ഒറ്റനോട്ടത്തിൽ: ബാർ കോഴ, ബസ് ചാർജ്, കൊച്ചി കപ്പൽശാല
February 13, 2018, 8:12 pm

1. കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസിൽ സി.പി.എമ്മിനെ വെട്ടിലാക്കി പരാതിക്കാരനായ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തൽ. കേസുമായി മുന്നോട്ട് പോയാൽ ബാറുകൾ തുറക്കാൻ സാഹചര്യം ഉണ്ടാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ബാർ കോഴ കേസ് അട്ടിമറിക്കാൻ സർക്കാർ ഒത്താശ ചെയ്യുകയാണ്. എൽ.ഡി.എഫ് വഞ്ചിച്ചു എന്നും ബിജു രമേശ്.

2. മാണിയും എൽ.ഡി.എഫും ഒത്തു തീർപ്പ് ഉണ്ടാക്കിയതായി സംശയിക്കുന്നു. സത്യം തെളിയിച്ചാൽ ബാറുകൾ തുറന്ന് തരാം എന്നായിരുന്നു വാഗ്ദാനം. എന്നാൽ താൻ വഞ്ചിക്കപ്പെട്ടു. കേസിൽ മൊഴി നൽകാൻ തയ്യാറായ ബാർ ഉടമകളിൽ നിന്ന് വിജിലൻസ് മൊഴി എടുക്കുന്നില്ലെന്നും ബിജു രമേശ്.

3. അതേസമയം, ബിജു രമേശിന്റെ വെളിപ്പെടുത്തൽ വൈകി വന്ന കുറ്റ സമ്മതമെന്ന് കേരള കോൺഗ്രസ് (എം)നേതാക്കൾ. ബിജു രമേശിന്റെ വെളിപ്പെടുത്തലോടെ ബാർ കോഴ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് തെളിഞ്ഞതായി പി.കെ കുഞ്ഞാലിക്കുട്ടി. യു.ഡി.എഫിലേക്ക് തിരികെ വരണമോ എന്ന കാര്യം മാണി തീരുമാനിക്കും എന്നും കുഞ്ഞാലിക്കുട്ടി.

4. സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധിപ്പിക്കാൻ എൽ.ഡി.എഫ് യോഗം സർക്കാരിന് ശുപാർശ നൽകി. മിനിമം ചാർജ് ഏഴിൽ നിന്ന് എട്ട് രൂപയാക്കാൻ നിർദ്ദേശം. ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാർജ് 10 രൂപയിൽ നിന്ന് 11 രൂപയാക്കും. അന്തിമ തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തിൽ ഉണ്ടായേക്കും.

5. എൽ.ഡി.എഫ് തീരുമാനം, ബസ് ചാർജ് വർദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ. ജനങ്ങൾക്ക് അമിത ഭാരം ഉണ്ടാക്കാത്ത വിധത്തിൽ തീരുമാനം നടപ്പാക്കാൻ എൽ.ഡി.എഫ് യോഗത്തിൽ നിർദ്ദേശം. വിദ്യാർത്ഥികളുടെ യാത്രാനിരക്കിലും വർദ്ധന ഉണ്ടായേക്കും.

6. കൊച്ചി കപ്പൽ ശാലയിൽ കപ്പലിനുള്ളിലെ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ച് അഞ്ച് മലയാളികൾ മരിച്ചു. കോട്ടയം സ്വദേശി ഗവിൻ, വൈപ്പിൻ സ്വദേശി റംഷാദ്, ഏലൂർ സ്വദേശികളായ ഉണ്ണി, കണ്ണൻ, തുറവൂർ സ്വദേശി ജയൻ, എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ശ്രീരൂപിന്റെ നില ഗുരുതരം. അപകടത്തിൽ 11 പേർക്ക് പരിക്ക്

7. വാതക ചോർച്ചയാണ് അപകട കാരണമെന്ന് കൊച്ചിൻ ഷിപ്പിയാർഡ് സി.എം.ഡി മധു നായർ. അറ്റകുറ്റ പണികൾക്കായി കൊണ്ടുവന്ന ഒ.എൻ.ജി.സിയുടെ സാഗർ ഭൂഷൺ എന്ന കപ്പലിലാണ് പൊട്ടിത്തെറി ഉണ്ടായത്. സ്ഥലത്ത് കൂടുതൽ പുക ഉയർന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. അവധി ദിവസമായതിനാലാണ് അപകടത്തിന്റെ വ്യാപ്തി കുറഞ്ഞത് എന്ന് ഷിപ്പ്യാർഡ് അധികൃതർ. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായമായി 10 ലക്ഷം രൂപ നൽകും

8. സ്‌ഫോടനം, കപ്പൽശാലയിലെ അറ്റകുറ്റ പണിക്കിടെ എന്ന് പൊലീസ് കമ്മിഷണർ. തീ പൂർണ്ണമായും അണച്ചതായും പ്രതികരണം. അപകടസ്ഥലത്ത് ആരും കുടുങ്ങിക്കിടപ്പില്ല എന്നാണ് വിവരം. എണ്ണ പര്യവേഷണത്തിന് ഉപയോഗിക്കുന്ന ഒ.എൻ.ജി.സിയുടെ സാഗർ ഭൂഷൺ 56 വർഷം പഴക്കമുള്ള കപ്പലാണ്. തൊഴിലാളികൾ മരിക്കാനിടയായ സംഭവം ദുഖകരമെന്ന് മുഖ്യമന്ത്രി പിണറായി.

9. കോൺഗ്രസുമായി സഹകരിക്കേണ്ടന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി സി.പി.എം കരട് രാഷ്ട്രീയ പ്രമേയം. മുഖ്യ ശത്രുവായ ബി.ജെ.പിയെ പരാജയപ്പെടുത്താൻ പോലും കോൺഗ്രസുമായി സഖ്യം സാധ്യമല്ല. ഉദാരവത്കരണം തുടരുന്ന കോൺഗ്രസിന് വർഗീയ കക്ഷികളെ നേരിടാനാകില്ല. കോൺഗ്രസുമായി സഖ്യമോ മുന്നണിയോ ഉണ്ടാകില്ലെന്നും പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട് പ്രമേയം.

10. എന്നാൽ ബി.ജെ.പിക്ക് തുല്യമായ ആപത്തായി കോൺഗ്രസിനെ കാണാനാകില്ല. സി.പി.എം പോളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും ഏറെ ചർച്ചകൾക്ക് വഴിവെച്ച രാഷ്ട്രീയ പ്രമേയത്തെ ചൊല്ലി സി.പി.എമ്മിൽ ഇപ്പോഴും തർക്കം തുടരുന്നു. കോൺഗ്രസുമായി ബന്ധം വേണ്ടെന്ന നിലപാടിൽ ഉറച്ച് കേരള ഘടകവും സഖ്യം ആകാമെന്ന് ബംഗാൾ ഘടകവും നിലപാട് എടുത്തിരുന്നു.

11. കെ.കെ രാമചന്ദ്രൻ നായരുടെ വിയോഗത്തെ തുടർന്ന് ഉപതിരഞ്ഞെപ്പിന് കളമൊുരങ്ങിയ ചെങ്ങന്നൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി പി.എസ് ശ്രീധരൻ പിള്ള. മുൻ സംസ്ഥാന അധ്യക്ഷനെ കളത്തിലിറക്കാൻ പാർട്ടിക്കുള്ളിൽ ധാരണയായത് കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. ചെങ്ങന്നൂരിൽ താൻ സ്ഥാനാർത്ഥിയാകണം എന്നാണ് പാർട്ടിയുടെ ആഗ്രഹമെന്ന് ശ്രീധരൻ പിള്ള

12. കഴിഞ്ഞ തവണ മണ്ഡലത്തിൽ ശ്രീധരൻ പിള്ള നേടിയത് 42,000 വോട്ടുകൾ. ബി.ജെ.പിയുടെ ഏറ്റവും വലിയ നേട്ടമായിരുന്ന കഴിഞ്ഞ തവണത്തെ വോട്ടുകൾ നിലനിർത്താൻ ശ്രീധരൻ പിള്ളയ്ക്ക് കഴിയുമെന്ന് പാർട്ടി നേതാക്കൾക്കിടയിൽ വിലയിരുത്തൽ. പിള്ളയെ പിന്തുണയ്ക്കാൻ തയ്യാറായി ബി.ഡി.ജെ.എസും എത്തിയതോടെ മണ്ഡലത്തിൽ വിജയപ്രതീക്ഷയിൽ പാർട്ടി. മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാൻ ബി.ജെ.പി അധ്യക്ഷൻ കുമ്മനം രാജശേഖരനെയും പാർട്ടി പരിഗണിച്ചിരുന്നു

13. ഇഷ ഫൗണ്ടേഷന്റെ ശിവരാത്രി ആഘോഷങ്ങൾക്ക് കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിൽ തുടക്കം. സദ് ഗുരു ജഗ്ഗി വാസുദേവിന്റെ നേതൃത്വത്തിലുള്ള സംഗീത ധ്യാന പരിപാടിയിൽ അണിനിരന്ന് സോനു നിഗം, ദെലർ മെഹന്ദി തുടങ്ങി പ്രമുഖ ഗായകരുടെ നിരയും. 112 അടി ഉയരമുള്ള ആദിയോഗി ശില്പ സന്നിധിയിൽ നടക്കുന്ന ശിവരാത്രി ആഘോഷ പരിപാടികൾ ഇന്ന് രാത്രി 8.30 മുതൽ നാളെ രാവിലെ ആറു വരെ കൗമുദി ടിവി തത്സമയം സംപ്രേഷണം ചെയ്യും

14. ഇത്തവണത്തെ പ്രധാന ആകർഷണമായി, ആദിയോഗിയുടെ മഹാ ഊർജ്ജം സ്വാംശീകരിക്കുന്ന ആദിയോഗി പ്രദക്ഷിണം. അടുത്ത ഒരു വർഷംകൊണ്ട് ലക്ഷക്കണക്കിനു പേർക്ക് യോഗ പകർന്നു നൽകുന്ന മഹായോഗ യജ്ഞത്തിന് സദ്ഗുരു അഗ്നി തെളിക്കും. ഒരു വർഷമായി ആദിയോഗി ശില്പത്തെ അലങ്കരിച്ചിട്ടുള്ള ഒരുലക്ഷത്തിയെട്ട് രുദ്രാക്ഷങ്ങളാണ് ഭക്തർക്ക് പ്രസാദമായി ലഭിക്കുക

15. സദ്ഗുരുവിന് ഒപ്പം ധ്യാനത്തിന്റെ ആനന്ദം പകരുന്ന വേളയെ സംഗീത നിർഭരമാക്കി സോനു നിഗമിനും ദെലർ മെഹന്ദിക്കും ഒപ്പം ഷോൺ റോൾഡൻ, മോഹിത് ചൗഹാൻ തുടങ്ങിയവരും. ലോകമെമ്പാടും നിന്നായി ലക്ഷക്കണക്കിന് പേർ ആഘോഷ പരിപാടികളിൽ പങ്കെടുക്കും. കഴിഞ്ഞ ശിവരാത്രി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇഷ ഫൗണ്ടേഷൻ ആസ്ഥാനത്തെ ആദിയോഗി ശില്പം അനാവരണം ചെയ്തത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ