സർക്കാർ അനാസ്ഥ: 3647 ദളിത് പെൺകുട്ടികളുടെ മാംഗല്യസ്വപ്‌നം പൊലിഞ്ഞു
March 14, 2018, 8:37 am
എം.എച്ച്. വിഷ്‌ണു
തിരുവനന്തപുരം: ജില്ലാപഞ്ചായത്തിന്റെ ജീവകാരുണ്യപദ്ധതി സർക്കാരിന്റെ എതിർപ്പിൽപ്പെട്ട് നിലംപരിശായപ്പോൾ തകർന്നുവീണത് 3647 ദളിത് പെൺകുട്ടികളുടെ വിവാഹസ്വപ്നങ്ങൾ.

ഒന്നുമുതൽ മൂന്നുവരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി, പട്ടികവർഗ പെൺകുട്ടികൾക്കായി 1997-98ൽ കോട്ടയം ജില്ലാ പഞ്ചായത്ത് നടപ്പാക്കിയതാണ് 'കന്യാവിവാഹ് ' പദ്ധതി. എൽ.ഐ.സിയുമായി സഹകരിച്ചുള്ള പദ്ധതിക്ക് ജില്ലാപഞ്ചായത്ത് വാർഷിക പ്രീമിയം അടയ്ക്കുകയും 21 വയസ് പൂർത്തിയാകുമ്പോൾ ഇൻഷ്വറൻസ് തുകയും ബോണസും ചേർന്ന് ലഭിക്കുന്ന തുക പെൺകുട്ടികളുടെ വിവാഹത്തിന് നൽകുകയുമായിരുന്നു പദ്ധതി. പട്ടികജാതിക്കാരായ 3318ഉം പട്ടികവർഗത്തിലെ 329ഉം പെൺകുട്ടികൾ അതിൽ അംഗങ്ങളായി. ആദ്യ ഗഡുവായി 28,55,588 രൂപ എൽ.ഐ.സിയിൽ അടച്ചു. ജില്ലാ ആസൂത്രണസമിതി സെക്രട്ടറിയായ ജില്ലാ കളക്ടറുടെ എതിർപ്പിനെയും സർക്കാരിന്റെ സ്റ്റേ ഓർഡറിനെയും അവഗണിച്ചാണ് യു.ഡി.എഫ് ഭരിച്ചിരുന്ന ജില്ലാപഞ്ചായത്ത് പദ്ധതി നടപ്പാക്കിയത്. ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള ഇടതുമന്ത്രിസഭയായിരുന്നു അന്ന് കേരളം ഭരിച്ചിരുന്നത്.

സർക്കാരിന്റെ എതിർപ്പ് കൂടുതൽ ശക്തമായതോടെ, തുടർന്നുള്ള വർഷങ്ങളിൽ പ്രീമിയം അടയ്ക്കാനാവാതെ എല്ലാ പോളിസികളും ലാപ്സായി. സർക്കാർ നിർദ്ദേശപ്രകാരം ആദ്യ പ്രീമിയം തുക തിരിച്ചുവാങ്ങാൻ ജില്ലാപഞ്ചായത്ത് സെക്രട്ടറി ശ്രമിച്ചെങ്കിലും, തുടർച്ചയായി മൂന്നുവർഷം പ്രീമിയം അടച്ച പോളിസിയിലേ സറണ്ടർ ആനുകൂല്യം ലഭിക്കൂവെന്നും, കന്യാവിവാഹ് പദ്ധതിയിൽ തുക തിരികെ നൽകാനാവില്ലെന്നും എൽ.ഐ.സി വ്യക്തമാക്കി. ഇതോടെ പദ്ധതിക്ക് അനുമതി നൽകിയ ഭരണസമിതി അംഗങ്ങളിൽ നിന്ന് ചെലവഴിച്ച തുക പലിശയടക്കം ഈടാക്കാൻ സർക്കാർ ഉത്തരവിട്ടു. 21 അംഗങ്ങളിൽ നിന്ന് 3,80,745 രൂപ വീതം തിരിച്ചടയ്ക്കാൻ നോട്ടീസ് നൽകി. അന്നത്തെ അംഗമായിരുന്ന ജോസഫ് വാഴയ്ക്കൻ ഈ നടപടി റദ്ദാക്കണമെന്ന് സർക്കാരിന് നൽകിയ അപേക്ഷയിൽ റവന്യൂ റിക്കവറി തത്കാലം നിറുത്തിവച്ചു.

പക്ഷേ, പദ്ധതിയിലെ അലംഭാവം കണ്ടെത്തിയ അക്കൗണ്ടന്റ് ജനറൽ, നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ രണ്ടാം റിപ്പോർട്ടിലെ നടപടി സ്റ്റേറ്റ്മെന്റിൽ പണം തിരിച്ചുപിടിക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ ഉൾപ്പെടുത്താൻ നിർദ്ദേശിച്ചു. ചെലവിട്ട 28,55,558 രൂപ 12 ശതമാനം പലിശ സഹിതം ആ കാലയളവിലെ ഭരണസമിതി അംഗങ്ങളിൽ നിന്ന് ഉടനടി ഈടാക്കാൻ പഞ്ചായത്ത് ഡയറക്ടർക്ക് നിർദ്ദേശം നൽകി തദ്ദേശസ്വയംഭരണ സെക്രട്ടറി എ. അജിത്കുമാർ ഉത്തരവിറക്കി. ജില്ലാപഞ്ചായത്തിനുണ്ടായ സാമ്പത്തിക നഷ്ടം ഇതിലൂടെ നികത്തപ്പെടുകയോ എഴുതിത്തള്ളുകയോ ചെയ്യാം. പക്ഷേ, 3647 ദളിത് പെൺകുട്ടികളുടെ നഷ്ടം ആരു നികത്തും...?

'കന്യാവിവാഹ് ' പദ്ധതി ഉപേക്ഷിച്ചു. സർക്കാർ ഉത്തരവു ലഭിച്ചാലുടൻ നഷ്ടം തിരിച്ചുപിടിക്കാൻ നടപടിയെടുക്കും
-ടി.ജെ. വർക്കി
സെക്രട്ടറി, കോട്ടയം ജില്ലാപഞ്ചായത്ത്

പണം ഉടൻ തിരിച്ചുപിടിക്കാനാണ് സർക്കാർ നിർദ്ദേശം. പഞ്ചായത്ത് വകുപ്പ് ഡയറക്ടർ തുടർനടപടിയെടുക്കും.
-എ. അജിത്കുമാർ
സെക്രട്ടറി
തദ്ദേശ (റൂറൽ) വകുപ്പ്
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ