പെങ്ങന്മാരുടെ കല്യാണത്തിന് ആങ്ങളമാരുടെ കൂട്ടായ്മ
February 9, 2018, 12:47 am
സ്വന്തം ലേഖകൻ
കോഴിക്കോട്: വരുന്ന ഞായറാഴ്ച മണ്ണാർക്കാട് കക്കുപ്പടി മഹാദേവ ക്ഷേത്രത്തിൽ ഒരു വിവാഹം നടക്കും. രാവിലെ 9.30നും 10 നും ഇടയ്ക്ക്. ബന്ധുക്കളല്ലാത്ത ഏതാനും ആങ്ങളമാർ യഥാസമയം ഇടപെട്ടതുകൊണ്ടാണ് വിവാഹം നടക്കുന്നത്.

മണ്ണാർക്കാട് മുക്കാലിയിലെ കാട്ടുശ്ശേരി നരിയൻപറമ്പിൽ പരേതനായ അളകേശന്റെയും ശാരദയുടെയും മകൾ പ്രിയയും കപ്രാട്ടിൽ വീട്ടിൽ പരേതനായ നാരായണന്റെയും ശാരദയുടെയും മകൻ കൃഷ്ണകുമാറുമാണ് വിവാഹിതരാവുന്നത്. അതൊരു കൂട്ടായ്മയാണ്.

ആളും അർത്ഥവുമില്ലാതെ വിവാഹം മുടങ്ങുന്ന പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കാൻ ഉണ്ടാക്കിയ കൂട്ടായ്മയാണ് ആങ്ങളമാർ. വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും ഏറ്റെടുത്ത് നടത്തുന്ന ഈ സംഘം ആങ്ങളമാരുടെ നേതൃത്വത്തിലുളള ആദ്യവിവാഹമാണ് ഫെബ്രുവരി 11ന് മണ്ണാർക്കാട്ട് നടക്കുന്നത്.

'വിവാഹഭാഗ്യം കൈവരാതെ ജീവിതം തള്ളിനീക്കുന്ന നിരാശ്രയരായ സഹോദരിമാർ നിങ്ങളുടെ അറിവിലോ പരിചയത്തിലോ ഉണ്ടെങ്കിൽ ഞങ്ങളെ അറിയിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന സഹോദരിമാരുടെ മംഗല്യത്തിന് സാമ്പത്തികം ഒരു തടസമാവില്ല. ഞങ്ങളുണ്ട് കൂടെ…'
ആങ്ങളമാർ സ്വയം പരിചയപ്പെടുത്തുന്ന വാക്കുകളാണിത്.

ലഭിക്കുന്ന അപേക്ഷകളിൽ നിന്ന് അർഹരായവരെ കണ്ടെത്തിയാൽ പിന്നെ ആങ്ങളമാർ രംഗത്തിറങ്ങുകയായി. വിവാഹക്ഷണക്കത്ത് തയ്യാറാക്കുക, പത്തു പവന്റെ ആഭരണം വാങ്ങിക്കൊടുക്കുക, വധുവിനും കുടുംബത്തിനും കല്യാണ വസ്ത്രങ്ങൾ വാങ്ങുക, കതിർമണ്ഡപമൊരുക്കുക, തലേദിവസത്തെ സൽക്കാരത്തിന് ഭക്ഷണമൊരുക്കുക, കല്യാണസദ്യയൊരുക്കുക തുടങ്ങി സദ്യ വിളമ്പൽ വരെ ആങ്ങളമാരാണ് നടത്തുക. എല്ലാ ചെലവും ആങ്ങളമാർ സ്വന്തം കൈയിൽ നിന്ന് എടുക്കും. വിവാഹച്ചടങ്ങിന് കൊഴുപ്പു കൂട്ടാൻ തലേദിവസം വധുവിന്റെ വീട്ടിൽ ഗാനമേളയും സംഘടിപ്പിക്കും. ഒന്നിനും ഒരു കുറവുമില്ല!
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ആങ്ങളമാർക്ക് ഒരു വ്യവസ്ഥയുണ്ട്. വരനെ കണ്ടെത്തേണ്ടത് പെൺവീട്ടുകാരുടെ ഉത്തരവാദിത്വമാണ്.

ആങ്ങളമാരുടെ നമ്പർ: 9645324587, 989561248, 7558040898
ഇ.മെയിൽ ഐ.ഡി: aanglamaar@gmail.com
ഫേസ്ബുക്ക് അക്കൗണ്ട്: www.facebook.com/aanglamaar

 ആങ്ങളമാർ ഇവർ
ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജുവലേഴ്‌സിലെ ജീവനക്കാരായ അനിൽ, ഷാജി, ബിജു ജോർജ്, സെബാസ്റ്റ്യൻ, ഗോകുൽദാസ്, ജോജി, ജിജോ, നിഷാദ്, ജിയോ ഡാർവിൻ, മഹേഷ്, പ്രജീഷ്, സുധീഷ്, ബഷീർ, അരുൺ എന്നീ പതിന്നാലു സുമനസുകളാണ് ആങ്ങളമാരായി കൈകോർത്തിരിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ