കേരളത്തിൽ നിന്ന് ആശയങ്ങൾ തേടി ലോക്‌ഹീഡ് മാർട്ടിൻ
March 11, 2018, 6:04 am
കൊച്ചി: ലോകത്തിലെ മുൻനിര യുദ്ധവിമാനങ്ങളായ എഫ് -22, എഫ്-18, എഫ്-16, സി-130 തുടങ്ങിയവ നിർമ്മിക്കുന്ന പ്രമുഖ അമേരിക്കൻ കമ്പനി ലോക്‌ഹീഡ് മാർട്ടിൻ ന്യൂഡൽഹിയിൽ സംഘടിപ്പിക്കുന്ന ഇന്ത്യ ഇന്നൊവേഷൻ ഗ്രോത്ത് പ്രോഗ്രാമിലേക്ക് (ഐ.ഐ.ജി.പി) കേരളത്തിൽ നിന്നുള്ള സ്‌റ്റാർട്ടപ്പുകൾക്ക് ക്ഷണം. മികച്ച ആശയങ്ങൾ ഈ മാസം 21 മുതൽ സമർപ്പിക്കാമെന്ന് ലോക്‌ഹീഡ് മാർട്ടിൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഫിൽ ഷോ പറഞ്ഞു. ഹാർഡ്‌വെയർ സ്‌റ്റാർട്ടപ്പുകളിൽ നിക്ഷേപം ആകർഷിക്കാനും പ്രോത്‌സാഹനം നൽകാനുമായി സ്‌റ്റാർട്ടപ്പ് ഇൻകുബേറ്ററായ മേക്കർ വില്ലേജ് സംഘടിപ്പിച്ച 'ഹാർഡ്ടെക് കൊച്ചി' ദേശീയ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മികച്ച സ്‌റ്റാർട്ടപ്പ് ആശയങ്ങൾക്ക് ലോക്‌ഹീഡ് മാർട്ടിൻ സാമ്പത്തിക സഹായം നൽകാറുണ്ട്. ഐ.ഐ.ജി.പിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയങ്ങൾക്കും വ്യക്തികൾക്കും ലോക്‌ഹീഡ് മാർട്ടിനിൽ നിന്ന് നിക്ഷേപം ലഭിക്കും. ലോക്‌ഹീഡ് മാർട്ടിന്റെ ഗവേഷണ സ്ഥാപനങ്ങളിൽ പരിശീലനവും ലഭ്യമാക്കും. 25 വർഷത്തിലേറെയായി ഇന്ത്യയിൽ ലോക്‌ഹീഡ് മാർട്ടിന് സാന്നിദ്ധ്യമുണ്ട്. കേന്ദ്രസർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ കാമ്പയിന് മികച്ച പിന്തുണയും കമ്പനി നൽകുന്നു. വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട ഇലക്‌ട്രോണിക് ഉത്‌പന്നങ്ങൾക്ക് മികച്ച വിപണിയുണ്ട്. ഇന്ത്യ വൈകാതെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സിവിൽ വ്യോമയാന രാജ്യമായി മാറുമെന്നും ഫിൽ ഷോ പറഞ്ഞു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ