ഒറ്റനോട്ടത്തിൽ: ഷുഹൈബ് വധം, ബസ് ചാർജ് കൂട്ടി, ബാർ കോഴക്കേസ്, പാകിസ്ഥാൻ, അക്ഷയ് കുമാർ
February 14, 2018, 4:00 pm

1. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കണ്ണൂർ എടയന്നൂർ സ്വദേശി ശുഹൈബ് കൊല്ലപ്പെട്ടതിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. സംഭവത്തിൽ പ്രതിഷേധിച്ച് കളക്ട്രേറ്റിന് മുന്നിൽ 24 മണിക്കൂർ ഉപവാസ സമരം ആരംഭിച്ച് കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി. ശുഹൈബിനെ കൊലപ്പെടുത്തിയത് സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വം അറിഞ്ഞുകൊണ്ടെന്ന് വി.ഡി.സതീശൻ

2. കൊലപാതകത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അറിവുണ്ടായിരുന്നോ എന്ന് സി.പി.എം വ്യക്തമാക്കണം. മുഖ്യൻ അറിഞ്ഞിട്ടില്ലെങ്കിൽ കൊലപാതകം ആസൂത്രണം ചെയ്ത ജില്ലാ സെക്രട്ടറി പി. ജയരാജന് എതിരെ 24 മണിക്കൂറിനുള്ളിൽ നടപടി എടുക്കണം. ഷുഹൈബിനെ കൊലപ്പെടുത്തിയ രീതി അറിഞ്ഞാൽ ഐസിസ് ഭീകരർ പോലും സി.പി.എമ്മിന് മുന്നിൽ ആയുധംവച്ച് കീഴടങ്ങുമെന്നും കെ.പി.സി.സി വൈസ് പ്രസിഡന്റ്

3. കൊലയ്ക്ക് കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ്.ഐ.ആർ. ഇതിനകം 30ൽ അധികം പേരെ ചോദ്യം ചെയ്തതായും പരാമർശം. അതിനിടെ, പൊലീസിന് എതിരെ ആരോപണവുമായി ശുഹൈബിന്റെ കുടുംബം. മകന് എതിരെ നിരന്തരം ഭീഷണിയുണ്ടായിട്ടും പൊലീസ് അവഗണിച്ചു. മരണം കഴിഞ്ഞ് 24 മണിക്കൂർ കഴിഞ്ഞിട്ടും പൊലീസ് വീട്ടിൽ വന്നിട്ടില്ല. അന്വേഷണം തൃപ്തികരം അല്ലെന്നും കുടുംബം

4. സംസ്ഥാനത്ത് ബസ് മിനിമം ചാർജ് എട്ടുരൂപയാക്കി വർദ്ധിപ്പിച്ച് മന്ത്രിസഭാ തീരുമാനം. ഫാസറ്റ് പാസഞ്ചറിലെ മിനിമം നിരക്ക് 10 രൂപയിൽ നിന്ന് 11 രൂപയാക്കി. വിദ്യാർത്ഥികളുടെ മിനിമം നിരക്കിൽ മാറ്റമില്ല. സ്ലാബ് അടിസ്ഥാനത്തിൽ നേരിയ വർധന ഉണ്ടാകും. വർധനവ് മാർച്ച് ഒന്നു മുതൽ പ്രാബല്യത്തിൽ. എന്നാൽ ചാർജ് വർദ്ധന അപര്യാപ്തമെന്ന് ബസ്സുടമകൾ

5. ബസ് ചാർജ് വർദ്ധിപ്പിക്കാൻ തീരുമാനമായത്, ഇന്നലത്തെ ഇടതുമുന്നണി യോഗത്തിൽ. ഈ മാസം 16ാം തീയതി മുതൽ ബസ്സുടമകൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ ആണ് ബസ് ചാർജിലെ നേരിയ വർദ്ധനവ്. ഇന്ധന വില ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ചാർജ് വർദ്ധനവ് അല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് മന്ത്രിസഭ

6. നിരക്ക് വർധന പ്രാബല്യത്തിൽ ആകുന്നതോടെ എക്സിക്യൂട്ടീവ് സൂപ്പർ എക്സ്പ്രസിന്റെ നിരക്ക് 13 നിന്ന് 15 ഉം, സൂപ്പർ ഡീലക്സ് സെമി സ്ലീപ്പർ നിരക്ക് 20 നിന്ന് 22 ഉം, ലക്ഷ്വറി എ.സി ബസ് നിരക്ക് 40 നിന്ന് 44 ഉം ആകും. വോൾവോയുടെ മിനിമം നിരക്ക് 40 നിന്ന് അഞ്ച് രൂപ വർധിച്ച് 45 രൂപയാക്കാനും മന്ത്രിസഭ തീരുമാനം. 2014 മെയ് 19 നാണ് അവസാനമായി ബസ് നിരക്ക് വർധിപ്പിച്ചത്

7. ബാർ കോഴ കേസിൽ സി.പി.എം ഗൂഢാലോചന ആരോപിച്ച ബിജു രമേശിന്റെ വെളിപ്പെടുത്തൽ ശരിവച്ച് ഉമ്മൻചാണ്ടി. കെ.എം.മാണിക്ക് എതിരായ കേസ് സി.പി.എം കെട്ടിച്ചമച്ചതെന്ന് ഇപ്പോൾ ബോധ്യമായില്ലേ എന്ന് ചോദ്യം. ഇക്കാര്യത്തിൽ കോടിയേരി മറുപടി പറയണം. ഇനിയും പുറത്തുവരാൻ ഒരുപാട് വസ്തുതകൾ ഉണ്ടെന്നും ഉമ്മൻചാണ്ടി

8. നിയമസഭാ സമ്മേളനം ഈ മാസം 26 മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗത്തിൽ ധാരണ. മൃഗ സംരക്ഷണ വകുപ്പിൽ പുതുതായി 35 തസ്തികകൾ സൃഷ്ടിക്കാനും കേരള കലാമണ്ഡലം കൽപിത സർവകലാശാല ജീവനക്കാർക്ക് പത്താം ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങൾ അനുവദിക്കാനും യോഗത്തിൽ ധാരണയായി

9. ആയുധമെടുക്കാൻ സി.പി.എമ്മുകാർ തങ്ങളെ നിർബന്ധിക്കരുത് എന്ന് കോൺഗ്രസ് നേതാവ് കെ.സുധാകരൻ. കോൺഗ്രസുകാരുടെ സഹിഷ്ണുതയെ ദൗർബല്യമായി കാണരുത്. പ്രതികരണം, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ മരണത്തിൽ പ്രതിഷേധിച്ച് സതീശൻ പാച്ചേനി നടത്തുന്ന ഉപവാസ സമരത്തിൽ സംസാരിക്കവെ

10. സ്വാതന്ത്രത്തിന് പിന്നാലെ പാകിസ്ഥാൻ ജമ്മു കാശ്മീർ ആക്രമിച്ചപ്പോൾ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ആർ.എസ്.എസിന്റെ സഹായം തേടിയെന്ന് കേന്ദ്ര മന്ത്രി ഉമ ഭാരതി. നെഹ്രുവിന്റെ അഭ്യർത്ഥന അനുസരിച്ച് സംഘപരിവാർ പ്രവർത്തകർ അവിടെയെത്തി സഹായം നൽകിയെന്നും മന്ത്രി. രാജ്യത്ത് യുദ്ധ സമാനമായ സാഹചര്യം ഉണ്ടായാൽ ഇന്ത്യൻ സൈന്യത്തിന് സജ്ജമാകാൻ ആറു മാസം വേണ്ടിവരുമ്പോൾ, ആർ.എസ്.എസിന് മൂന്ന് മാസം മാത്രം മതിയെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശത്തിന് പിന്നാലെയാണ് ഉമ ഭാരതിയുടെ അവകാശ വാദം

11. ശുദ്ധജലം വറ്റിവരണ്ട് ആവാസ യോഗ്യമല്ലാതാവുന്ന ലോകത്തെ പ്രധാന നഗരങ്ങളുടെ പട്ടികയിൽ രണ്ടാംസ്ഥാനത്ത് ബംഗളൂരു. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലുണ്ടായതുപോലെ അതീവ ജലക്ഷാമം മൂലം ജനം നഗരം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ട സാഹചര്യം വരുമെന്നാണ് സർവേ റിപ്പോർട്ടുകൾ. ലിസ്റ്റിലെ ആദ്യ പേര് ബ്രസീലിലെ സാവോ പോളയുടേതാണ്

12. പാകിസ്ഥാൻ പുതിയ തരം ആണവായുധങ്ങൾ വികസിപ്പിക്കുന്ന എന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി്. ലോകം നേരിടുന്ന ഭീഷണി സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്, അമേരിക്കൻ ഇന്റലിജൻസ് ഡയറക്ടർ ഡാൻ കോട്സ്. പുതിയതരം അണു ആയുധങ്ങൾ കൂടാതെ ഹ്രസ്വ ശ്രേണിയിൽപെട്ട തന്ത്രപരമായ ഉപകരണങ്ങൾ, കടലിൽ നിന്നും ആകാശത്ത് വിക്ഷേപിക്കുന്ന ക്രൂയിസ് മിസൈലുകൾ എന്നിവയാണ് പാകിസ്ഥാൻ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്

13. സാനിറ്ററി പാഡ് രംഗത്ത് വിപ്ലവം രചിച്ച തമിഴ്നാട്ടുകാരൻ അരുണാചലം മുരുകാനന്ദത്തെ സ്‌ക്രീനിൽ അവതരിപ്പിച്ച് കയ്യടി നേടുന്നതിനിടെ, ധവള വിപ്ലവത്തിന്റെ പിതാവ് വർഗീസ് കുര്യനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സൂപ്പർ താരം അക്ഷയ് കുമാർ. റിപ്പോർട്ടുകൾ അനുസരിച്ച് മിൽക് മാനായി അക്ഷയ്കുമാർ എത്തിയേക്കും. എക്താ കപൂറാണ് ചിത്രം ഒരുക്കുന്നത്. വർഗീസ് കുര്യന്റെ ഐ ടൂ ഹാഡ് എ ഡ്രീം എന്ന പുസ്തകത്തിന്റെ പകർപ്പവകാശം എക്താ കപൂർ സ്വന്തമാക്കിയതായാണ് വിവരം

14. പ്രണയദിനം ആഘോഷമാക്കാൻ ഗൗതം വാസുദേവ മേനോന്റെ സംവിധാനത്തിൽ ഉലവിരവ് മ്യൂസിക് വീഡിയോ പുറത്തിറങ്ങി. ടൊവിനോ തോമസ്, ദിവ്യ ദർശിനി എന്നിവർ അഭിനയിച്ചിരിക്കുന്ന പ്രണയ ഗാനം ഈണമിട്ട് പാടിയിരിക്കുന്നത് കാർത്തിക്കാണ്. മദൻ കർക്കിയുടേതാണ് വരികൾ. നൈറ്റ് ഡെ്യ്‌റ്റ് എന്നാണ് ഉരവിരവിന്റെ അർത്ഥം
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ