ഇനി സിനിമയില്ല, രാഷ്ട്രീയം മാത്രമെന്ന് കമലഹാസൻ
February 13, 2018, 10:56 pm
ചെന്നൈ: തമിഴ് ജനതയ്‌ക്ക് വേണ്ടി രാഷ്ട്രീയത്തിലിറങ്ങേണ്ടത് അത്യാവശ്യമായതിനാൽ ഇനി മുതൽ സിനിമയിൽ അഭിനയിക്കുന്നത് നിറുത്തുമെന്ന് പ്രശസ്‌ത ചലച്ചിത്ര താരം കമലഹാസൻ വ്യക്തമാക്കി. ഹിന്ദു മതതീവ്രവാദം രാജ്യത്തിന് ഭീഷണിയാണെന്നും ഹാർവാർഡ് യൂണിവേഴ്സി‌റ്റിയിൽ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റാൽ രാഷ്ട്രീയത്തിൽ തുടരുമോ എന്ന ചോദ്യത്തിന് താൻ തോൽക്കില്ലെന്നായിരുന്നു താരം മറുപടി പറഞ്ഞത്. ഒരു പക്ഷേ രാഷ്ട്രീയത്തിൽ പുതുമുഖമാണെങ്കിലും 37 വർഷമായി സാമൂഹ്യ സേവനം ചെയ്യുന്നൊരാളാണ് ഞാൻ. ഏതാണ്ട് 10 ലക്ഷത്തോളം വിശ്വസ്‌തരായ അണികളെ ഒപ്പം കൂട്ടാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 37 വർഷമായി ഇക്കൂട്ടർ എന്റെ കൂടെയുണ്ട്. എന്റെ നിർദ്ദേശമനുസരിച്ച് കൂടുതൽ യുവാക്കളെ ഇവർ കൂട്ടത്തിൽ ചേർത്തിട്ടുണ്ട്. ഇവരെല്ലാം പാർട്ടിയിലെ സന്നദ്ധസേവകരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമാ ജീവിതത്തിൽ നിന്നും ഞാൻ ഒരുപാട് പണം സമ്പാദിച്ചിട്ടുണ്ടെന്ന് പറഞ്ഞ താരം രാഷ്ട്രീയത്തിലിറങ്ങുന്നത് പണമുണ്ടാക്കാനല്ലെന്നും വ്യക്തമാക്കി. ഒരു നടനെന്ന നിലയിൽ മാത്രം മരിക്കരുതെന്ന് നിർബന്ധമുള്ളത് കൊണ്ടാണ് രാഷ്ട്രീയത്തിലിറങ്ങിയത്. ജനങ്ങൾക്ക് സേവനം ചെയ്‌ത് മരിക്കാമെന്ന് ഞാൻ സ്വയം പ്രതിജ്ഞയെടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദ്രാവിഡന്റെ നിറമായ കറുപ്പാണ് തന്റെ രാഷ്ട്രീയം. എന്നാൽ താൻ ഹിന്ദു വിരുദ്ധനല്ല. പക്ഷേ ഹിന്ദു തീവ്രവാദം രാജ്യത്തിന് അപകടമാണെന്നും കലഹാസൻ വ്യക്തമാക്കി.

നേരത്തെ രജനീകാന്തിനു പിന്നാലെ കമലഹാസനും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 21 ന് പുതിയ പാർട്ടിയുടെ പേര് കമൽ പ്രഖ്യാപിക്കും. ജയലളിതയുടെ മരണത്തിനുശേഷം കലങ്ങി മറിഞ്ഞ തമിഴ്‌നാട് രാഷ്ട്രീയത്തിലേക്കുള്ള ഇരുവരുടേയും പ്രവേശനം 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എന്ത് മാറ്റമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ