ട്രെയിനിന്റെ വൈകിയോട്ടം പിടിക്കാൻ ആട്ടോമാറ്റിക് സംവിധാനം വരുന്നു
March 10, 2018, 12:44 am
പി.എച്ച്. സനൽകുമാർ
തിരുവനന്തപുരം: വൈകിയോടുന്ന ട്രെയിനുകളെ പിടിക്കാൻ റെയിൽവേ സ്റ്റേഷനുകളിൽ ആട്ടോമാറ്റിക് സംവിധാനമൊരുക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്തെ 17 പ്രധാന സ്റ്റേഷനുകളിൽ ഈ മാസവും 41 സ്റ്റേഷനുകളിൽ അടുത്തമാസവും ഇത് നടപ്പാക്കും. പിന്നീട് ഘട്ടംഘട്ടമായി സ്റ്റേഷനുകളുടെ എണ്ണം കൂട്ടും. ദക്ഷിണ റെയിൽവേയിൽ ചെന്നൈ സെൻട്രൽ സ്റ്റേഷനിലാണിത് ആദ്യം നടപ്പാക്കുന്നത്.

സ്റ്റേഷനുകളിൽ സിഗ്നലിന് സമീപത്തായാണ് ആട്ടോമാറ്റിക് സംവിധാനം സ്ഥാപിക്കുക. ഡാറ്റാ ലോഗർ എന്ന ഇലക്ട്രോണിക്സ് ഡിവൈസാണിത്. ട്രെയിനുകളെ സെൻസർ ഉപയോഗിച്ച് മനസിലാക്കുകയും റണ്ണിംഗ് ഇൻഫർമേഷൻ സംവിധാനം, സിംഗ്നൽ ബ്രേക്ക്, സെൻട്രൽ സെർവറിലെ കൺട്രോൾ ഓഫീസ് ആപ്ളിക്കേഷൻ എന്നിവയുമായി ഒപ്ടിക്കൽ ഫൈബർ ബാക്ക് അപ്പ് നെറ്റ്‌വർക്ക് മുഖേന ബന്ധിപ്പിച്ച് വൈകിയോട്ടം കണ്ടെത്തി റിപ്പോർട്ട് നൽകുകയും ചെയ്യും. ട്രെയിനുകളുടെ സമയവിവരം ആട്ടോമാറ്റിക്കായി സമാഹരിച്ച് മോണിട്ടറിംഗ് സംവിധാനത്തിലേക്ക് അപ്പപ്പോൾ അയയ്ക്കും. ഇത് ഫലപ്രദമായി പ്രവർത്തിക്കാൻ ഒരു ടെർമിനേറ്റിംഗ് സ്റ്റേഷനിലും അതിന് ചേർന്നുള്ള മറ്റൊരു സ്റ്റേഷനിലും സ്ഥാപിക്കും. ഇത് രണ്ടും സംയോജിപ്പിച്ചാണ് പ്രവർത്തിക്കുക.ചെന്നൈയിൽ ഡാറ്റാലോഗർ സ്ഥാപിക്കുന്നതോടെ കേരളത്തിൽ നിന്നുള്ള ട്രെയിനുകളുൾപ്പെടെ ഇതുവഴി കടന്നുപോകുന്ന എല്ലാ ട്രെയിനുകളിലും നിയന്ത്രണ സംവിധാനം ബാധകമാകും.

നിലവിൽ ഓരോ സ്റ്റേഷനിലും ട്രെയിൻ എത്തുമ്പോൾ കൺട്രോൾ ഓഫീസർ റണ്ണിംഗ് ഇൻഫർമേഷൻ സംവിധാനത്തിൽ വന്ന സമയവും പോയ സമയവും നൽകുകയാണ് രീതി. ഇത് പലപ്പോഴും കൃത്യമായിരിക്കില്ല. അവരുടെ സൗകര്യമനുസരിച്ച് ട്രെയിനിന്റെ സമയവുമായി സാമ്യമുള്ള സമയമായിരിക്കും നൽകുക. ഇതുമൂലം ട്രെയിൻ വൈകുന്നത് സെൻട്രൽ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ അറിയാതിരിക്കുകയും മറ്റ് ട്രെയിനുകളുടെ കാലതാമസത്തിന് ഇടയാക്കുകയും ചെയ്യും.

ഉദാഹരണത്തിന് തിരുവനന്തപുരം പേട്ടയിൽ നിന്ന് സെൻ‌ട്രലിലേക്ക് മൂന്ന് കിലോമീറ്ററാണ് ദൂരം. ഈ ദൂരം ഓടിയെത്താൻ സാധാരണ അഞ്ച് മിനിട്ട് മതി. എന്നാൽ സൂപ്പർ ഫാസ്റ്റായ കെ.കെ എക്സ്‌പ്രസ് 45 മിനിട്ടും, എക്സ്‌പ്രസുകളായ ട്രിവാൻഡ്രം മെയിൽ 35 മിനിട്ടും, ഐലൻ‌ഡ് 45 മിനിട്ടും എടുക്കുന്നു.

മനഃപൂർവമെങ്കിൽ പിടിവീഴും
 ഓരോ സ്റ്റേഷനിലും ട്രെയിൻ വരുന്നതും പോകുന്നതും ആട്ടോമാറ്റിക്കയി രേഖപ്പെടുത്തി റിപ്പോർട്ട് ചെയ്യും
 റെയിൽവേ നെറ്റ്‌വർക്കിംഗ് സംവിധാനത്തിലെ പിഴവു കൊണ്ടല്ലാത്ത ഏത് വൈകലിനും കാരണം ബോധിപ്പിക്കണം
 മനഃപൂർവമായി വൈകിയതാണെങ്കിൽ നടപടിയുണ്ടാകും
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ