പാക് അനുകൂല പ്രസ്‌താവന: മണി ശങ്കർ അയ്യരെ പുറത്താക്കണമെന്ന് കോൺഗ്രസ് നേതാക്കൾ
February 13, 2018, 10:23 pm
ന്യൂഡൽഹി: ഇന്ത്യയെപ്പോലെ പാകിസ്ഥാനെയും താൻ സ്‌നേഹിക്കുന്നുവെന്ന് പറഞ്ഞ മണി ശങ്കർ അയ്യരെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നീചനെന്ന് വിളിച്ചതിന് കോൺഗ്രസ് സസ്‌പെൻഡ് ചെയ്‌ത അയ്യരെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് താൻ ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയ്‌ക്ക് കത്തയച്ചിട്ടുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഹനുമന്ത റാവു വ്യക്തമാക്കി.

ഇത്തരം കാര്യങ്ങളിൽ മണി ശങ്കർ അയ്യർ അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ഉടൻ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ പാർട്ടിയെ പ്രതികൂലമായി ബാധിക്കുന്നതാണ് ഇത്തരം പ്രസ്‌താവനകൾ. ഗുജറാത്ത് തിരഞ്ഞെടുപ്പിനിടെ അദ്ദേഹം നടത്തിയ വിവാദ പരാമർശങ്ങൾക്ക് പാർട്ടി കനത്ത വില നൽകേണ്ടി വന്നു. ഇതിന്റെ പേരിൽ അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയെങ്കിലും ഇപ്പോഴും പാകിസ്ഥാനോടാണ് തന്റെ സ്‌നേഹമെന്നാണ് മണി ശങ്കർ അയ്യർ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം കറാച്ചിൽ നടന്ന പരിപാടിക്കിടെയാണ് മണി ശങ്കർ അയ്യർ വിവാദ പരാമർശം നടത്തിയത്. ഇന്ത്യയെപ്പോലെ തന്നെ താൻ പാകിസ്ഥാനെയും സ്‌നേഹിക്കുന്നു. പാകിസ്ഥാനിലെ ജമാഅത്തെ ഇസ്‌ലാമി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളെല്ലാം ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഇന്ത്യക്കാർ 1947ലെ വിഭജന സമയത്തുള്ള മാനസികാവസ്ഥയിൽ നിന്നും പിന്നോട്ട് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കാശ്‌മീരിലെ സൈനിക ക്യാമ്പിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ ആറ് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മണി ശങ്കർ അയ്യരുടെ വിവാദ പ്രസ്‌താവന പുറത്തു വന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ