വീപ്പയ്ക്കുള്ളിലെ ജഡം: ദുരൂഹത നീങ്ങി,​ പ്രതി ആത്മഹത്യ ചെയ്ത സജിത്ത് തന്നെയെന്ന് പൊലീസ്
March 14, 2018, 9:03 am
തൃപ്പൂണിത്തുറ: ഉദയംപേരൂർ മാങ്കായി കവല തേരേയ്ക്കൽ കടവിൽ തേരേയ്ക്കൽ വീട്ടിൽ ദാമോദരന്റെ ഭാര്യ ശകുന്തള (50)​ യുടെ മൃതദേഹം പ്ലാസ്റ്റിക് വീപ്പയിൽ കോൺക്രീറ്റ് ഇട്ട് നിറച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ദുരൂഹത നീങ്ങി. ശകുന്തളയെ കൊന്നത് എരൂർ സ്വദേശിയായ സജിത്താണെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ശകുന്തളയുടെ മൃതദേഹം കണ്ടെത്തിയതിന് പിറ്റേന്ന് സജിത്തിനെ പൊട്ടാസ്യം സയനേഡ് കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം ജനുവരി ഏഴിന് തലകീഴായി കൈകാലുകൾ മടക്കി വീപ്പയിൽ കയറ്റിയ ശേഷം കോൺക്രീറ്റിട്ട് ഉറപ്പിച്ച നിലയിലാണ് കുമ്പളം കായലിനോട് ചേർന്ന ഒഴിഞ്ഞ പറമ്പിൽ ശകുന്തളയുടെ മൃതദേഹം കണ്ടെത്തിയത്.

ശകുന്തളയുടെ മകൾ അശ്വതിയുമായി സജിത്തിന് ബന്ധമുണ്ടായിരുന്നു. ഇതിനെ ശകുന്തള എതിർത്തിരുന്നു. ഇതാണ് ശകുന്തളയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. ശകുന്തളയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തുക്കളുടെ സഹായ​ത്തോടെയാണ് സജിത്ത് മൃതദേഹം വീപ്പയിലാക്കിയ ശേഷം കായലിൽ എറിഞ്ഞത്. സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരളഴിഞ്ഞത്. ശകുന്തളയുടെ മകൾ അശ്വതിയുടെ ഡി.എൻ.എ പരിശോധിച്ചതിൽ നിന്നാണ് മരിച്ചത് ശകുന്തളയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.

ഉദയംപേരൂർ വലിയകുളത്തിന് സമീപം പരേതയായ സരസയുടെ വളർത്തുമകളായിരുന്നു ശകുന്തള. ദാമോദരനെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ദാമ്പത്യം അധികം നീണ്ടില്ല. തുടർന്ന് മകനും മകളുമൊത്ത് വാടകവീടുകളിൽ മാറി മാറി താമസിച്ചു. ഇതിനിടെ മകൻ പ്രമോദ് ബൈക്ക് അപകടത്തിൽപ്പെട്ട് കിടപ്പിലായ ശേഷം ആത്മഹത്യ ചെയ്തു. തുടർന്ന് മകളുമായി പിണങ്ങിയ ശകുന്തള ഒറ്റയ്ക്കായി താമസം. പിന്നീടാണ് ശകുന്തള കൊല്ലപ്പെട്ടത്. വീപ്പയിലെ മൃദേഹത്തിൽ തിരിച്ചറിയാവുന്ന ഒരു സൂചനയുമില്ലായിരുന്നു. കളമശേരി മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം അഡീഷണൽ പ്രൊഫസർ എ.കെ. ഉന്മേഷ് ജഡത്തിലെ കണങ്കാലിൽ ശസ്ത്രക്രിയ ചെയ്ത് ഘടിപ്പിച്ച അധികം പഴക്കമില്ലാത്ത പിരിയാണിയും അതിൽ സൂക്ഷ്മമായി രേഖപ്പെടുത്തിയ ബാച്ച് നന്പറും കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഇത്തരം സ്‌ക്രൂ ഒരു വർഷത്തിനുള്ളിൽ എറണാകുളത്ത് ഉപയോഗിച്ച എല്ലാവർക്കും പിന്നാലെ പൊലീസ് പോയി. ഒടുവിൽ തൃപ്പൂണിത്തുറ വിജയകുമാര മേനോൻ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ ആറ് പേരിൽ അന്വേഷണം അവസാനിച്ചു. ഇതിൽ അഞ്ചുപേരെയും പൊലീസ് കണ്ടെത്തി. ആറാമത്തെയാളായിരുന്നു ശകുന്തള. രണ്ട് വർഷം മുന്പ് ശകുന്തള സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയിരുന്നു. ഇതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ