നോട്ടുനിരോധനം ആർ.എസ്.എസിന്റെ തിരുമണ്ടൻ തീരുമാനമെന്ന് രാഹുൽ ഗാന്ധി
February 13, 2018, 9:21 pm
ബംഗളൂരു: രാജ്യത്തെ എല്ലാ ഭരണ സംവിധാനങ്ങളും കീഴടക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. സംഘപരിവാറുകാരനായ ഒരാൾ നൽകിയ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുനിരോധനമെന്ന മണ്ടൻ തീരുമാനം നടപ്പിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'നോട്ടുനിരോധനത്തിന്റെ ആശയം മോദിക്ക് പറഞ്ഞുകൊടുത്തതാരാണെന്ന് ആർക്കെങ്കിലും അറിയാമോ? അത് റിസർവ് ബാങ്കോ, ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലിയോ, ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോ അല്ല. പകരം ആർ.എസ്.എസുകാരനായ ഒരാളാണ് നോട്ടുനിരോധനമെന്ന ആശയത്തിന് പിന്നിൽ. ആർ.എസ്.എസ് അജൻഡകളാണ് സ്വന്തമെന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കുന്നത് - രാഹുൽ പറഞ്ഞു. എല്ലാം അറിയാമെന്ന് സ്വയം നടിക്കുന്നത് കൊണ്ടാണ് ബി.ജെ.പിക്ക് നോട്ടുനിരോധനം പോലുള്ള മണ്ടൻ തീരുമാനങ്ങളെടുക്കാൻ കഴിയുന്നത്. നോട്ടുനിരോധനം നടപ്പിലാക്കി കള്ളപ്പണം വെളുപ്പിക്കാൻ അനുവദിച്ചത് മണ്ടൻ തീരുമാനമാണെന്ന് കൊച്ചുകുട്ടികൾക്ക് വരെ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രസർക്കാരിന്റെ എല്ലാ മന്ത്രാലയങ്ങളിലും ആർ.എസ്.എസ് തങ്ങളുടെ ആളുകളെ തിരുകി കയറ്റിയത് മൂലം മന്ത്രിമാർക്ക് സ്വതന്ത്രമായി ഭരിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഓരോ മന്ത്രാലയങ്ങളിലും ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി എന്ന പേരിൽ ആർ.എസ്.എസുകാരെ നിയമിച്ചിരിക്കുകയാണ്. എന്താണ് ചെയ്യേണ്ടതെന്ന് മന്ത്രിമാർക്ക് നിർദ്ദേശം നൽകുന്നത് ഇവരാണെന്നും അദ്ദേഹം ആരോപിച്ചു. നാല് ദിവസമായി കർണാടകയിൽ നടത്തുന്ന പ്രചാരണത്തിന് സമാപനം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ