ടി.പി കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ
February 14, 2018, 3:05 pm
കൊച്ചി: റെവല്യൂഷണറി മാർക്‌സിസ്‌റ്റ് പാർട്ടി (ആർ.എം.പി) നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിച്ചതിന്റെ ഗൂഢാലോചന കേസിൽ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സമാനമായ രണ്ട് പരാതികളിൽ നേരത്തെ അന്വേഷണം പൂർത്തിയാക്കിയിരുന്നു. 2012ൽ ചേമ്പാല പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്താനായില്ല. ഈ സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ നൽകിയ ഹർജിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.

കേസിൽ സി.ബി.ഐ അന്വേഷണം എങ്ങനെ സാധ്യമാകുമെന്ന് കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ കോടതി ചോദിച്ചിരുന്നു. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ നിലവിൽ നിരവധി പേർ വിചാരണ നേരിടുകയും പലരേയും കോടതി ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഗൂഢാലോചനാ ആരോപണവും അന്ന് പൊലീസ് അന്വേഷിച്ചതാണ്. അതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പ്രതികളെ ശിക്ഷിച്ചത്. അങ്ങനെയൊരു സാഹചര്യത്തിൽ ഇപ്പോൾ ഗൂഢാലോചനാ കുറ്റം ചുമത്തി സി.ബി.​ഐയ്ക്ക് അന്വേഷിക്കാൻ കഴിയുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. അതേസമയം,​ കേസുമായി ബന്ധപ്പെട്ട് പുതിയ പ്രതികൾ ഉണ്ടെങ്കിൽ അവർക്കെതിരെ എഫ്.ഐ.ആർ ചുമത്തി അന്വേഷണം നടത്താമെന്നും കോടതി പറഞ്ഞിരുന്നു. മൂന്ന് എഫ്.ഐ.ആറുകളാണ് കേസുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നത്. ഈ എഫ്.ഐ.ആറുകളിലെല്ലാം നിയമപരമായ പരിശോധന പൂർത്തിയാക്കിയതിന് ശേഷം മാത്രമേ സി.ബി.ഐ അന്വേഷണം സാദ്ധ്യമാകൂവെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം, കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ കുടുങ്ങുമെന്ന് ഭയക്കുന്നത് കൊണ്ടാണ് സർക്കാർ ഇത്തരത്തിൽ ഒരു സത്യവാങ്മൂലം നൽകിയതെന്ന് കെ.കെ.രമ ആരോപിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ