെത്തിയിരുന്നു.

സോവിയറ്റ് നിർമിത എ.കെ 47 തോക്കുകളും ഇന്ത്യൻ നിർമ്മിത ഇൻസാസ് തോക്കുകളുമാണ് 1988 മുതൽ ഇന്ത്യൻ സൈന്യം ഉപയോഗിച്ച് വരുന്നത്. എന്നാൽ ഇന്നത്തെ തീരുമാനത്തോടെ അത്യാധുനികവും മാരക പ്രഹര ശേഷിയുള്ളതുമായ തോക്കുകളും ഇന്ത്യൻ സൈന്യത്തിന്റെ പക്കലെത്തും. അതിർത്തിയിൽ പാകിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നുമുണ്ടാകുന്ന ഭീഷണി നേരിടാൻ ഫലപ്രദമാണ് പുതിയ തോക്കുകൾ. ഇന്ത്യൻ പ്രതിരോധ ഗവേഷണ കേന്ദ്രം (ഡി.ആർ.ഡി.ഒ)അടക്കമുള്ള ആയുധ നിർമാതാക്കളെ ഇത് സംബന്ധിച്ച ടെണ്ടർ സമർപ്പിക്കാനായി കേന്ദ്രസർക്കാർ ക്ഷണിച്ചിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ