ചൈനയിൽ ഷി യുഗം
March 12, 2018, 12:10 am
ഡോ. ജോസുകുട്ടി സി.എ.
മാർച്ച് 11, 2018 ഇനി മുതൽ ചൈനീസ് ചരിത്രത്തിൽ ഷി ജിങ് പിങ്ങ് യുഗം അരക്കിട്ടുറപ്പിച്ച ദിനമായാണ് അറിയപ്പെടുക. ചൈനീസ് ഭരണഘടന പ്രകാരം , രണ്ട് തവണ മാത്രമേ ഒരാൾക്ക് ചൈനീസ് പ്രസിഡന്റായി ഭരണത്തിലിരിക്കാൻ കഴിയൂ എന്ന ഭരണഘടനാ വകുപ്പ് ഷി ജിങ് പിങ്ങിന് വേണ്ടി നാഷണൽ പീപ്പിൾസ് കോൺഗ്രസ്സിന്റെ സമ്മേളനത്തിൽ ഭേദഗതി ചെയ്യപ്പെട്ടു കഴിഞ്ഞു. ഇനി ഷി ജിങ് പിങ്ങ് ആഗ്രഹിക്കുന്നിടത്തോളം കാലം അദ്ദേഹത്തിന് പ്രസിഡന്റായി തുടരാം . ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങിന്റെ അഭിപ്രായത്തിൽ ഇനി മുതൽ ' ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ' ഷി ജിങ് പിങ്ങിന്റെ പരമാധികാരത്തെ എല്ലാ ചൈനക്കാരും അംഗീകരിക്കണം. ചെയർമാൻ മാവോയ്‌ക്ക് മാത്രമാണ് ഇതുപോലെ അതിരുകളില്ലാത്ത അധികാരം ചൈനയിൽ കൽപ്പിച്ച് നൽകിയിരുന്നത്. സംശയം വേണ്ട ഇനി 'ഷി യുഗ'മാണ് ചൈനയിൽ .
2017 ഒക്‌ടോബറിൽ നടന്ന 19 -ാം ചൈനീസ് കമ്മ്യൂണിസ്‌റ്ര് പാർട്ടി കോൺഗ്രസ്സിലെ ഏറ്രവും പ്രധാന തീരുമാനമായി വിലയിരുത്തപ്പെട്ടത് 2022 ൽ ഇപ്പോഴത്തെ പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായ ഷി ജിങ് പിങ്ങിന്റെ കാലാവധി കഴിയുമ്പോൾ ആരായിരിക്കും പിൻഗാമിയായി വരിക എന്ന പതിവ് തീരുമാനം എടുത്തില്ല എന്നതാണ്. 2022 ന് ശേഷവും ഷി ജിങ് പിങ്ങ് തന്നെ ചൈനയെ നയിക്കാൻ വേണ്ടിയിട്ടുള്ള പാതയൊരുക്കലായിരുന്നു ഇത്. ഇത് ശരിവയ്‌ക്കുന്ന നിർദേശമാണ് കഴിഞ്ഞദിവസം നാഷണൽ പീപ്പിൾസ് കോൺഗ്രസ്സ് എടുത്തത്. ഇതിൻപ്രകാരം രണ്ട് തവണ മാത്രമേ ഒരാൾക്ക് പ്രസിഡന്റായി തുടരാൻ കഴിയൂ എന്ന നിബന്‌ധന ഇനി മുതൽ ഇല്ല.
യഥാർത്ഥത്തിൽ ഇപ്പോൾ എടുത്തിട്ടുള്ള തീരുമാനം ഒരു നിശബ്‌ദ അട്ടിമറിയാണ്. ഭരണഘടനാ ഭേദഗതിയോടൊപ്പം തന്നെ രണ്ട് പ്രധാനപ്പെട്ട തീരുമാനങ്ങൾ പീപ്പിൾസ് കോൺഗ്രസ്സ് എടുത്തിട്ടുണ്ട്. ഒന്ന്, ഷി ജിങ് പിങ്ങിന്റെ ചിന്തകൾ ഭരണഘടനയോടൊപ്പം വിളക്കിച്ചേർത്തു. രണ്ട്, പാർട്ടി പ്രവർത്തകരുടെയും ഉദ്യോഗസ്‌ഥരുടേയും ചെയ്‌തികൾ യഥേഷ്‌ടം അന്വേഷിക്കാൻ അധികാരമുള്ള സൂപ്പർവൈസറി കമ്മിഷൻ രൂപീകരിച്ചു. ഈ രണ്ട് ഭേദഗതികളും ഷി ജിങ് പിങ്ങിനെ അതിശക്‌തനാക്കും.സൗമ്യനെങ്കിലും....
സൗമ്യനെങ്കിലും ഏകാധിപത്യ ആശയങ്ങളോട് താത്‌പര്യമുള്ളയാളാണ് ഷി ജിങ് പിങ്ങ്. ഫലപ്രദമായ ഭരണനിർവഹണത്തിന് അധികാര കേന്ദ്രീകരണം അനിവാര്യമാണെന്ന് ഷി കരുതുന്നു. തന്നിലൂടെ മാത്രമേ ചൈനയ്‌ക്ക് ഒരു പ്രബല രാഷ്‌ട്രമാകാൻ കഴിയൂ എന്ന് ഷി അന്‌ധമായി വിശ്വസിക്കുന്നു. തന്റെ നേതൃത്വം ചൈനയ്‌ക്ക് ഇനി അനിവാര്യമാണ്.
ചൈനയുടെ ആഭ്യന്തര രാഷ്‌ട്രീയത്തിനും ലോകരാഷ്‌ട്രീയത്തിനും വളരെ നിർണായകമായ തീരുമാനമാണ് ഷിയ്‌ക്ക് ആജീവനാന്തം ഭരണത്തിൽ തുടരാനുള്ള അനുമതി. ഷിയുടെ നേതൃത്വത്തിനെതിരെ ആഭ്യന്തര രാഷ്‌ട്രീയത്തിൽ ഇപ്പോൾ തന്നെ മുറുമുറുപ്പുകൾ ഉയരുന്നുണ്ട് . നാഷണൽ പീപ്പിൾസ് കോൺഗ്രസ്സിലെ തീരുമാനങ്ങൾ സാധാരണഗതിയിൽ എതിർക്കപ്പെടാറില്ല. എന്നാൽ ഷി യെ ആജീവനാന്ത പ്രസിഡന്റാക്കിയതിനെതിരെ ഏതാനും പ്രതിനിധികൾ വോട്ട് ചെയ്യുകയും ചിലർ വിട്ട് നിൽക്കുകയും ചെയ്‌തിട്ടുണ്ട്. എല്ലാം ശുഭമല്ല എന്നാണിത് കാണിക്കുന്നത്. മിതവാദിയായ മാദ്ധ്യമപ്രവർത്തകൻ ലീ ഡാറ്റോംഗിന്റെ അഭിപ്രായത്തിൽ ഷി യുടെ ഏകാധിപത്യം ചൈനയേയും ചൈനീസ് ജനതയേയും മാവോയുടെ കാലത്തെന്ന പോലെ നശിപ്പിക്കും. പീപ്പിൾസ് കോൺഗ്രസ്സിലെ പ്രതിനിധികൾ വെറും പാവകളായിട്ടാണ് ഈ ഭേദഗതി അംഗീകരിച്ചിട്ടുള്ളത്. ഇത്തരം ഏകാധിപതികൾ ഒരിക്കലും അവകാശപ്പെട്ട ലക്ഷ്യങ്ങൾ നേടിയിട്ടില്ല.
ഒപ്പം , നവമാദ്ധ്യമങ്ങൾ സാമൂഹിക മുന്നേറ്റത്തിന്റെ വേദിയാകുന്ന ഈ കാലഘട്ടത്തിൽ ഷിക്ക് എതിർപ്പ് നേരിടാതെ എത്രകാലം മുന്നോട്ടു പോകാൻ കഴിയുമെന്നതും ചോദ്യമായി നിലനിൽക്കുന്നു. അതുപോലെ തന്നെ പാർട്ടിയിലെയും ഭരണത്തിലെയും ശക്‌തമായ ഉദ്യോഗസ്‌ഥ സംവിധാനം ഉയർത്തുന്ന വെല്ലുവിളികളും ചെറുതായിരിക്കില്ല. പ്രത്യേകിച്ചും അഴിമതിക്കെതിരെ പടവാൾ ഉയർത്തുന്ന ഷി ജിങ് പിങ്ങ് ഇവരുടെ എതിർപ്പ് വിളിച്ചുവരുത്തും. ഇപ്പോൾ രൂപീകരിച്ചിട്ടുള്ള സൂപ്പർവൈസറി കമ്മിഷൻ ഭരണത്തലപ്പത്തുള്ളവരുടെ ആനുകൂല്യങ്ങൾ എടുത്ത് മാറ്രിയാൽ എതിർപ്പ് രൂക്ഷമാകും.
ഇതോടൊപ്പം തന്നെ പ്രസക്‌തമാണ് ചൈനയെ ഒരു സമ്പന്ന രാഷ്‌ട്രമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ പാളിച്ച വരാതിരിക്കേണ്ടത്.
ഷി യുഗം അന്താരാഷ്‌ട്ര ബന്ധങ്ങളിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. 2050 ഓടുകൂടി ചൈനയെ സാമ്പത്തികമായും രാഷ്‌ട്രീയമായും ലോകത്തെ ഏറ്രവും പ്രബല രാഷ്‌ട്രമാക്കുക എന്നതാണ് കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ പ്രഖ്യാപിത ലക്ഷ്യം. 19 -ാം പാർട്ടി കോൺഗ്രസ്സിലെ പ്രമാണ രേഖയിൽ ഈ ലക്ഷ്യം ഊന്നിപ്പറയുന്നുണ്ട്. ഈ ലക്ഷ്യം നേടിയെടുക്കാൻ ഷി ജിങ് പിങ്ങിന് മാത്രമേ കഴിയൂ എന്ന ധാരണയിലാണ് അദ്ദേഹത്തിന് ജീവിതകാലം മുഴുവനും പ്രസിഡന്റായി തുടരാൻ ഉതകുന്ന രീതിയിൽ ചൈനീസ് ഭരണഘടനയിൽ ഭേദഗതി വരുത്തിയിരിക്കുന്നത്.
വമ്പിച്ച പദ്ധതികളാണ് ഇതിനായി ചൈന ആസൂത്രണം ചെയ്‌തത്. ചൈനീസ് സൈന്യത്തിന്റെ ആധുനികവത്‌കരണവും വിദേശരാജ്യങ്ങളിൽ സൈനിക താവളങ്ങളുടെ നിർമ്മാണവും ഇതിൽ പ്രധാനപ്പെട്ടതാണ്. തെക്കേ ഏഷ്യയിൽ തുറമുഖങ്ങളുടെ നിർമ്മാണത്തിലൂടെയും വൻതോതിലുള്ള നിക്ഷേപങ്ങളിലൂടെയും ഇന്ത്യയ്‌ക്കെതിരെ വളയം തീർക്കുന്നതു പോലെ , ലോകത്തിലെ മറ്റ് പ്രദേശങ്ങളിലും ചൈന തന്ത്രപരമായ സാന്നിദ്ധ്യം ഉറപ്പിക്കുകയാണ്. ഒരു പാത, ഒരു മേഖല പദ്ധതിയിലൂടെ സൈനികവും സാമ്പത്തികവുമായ ആഗോള സാന്നിദ്ധ്യമാണ് ചൈന ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ആഗോള, ധനകാര്യ സ്‌ഥാപനങ്ങളിലും മറ്റ് ലോക ഭരണകാര്യ സംവിധാനങ്ങളിലും ചൈനയുടെ സ്വാധീനം വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇത്തരം വേദികളിൽ നിന്ന് ചൈനയെ പരമാവധി അകറ്റി നിറുത്താനാണ് പാശ്‌ചാത്യ ശക്‌തികൾ ശ്രമിക്കുന്നത്. ഈ സമീപനത്തോടുള്ള ചൈനയുടെ പ്രതികരണമാണ് ഏഷ്യൻ ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്‌റ്ര്‌മെന്റ് ബാങ്കിന്റെയും ബ്രിക്‌സ് ന്യൂ ഡവലപ്‌മെന്റ് ബാങ്കിന്റെയും രൂപീകരണം.
ചുരുക്കത്തിൽ ചൈനയുടെ പ്രബലരാഷ്‌ട്ര സ്വപ്‌നം പൂവണിയാൻ കടുത്ത വെല്ലുവിളികളാണുള്ളത്. ഈ വെല്ലുവിളികൾ ഏറ്റെടുക്കാൻ ഷി ജിങ് പിങ്ങിന് പരിധികളില്ലാത്ത അധികാരം കൊടുത്താൽ മാത്രമേ കഴിയൂ എന്ന യുക്‌തിയാണ് അദ്ദേഹത്തിന് ജീവിതകാലം പ്രസി‌ഡന്റായി തുടരാൻ ചൈന സാഹചര്യമൊരുക്കിയിരിക്കുന്നത്. ഇത് ചൈനയുടെ ഷി ജിങ് പിങ്ങ് നയിക്കുന്ന സമകാലീന ' ലോംഗ് മാർച്ചാ'ണ്.
ഷിക്ക് ലഭിച്ചിരിക്കുന്ന അതിരുകളില്ലാത്ത അധികാരം ലോകം ഏകാധിപത്യ ഭരണത്തിലേക്ക് തിരിച്ചു പോകുന്നതിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നുണ്ട്. അമേരിക്കയിലും ആജീവനാന്ത പ്രസിഡന്റുമാർ അധികാരമേൽക്കുന്നത് നന്നായിരിക്കുമെന്ന ട്രംപിന്റെ പ്രസ്‌താവനയും ഇതോടൊപ്പം ചേർത്ത് വായിക്കാവുന്നതാണ്.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ