മാതൃഹൃദയം നിലച്ചത് അറിയാതെ അവൻ ചേർന്നുറങ്ങി, മണിക്കൂറുകളോളം
February 14, 2018, 3:36 pm
ഹൈദരാബാദ്: അമ്മ മരിച്ചതറിയാതെ മണിക്കൂറുകളോളം മാതാവിന്റെ ശരീരത്തോട് ചേർന്ന് ഉറങ്ങിയ അഞ്ചു വയസുകാരന്റെ ചിത്രം നൊമ്പരമാകുന്നു. ഹൈദരാബാദിലെ ഒസ്‌മാനിയ ആശുപത്രിയിൽ ഞായറാഴ്‌ചയാണ് സംഭവം നടന്നത്.

ഞായറാഴ്‌ച വൈകുന്നേരത്തോടെയാണ് മുപ്പത്തിയാറുകാരിയായ സമീന സുൽത്താനയും ഏകമകൻ ഷുഐബും ആശുപത്രിയിൽ ചികിത്സ തേടുന്നത്. എന്നാൽ മതിയായ ചികിത്സ ലഭിക്കാതെ സമീന ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് ഉപേക്ഷിച്ച് പോയ സമീനയ്‌ക്ക് ബന്ധുക്കളെന്ന് പറയാൻ മറ്റാരും ഉണ്ടായിരുന്നില്ല. മാതാവിന്റെ ചേതനയറ്റ ശരീരത്തോട് ചേർന്ന് കിടന്ന് മയങ്ങിയ കുഞ്ഞ് ഷുഐബിനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ആശുപത്രി ജീവനക്കാർ ഏറെ പാടുപെടേണ്ടി വന്നു. എന്നിട്ടും മാതൃഹൃദയത്തിന്റെ തുടിപ്പ് അവസാനിച്ചത് അംഗീകരിക്കാതെ അവൻ രണ്ട് മണിക്കൂറോളം അമ്മയുടെ ദേഹത്തോട് ഒട്ടിക്കിടന്നു.

അതേസമയം, സമീനയുടെ ബാഗിൽ നിന്നും കിട്ടിയ ആധാർ കാർഡിലെ വിലാസം വച്ച് ഇവരുടെ ബന്ധുക്കളെ കണ്ടെത്തിയതായും ഷുഐബിനെ ഒരു ബന്ധുവിനെ ഏൽപ്പിച്ചതായും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സമീനയുടെ മരണത്തിൽ ദുരൂഹതകളൊന്നും ഇല്ലെന്നും പോസ്‌റ്റ്മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതം മൂലമാണ് മരണമെന്ന് വ്യക്തമായതായും പൊലീസ് ഇൻസ്‌പെക്‌ടർ ജഗദീശ്വർ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ