മരണത്തിനു മുന്നിൽ പണമില്ലാതെ വിങ്ങിപ്പൊട്ടുന്നവർ
March 7, 2018, 12:55 am
ഒ.സി.മോഹൻരാജ്
കണ്ണൂർ: ജാർഖണ്ഡുകാരനായ സഹ്ജാദ് അൻസാരിയുടെ മൃതദേഹത്തിന് രണ്ടു ദിവസത്തോളം കാവലിരിക്കുകയായിരുന്നു സഹപ്രവർത്തകർ. മൃതദേഹം വിമാനത്തിൽ കൊണ്ടുപോകാൻ രണ്ടു ലക്ഷത്തിലേറെ രൂപയാവുമെന്നു കേട്ടപ്പോൾ അവർ ആകെ തളർന്നുപോയി. ആംബുലൻസിനാണെങ്കിലും അത്രതന്നെ ചെലവുണ്ട്. ആരു സഹായിക്കാൻ...?

കെട്ടിട നിർമ്മാണ തൊഴിലാളിയായ അൻസാരി കഴിഞ്ഞ ആഴ്ച ചൊക്ളിയ്ക്കടുത്ത് വാടകമുറിയിൽ ഹൃദയാഘാതം മൂലമാണ് മരിച്ചത്. രണ്ടു ദിവസത്തെ ആധിക്കൊടുവിൽ ഒരു സന്നദ്ധസംഘടനയുടെ സഹായത്തോടെയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. സംസ്ഥാനത്ത് അസംഘടിത മേഖലയിൽ എട്ടു ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികളുണ്ട്. ഇവരിൽ ആരെങ്കിലും മരിച്ചാൽ ഇവിടുത്തെ സർക്കാരോ അവിടങ്ങളിലെ സർക്കാരോ തിരിഞ്ഞുനോക്കാറില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് മൃതദേഹം കൊണ്ടു പോകാൻ അപൂർവം ആംബുലൻസുകാരേ സമ്മതിക്കാറുള്ളൂ. വാടക രണ്ടു മുതൽ മൂന്നു ലക്ഷം വരെയായിരിക്കും.

മോർച്ചറിയിൽ സൂക്ഷിക്കാൻ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് മരിച്ചവരുടെ ബന്ധുക്കളെത്താൻ നാലഞ്ചു ദിവസമെടുക്കും. അത്രയും ദിവസം മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണം. ട്രെയിനിൽ കൊണ്ടുപോകാൻ എംബാം സർട്ടിഫിക്കറ്റ് പാലക്കാട് റെയിൽവേ ഡിവിഷണൽ ഓഫീസിൽ എത്തിക്കണം. അനുമതി ലഭിച്ച് മൃതദേഹം പുറത്തെടുത്താൽ ഉടൻ കൊണ്ടുപോകണം. ട്രെയിൻ വൈകിയാലും വീണ്ടും മോർച്ചറിയിൽ വയ്‌ക്കില്ല.

കഴിഞ്ഞ വർഷം 80 മരണം

കഴിഞ്ഞ വർഷം 80 ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചതായാണ് തൊഴിൽ വകുപ്പിന്റെ കണക്ക്. അനൗദ്യോഗികമായി ഇതിന്റെ ഇരട്ടിയോളം വരും. ഇതിൽ പകുതി മൃതദേഹങ്ങളും നാട്ടിലേക്ക് കൊണ്ടുപോകാതെ ഇവിടുത്തെ ശ്മശാനങ്ങളിൽ സംസ്കരിക്കുകയായിരുന്നു. ഇരുപതോളം മൃതദേഹങ്ങൾ മെഡിക്കൽ കോളേജുകൾക്ക് നൽകി.

ക്ഷേമനിധിയെ പറ്റി അറിയില്ല
മുപ്പത് രൂപ അടച്ച് നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ അംഗമായാൽ പല ആനുകൂല്യങ്ങളും ഉണ്ട്. മരിച്ചാൽ ആശ്രിതർക്ക് രണ്ടു ലക്ഷം ലഭിക്കും. മൃതദേഹം നാട്ടിലെത്തിക്കാനും സഹായമുണ്ട്. 15,000 രൂപയാണ് ചികിത്സാസഹായം.
ഇതര സംസ്ഥാന തൊഴിലാളികൾ ക്ഷേമനിധിയെക്കുറിച്ച് അജ്ഞരാണ്. അഞ്ഞൂറിൽ താഴെ പേർ മാത്രമാണ് ഇതുവരെ അംഗത്വമെടുത്തിട്ടുള്ളത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ