അസാദ്ധ്യമായതൊന്നുമില്ലെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ ഹോക്കിംഗ്
March 14, 2018, 10:40 am
ലണ്ടൻ: ശാരീരിക അവശകതകളെ പടവെട്ടി തോൽപിച്ച അപൂർവം ചില വ്യക്തികളിൽ ഒരാളായിരുന്നു അന്തരിച്ച വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗ്. കാരണം മറ്റൊന്നുമല്ല,​ യൗവന കാലത്ത് നാഡീകൾ തകർന്നു പോകുന്ന മോട്ടോർ ന്യൂറോൺ അഥവാ എ.എൽ.എസ് രോഗം ബാധിച്ച് അനങ്ങാൻ പോലുമാവാതെ വീൽചെയറിലായിരുന്നു ഹോക്കിംഗ്. എന്നാൽ,​ ഏവരെയും അന്പരിപ്പിച്ച് ആ കുഞ്ഞു മനുഷ്യൻ കീഴടക്കിയത് ലോകത്തെ തന്നെ ആയിരുന്നു.

ശരീരത്തിന്റെ തളർച്ചയെക്കാളേറെ ഭയപ്പെടെണ്ടത് മനസിന്റെ തളർച്ചയെ ആണെന്ന് ഹോക്കിംഗിന് ഉത്തമബോദ്ധ്യമുണ്ടായിരുന്നു. മനസിൽ ഒരു ലക്ഷ്യമുണ്ടെങ്കിൽ അത് നേടാൻ നിശ്ചയദാഢ്യം മാത്രം മതിയെന്ന് സ്റ്റീഫൻ തന്റെ ജീവിതത്തിലൂടെ തെളിയിച്ചു. 1959ൽ ഹോക്കിംഗ്, പ്രശസ്തമായ ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ ബിരുദ പഠനത്തിന് ചേർന്നു. തുടർന്ന്, പ്രശസ്തമായ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ 'വികസിക്കുന്ന പ്രപഞ്ചം' എന്ന വിഷയത്തിൽ ഡോക്ടറൽ ഗവേഷണം തുടങ്ങി. അപ്പോഴാണ്, ശരീരത്തിൽ ചില മാറ്റങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയത്. നടക്കുമ്പോൾ വേച്ചു പോകുന്നു, സംസാരം പാതിവഴിക്ക് മുറിയുന്നു, കൈയിലേയും കാലിലെയും മസിലുകൾക്ക് കോച്ചിപ്പിടുത്തം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ആദ്യം അത്ര കാര്യമാക്കിയില്ല. എന്നാലും ഡോക്ടറെ കണ്ടു. പക്ഷേ,​ അദ്ദേഹം വിദഗ്ദ്ധ പരിശോധനയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് ഹോക്കിംഗിനെ അയച്ചു. അവിടെ ഡോക്ടർ നടത്തിയ കണ്ടെത്തൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ഞെട്ടിച്ചു. 'മോട്ടോർ ന്യൂറോൺ ഡിസീസ്' എന്ന പേരിൽ അറിയപ്പെടുന്ന എ.എൽ.എസ് രോഗമായിരുന്നു ഹോക്കിംഗിന്. ശരീരത്തിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന കോശങ്ങളെയും മസിലുകളെയും ക്രമേണ തളർത്തിക്കളയുന്ന ഒരു തരം അത്യപൂർവ വൈകല്യം. ഇത് ബാധിക്കുന്നയാളുടെ സംസാരശേഷി, ചലന ശേഷി തുടങ്ങിയവ കാലക്രമേണ നഷ്ടപ്പെട്ട് ഒടുക്കം ശ്വാസകോശത്തിന്റെ മസിലുകളുടെ പ്രവർത്തനം പോലും നിലച്ച് മരണത്തിനു കീഴടങ്ങേണ്ടി വരുന്ന രോഗാവസ്ഥ. കേവലം രണ്ട് വർഷം മാത്രമായിരുന്നു ഹോക്കിംഗിന് ഡോക്ടർമാർ ആയുസ് വിധിച്ചത്. ഈ രോഗം സ്റ്റീഫനെ വല്ലാതെ തളർത്തിയതോടെ ഗവേഷണം ഉപേക്ഷിച്ചു. പിന്നീട് തന്റെ ഓർമക്കുറിപ്പിൽ അദ്ദേഹം ഇതേക്കുറിച്ച് വിവരിച്ചിട്ടുണ്ട്.

ജീവിതം മാറ്റിമറിച്ച ആ പത്ത് വയസുകാരൻ
ആശുപത്രിയിൽ ചികിത്സയിലായിരിക്കെ പരിചയപ്പെട്ട കാൻസർ ബാധിതനായ ഒരു പത്ത് വയസുകാരനാണ് ഹോക്കിംഗിന്റെ ജീവിതം മാറ്റിമറിച്ചത്. ആ ബാലനുമായി സംസാരിച്ചപ്പോൾ ലഭിച്ച പ്രചോദനം അദ്ദേഹത്തെ ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. പിന്നീട് ആശുപത്രി കിടക്കയിൽ നിന്ന് ഹോക്കിംഗ് സർവകലാശാലയിൽ മടങ്ങിയെത്തി ഗവേഷണം തുടർന്നു. തനിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് സ്റ്റീഫൻ സ്വയം വിശ്വസിപ്പിച്ചു കൊണ്ടിരുന്നു. ഗവേഷണം പുരോഗമിക്കുന്പോഴും മറുവശത്ത് രോഗം അദ്ദേഹത്തെ തളർത്താൻ സർവശ്രമങ്ങളും നടത്തുന്നുണ്ടായിരുന്നു. ദിനംപ്രതി രോഗം ഗുരുതരമായതോടെ ഹോക്കിംഗിന് നടക്കാൻ ഊന്നുവടിയുടെ സഹായം വേണമെന്നായി. നാക്ക് കുഴഞ്ഞു പോകാൻ തുടങ്ങിയതോടെ സംസാരിക്കുന്നത് മനസിലാക്കാൻ പലർക്കും ബുദ്ധിമുട്ട് നേരിട്ടു. നടക്കുന്നതിനിടെ പലപ്പോഴും വേച്ചുവീണു. എന്നാൽ, പരസഹായം സ്വീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. വീൽ ചെയറും വേണ്ടെന്ന് വച്ചു.

1965ൽ എല്ലാവരെയും അത്ഭുതപ്പെടുത്തി രോഗകിടക്കയിൽ വച്ച് ഹോക്കിംഗ് തന്റെ ഗവേഷണം പൂർത്തിയാക്കി. അന്നു മുതൽ അദ്ദേഹം ഡോ. സ്റ്റീഫൻ ഹോക്കിംഗ് എന്നറിയപ്പെടാൻ തുടങ്ങി. ശാസ്ത്ര ലോകം ഏറെ ശ്രദ്ധിക്കുകയും പിൽക്കാലത്ത് സജീവമായ ചർച്ചകൾക്ക് വഴിമരുന്നിട്ടതുമായ ഗവേഷമായിരുന്നു ഹോക്കിംഗിന്റേത്. 1966ൽ ഡോക്ടറേറ്റ് നേടിയ സ്റ്റീഫൻ ഹോക്കിംഗ് ആ വർഷം തന്നെ റോജർ പെൻറോസുമായി ചേർന്ന് സിംഗുലാരിറ്റീസ് ആൻഡ് ദ ജ്യോമെട്രി ഒഫ് സ്‌പേസ് ടൈം എന്ന പേരിൽ എഴുതിയ പ്രബന്ധത്തിനു ആഡംസ് പ്രൈസ് ലഭിച്ചു. 1974 ൽ റോയൽ സൊസൈറ്റിയിൽ അംഗമായി. 1979 മുതൽ 30 വർഷം കേംബ്രിഡ്ജ് സർവകലാശാലയിൽ അപ്ലൈഡ് മാത്തമാറ്റിക്സ് ആൻഡ് ഫിസിക്സ് വിഭാഗത്തിൽ ല്യൂക്കേഷ്യൻ പ്രൊഫസറുമായി. ഐസക് ന്യൂട്ടൻ വഹിച്ചിരുന്ന പദവിയാണിത്. ‘തിയറി ഒഫ് എവരിത്തിംഗ്' എന്ന പേരിൽ പ്രപഞ്ചത്തിന്റെ ഉൽപത്തിയെ കുറിച്ചുള്ള സിദ്ധാന്തവും ഹോക്കിംഗ് ആവിഷ്‌കരിച്ചു.

1985ൽ ഫ്രാൻസിലേക്കുള്ള യാത്രാ മദ്ധ്യേ മരണകാരണമാവുന്ന തരത്തിൽ ന്യൂമോണിയ ബാധിതനായി. കൃത്രിമ ശ്വാസം നൽകി ജീവൻ നിലനിറുത്താൻ ഡോക്ടർമാർ കിണഞ്ഞു ശ്രമിച്ചു. മരണത്തെ മുഖാമുഖം കണ്ട നാളുകൾ. ഇനിയൊരു തിരിച്ചു വരവില്ലെന്ന് ഡോക്ടർമാർ പോലും വിധിയെഴുതി. എന്നാൽ,​ അവിടെ മരണം ഹോക്കിംഗിന് മുന്നിൽ കീഴടങ്ങി. പക്ഷേ,​ ന്യൂമോണിയ ഹോക്കിംഗിന്റെ ശരീരത്തെ പൂർണമായും തളർത്തിയിരുന്നു. ചലന ശേഷി ഉണ്ടായിരുന്ന രണ്ടു വിരലുകൾ പോലും ചലിപ്പിക്കാനാവാത്ത അവസ്ഥയായി. കൃത്രിമ ശ്വാസം നൽകാൻ തൊണ്ടയിൽ ദ്വാരമുണ്ടാക്കിയതിനാൽ സ്വനപേടകങ്ങൾ മുറിഞ്ഞു. ശബ്ദം പോലുമില്ലാതായി. കണ്ണുകൾ ചലിപ്പിക്കും. പുരികവും ചുണ്ടും കവിളും ചെറുതായി മാത്രം അനക്കാൻ കഴിയുന്ന അവസ്ഥ.

ഇതോടെ സഹായിയുടെ സേവനം ഹോക്കിംഗ് തേടി. സഹായി അക്ഷരങ്ങൾ തൊട്ടു കാണിക്കുമ്പോൾ പുരികം ചലിപ്പിച്ച് കാണിച്ച് അദ്ദേഹം ആശയ വിനിമയം നടത്താൻ കഠിനമായി ശീലിച്ചു. എങ്കിലും ബുദ്ധിമുട്ടായിരുന്നു. സിലിക്കൺവാലിയിലെ ഒരു കംപ്യൂട്ടർ വിദഗ്ദ്ധൻ ശരീരം തളർന്നവർക്കായി വികസിപ്പിച്ച പ്രത്യേകതരം വീൽചെയറിനെ കുറിച്ച് ഹോക്കിംഗ് അറിഞ്ഞു. തന്റെ വീൽ ചെയറിൽ അതിനെ ഘടിപ്പിച്ച് ആശയവിനിമയത്തിനുള്ള ഉപാധിയാക്കി. കവിളിലെ മസിലുകളുടെ ചലനങ്ങളെ സെൻസറിലൂടെ തിരിച്ചറിഞ്ഞ് അവയെ വാക്കുകളാക്കി മാറ്റുന്ന ഉപകരണം അതിൽ ഘടിപ്പിച്ചിരുന്നു. തുടർന്ന് അത് ഉപയോഗിക്കാൻ പരിശീലിച്ചു. അതിന്റെ സഹായത്തോടെയാണ് സ്റ്റീഫൻ ഹോക്കിംഗ് ഇന്ന് ലോകം അറിയുന്ന വിഖ്യാത ശാസ്ത്രജ്ഞനായത്.

1988ൽ 'എ ബ്രീഫ് ഹിസ്റ്ററി ഒഫ് ടൈം' എന്ന ആദ്യ പുസ്തകം സ്റ്റീഫൻ ഹോക്കിംഗ് പ്രസിദ്ധീകരിച്ചു. വിവിധ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ട ഈ ശാസ്ത്ര ഗ്രന്ഥം ഏറ്റവുമധികം കോപ്പികൾ വിറ്റഴിക്കപ്പെട്ടതിനുള്ള ഗിന്നസ് റെക്കാഡും നേടി. 'ദ യൂണിവേഴ്സ് ഇൻ എ നട്ട് ഷെൽ',​ 'ദ ‌ഡ്രീംസ് ദാറ്റ് സ്റ്റഫ് ഈസ് മെയ്‌ഡ് ഒഫ് എന്നിവയും അദ്ദേഹത്തിന്റെ പ്രധാന രചനകളാണ്. 2013ൽ ഇറങ്ങിയ മൈ ബ്രീഫ് ഹിസ്റ്ററി എന്ന ഓർമക്കുറിപ്പാണ് അദ്ദേഹത്തിന്റേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയത്.

കേംബ്രി‌‌ഡ്ജിൽ തനിക്കൊപ്പം പഠിച്ച ജെയ്ൻ വിൽഡെയെ 1965ൽ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ റോബർട്ട്,​ ലൂസി,​ തിമോത്തി എന്നീ മക്കളുണ്ട്. 1995ൽ എലെയ്ൻ മാസനെ വിവാഹം ചെയ്തെങ്കിലും 2006ൽ വേർപിരിഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ