തട്ടുകടയിൽ വണ്ടിനിറുത്തിക്കോ... പൂച്ചയിറച്ചി ചേർത്ത മട്ടൺ ബിരിയാണി കഴിക്കാം
February 14, 2018, 4:30 pm
ചെന്നൈ:ചെന്നൈ നഗരത്തിലെ വീടുകളിൽ നിന്നും സ്ഥിരമായി പൂച്ചകളെ കാണാതാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പീപ്പിൾ ഫോർ ആനിമൽസ് (പി.എഫ്.എ) എന്ന സംഘടന പൊലീസിനെ സമീപിക്കുന്നത്. തുടർന്ന് ചെന്നൈ പൊലീസ് കമ്മീഷണർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. നാടോടികളായ നരികൊറവ വിഭാഗത്തിൽ പെട്ടയാളുകളാണ് പൂച്ചകളെ തട്ടിക്കൊണ്ട് പോകുന്നതിന് പിന്നിൽ. എന്തിനാണ് ഇവർക്ക് ഇത്രയും പൂച്ചയെന്ന് അന്വേഷിച്ചപ്പോൾ പൊലീസുകാർ വീണ്ടും ഞെട്ടി.

നഗരത്തിലെ റോഡരികുകളിൽ കാണപ്പെടുന്ന തട്ടുകടകളിലും മറ്റും വിളമ്പുന്ന വിലകുറഞ്ഞ ബിരിയാണിയ്‌ക്ക് വേണ്ടിയാണ് പൂച്ചകളെ പിടിക്കുന്നത്. ആട്ടിറച്ചിക്കൊപ്പം കുറച്ച് പൂച്ചയുടെ ഇറച്ചി കൂടി ചേർത്താൽ ആർക്കും കണ്ടുപിടിക്കാനുമാകില്ല. നരികൊറവ വിഭാഗത്തിന്റെ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നാൽപത് പൂച്ചകളെയും പൊലീസ് പിടികൂടിയിരുന്നു. രണ്ട് പതിറ്റാണ്ടുകളായ ഇക്കൂട്ടരാണ് ചെന്നൈയിൽ 'മട്ടൺ' വിതരണം ചെയ്‌തിരുന്നത്.

കയറിൽ കുരുക്കിയും വലയിലാക്കിയും പിടികൂടുന്ന പൂച്ചകളെ വെള്ളത്തിലിട്ട് ചൂടാക്കിയാണ് കൊല്ലുന്നത്. തുടർന്ന് തൊലിയുരിഞ്ഞ് ഇറച്ചിയാക്കി റോഡരികിലെ കടകളിൽ വിൽക്കും. മദ്യഷോപ്പുകളുടെ അടുത്ത് സ്ഥിതി ചെയ്യുന്ന ഈ കടകളിൽ വിളമ്പുന്ന ഭക്ഷണത്തെക്കുറിച്ച് ആരും പരാതി നൽകില്ലെന്നത് സംഘത്തിന് തുണയായി. പൂച്ചകളെ കൊല്ലുന്നത് നിറുത്താൻ നരികൊറവ വിഭാഗത്തിൽ പെട്ട ആളുകളെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കുമെന്ന് പി.എഫ്.എ അധികൃതർ വ്യക്തമാക്കി. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്നതിനാൽ ഇക്കാര്യത്തിൽ ചെന്നൈ കോർപ്പറേഷനും ഇടപെടണമെന്ന് പി.എഫ്.എ ആവശ്യപ്പെട്ടു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ