വാലന്റൈൻസ് ദിന ആഘോഷങ്ങൾ വേണ്ട: സർവകലാശാലയ്‌ക്ക് അവധി
February 13, 2018, 7:51 pm
ലക്‌നൗ: ഫ്രെബ്രുവരി 14ന് ലോകമെങ്ങും വാലന്റൈൻസ് ദിനമാഘോഷിക്കുമ്പോൾ ഈ കോളേജിലെ കുട്ടികൾ മുഴുവൻ സങ്കടത്തിലാണ്. കാരണം ഫെബ്രുവരി 14ന് ആരും കോളേജിലെത്തരുതെന്നും ഉത്തരവ് ലംഘിച്ച് എത്തുന്നവരെ ശിക്ഷിക്കുമെന്നാണ് ഇവർക്ക് സർവകലാശാല അധികൃതർ നൽകിയ നിർദ്ദേശം. ലക്‌നൗ യൂണിവേഴ്‌സിറ്റിയാണ് ഇത്തരത്തിൽ വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചത്.

മഹാശിവരാത്രി പ്രമാണിച്ചാണ് സർവകലാശാലയ്‌ക്ക് അവധി നൽകിയതെന്ന് ഉത്തരവിൽ പറയുന്നുവെങ്കിലും വാലന്റൈൻസ് ദിന ആഘോഷങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് ഉത്തരവെന്ന് വ്യക്തമാണ്. പാശ്ചാത്ത്യ സംസ്‌ക്കാരത്തിന്റെ ചുവട് പിടിച്ച് കഴിഞ്ഞ കുറേ കാലങ്ങളായി നമ്മുടെ യുവാക്കൾ ഫെബ്രുവരി 14 പ്രണയ ദിനമായി ആഘോഷിക്കുകയാണ്. എന്നാൽ മഹാശിവരാത്രി പ്രമാണിച്ച് നാളെ (ബുധൻ) അവധിയായിരിക്കുമെന്ന് സർവകലാശാല പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. അന്നേ ദിവസം കോളേജിൽ എന്തെങ്കിലും ക്ലാസുകളോ പരീക്ഷകളോ സാംസ്‌ക്കാരിക പരിപാടികളോ ഉണ്ടായിരിക്കില്ല. ഒരു സാഹചര്യത്തിലും കുട്ടികളെ കോളേജിൽ കാണരുത്. കുട്ടികളെ കോളേജിലേക്ക് അയക്കാതിരിക്കാൻ രക്ഷകർത്താക്കൾ ശ്രദ്ധിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കനത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും സർവകലാശാല ചീഫ് പ്രോക്‌ടർ വിനോദ് സിംഗ് വിശദീകരിച്ചു.

അതേസമയം, ശനിയാഴ്‌ച പുറത്തിറക്കിയ ഉത്തരവിനെതിരെ വിദ്യാർത്ഥികൾക്കിടയിൽ പ്രതിഷേധം ശക്തമാണ്. സർവകലാശാലയുടെ അൽപ്പത്തരമാണ് ഇതിലൂടെ പുറത്ത് വന്നതെന്ന് വിദ്യാർത്ഥികളിലൊരാൾ പ്രതികരിച്ചു. അവധി പ്രഖ്യാപിച്ചതിനൊപ്പം കോളേജ് ക്യാംപസിൽ കടക്കരുതെന്നും ഉത്തരവിറക്കിയിരിക്കുന്നു. വിദ്യാർത്ഥികൾ കോളേജ് ക്യാംപസിൽ കയറിയില്ലെങ്കിൽ മറ്റാർക്കാണ് പ്രവേശനം അനുവദിക്കുന്നതെന്നും മറ്റൊരു വിദ്യാർത്ഥി പ്രതികരിച്ചു.

കഴിഞ്ഞ വർഷവും സമാനമായ ഉത്തരവിറക്കി ലക്‌നൗ യൂണിവേഴ്സി‌റ്റി വിവാദമുണ്ടാക്കിയിരുന്നു. പ്രണയ ദിനത്തിൽ സമ്മാനങ്ങളും പൂക്കളുമായി ആരും കോളേജിൽ വരരുതെന്നും അത് സ്ത്രീകൾക്കെതിരെയുള്ള അക്രമമായി പരിഗണിക്കുമെന്നായിരുന്നു സർവകലാശാല ഉത്തരവിറക്കിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ