അരക്കെട്ട് കുലുക്കാൻ മാത്രമായി ആവശ്യപ്പെടരുത്: ആൻഡ്രിയ
March 14, 2018, 3:41 pm
സിനിമയിൽ നായികമാർക്ക് പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ലെന്ന വിമർശനവുമായി തെന്നിന്ത്യൻ നടി ആൻഡ്രിയ ജർമിയ രംഗത്ത്. അപൂർവമായാണ് സ്ത്രീ കേന്ദ്രീകൃത സിനിമകൾ ഉണ്ടാവുന്നതെന്നും ആൻഡ്രിയ പറഞ്ഞു. ഫഹദ് ഫാസിൽ നായകനായ അന്നയും റസൂലും അടക്കമുള്ള സിനിമകളിൽ അഭിനയിച്ച ആൻഡ്രിയ മലയാളികൾക്കും പരിചിതയാണ്. യുവാൻ ശങ്കർരാജ സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം ഇറങ്ങിയ തരമണി എന്ന സിനിമയിൽ ആൻഡ്രിയ,​ ജോലിയുള്ള അവിവാഹിതയായ സ്ത്രീയെയാണ് അവതരിപ്പിച്ചത്. ഏറെക്കാലത്തിന് ശേഷം ആൻഡ്രിയയ്ക്ക് ലഭിച്ച മികച്ച കഥാപാത്രമായിരുന്നു അത്. എന്നാൽ, അതിന്ശേഷം തനിക്ക് മികച്ച വേഷങ്ങളുള്ള സിനിമകൾ ലഭിച്ചില്ലെന്ന് ആൻഡ്രിയ പറഞ്ഞു.

വിജയ്‌ക്കൊപ്പമോ മറ്റു സൂപ്പർതാരങ്ങളുടെ ചിത്രങ്ങളുടെ ഭാഗമാകുകയും ചിത്രത്തിൽ അവരുടെ നിഴലായി ഒതുങ്ങുകയും ചെയ്യുന്നവർക്കു പോലും നിരവധി സിനിമകൾ ലഭിക്കുന്നുണ്ട്. ഏത് നായകനൊപ്പമാണ് അഭിനയിച്ചത് എന്നത് അനുസരിച്ചാണ് ഒരു നായികയുടെ വിജയം വിലയിരുത്തുന്നതെന്നും സ്വന്തമായി അവൾ ചെയ്യുന്ന ജോലിക്ക് ആരും വിലമതിക്കുന്നില്ലെന്നും ആൻഡ്രിയ പരാതിപ്പെട്ടു.

സിനിമയിലെ ചൂടൻ രംഗങ്ങളിലും അരക്കെട്ട് കുലുക്കിയുള്ള നൃത്തരംഗങ്ങളിലും എനിക്ക് അഭിനയിക്കാൻ കഴിയും. എന്നാൽ സൗന്ദര്യം ഒന്നുകൊണ്ട് മാത്രം എല്ലാവരെയും ആകർഷിക്കുന്ന ഒരു വസ്തുവായി മാറാൻ എനിക്ക് താൽപര്യമില്ല. അഭിനയപ്രാധാന്യമുള്ള വേഷം കൂടി ആയിരിക്കണം. ഞാൻ സെക്സിയാണെന്ന് കരുതി അഭിനയിക്കാൻ അറിയില്ലെന്ന് കരുതരുത്. അതിനാൽ അഭിനയപ്രാധാന്യമുള്ള നായിക കഥാപാത്രങ്ങളും എനിക്ക് വേണ്ടി എഴുതണം- ആൻഡ്രിയ അഭ്യർത്ഥിച്ചു.

സ്ക്രീനിൽ ശരീരപ്രദർശന വസ്തുവുമായി മാത്രം ഒതുങ്ങാൻ ആഗ്രഹമില്ല. മാംസളമായ ശരീരഭാഗങ്ങൾ അനാവൃതമാക്കുന്ന വസ്ത്രങ്ങൾ അണിഞ്ഞതുകൊണ്ടും താൻ സന്തോഷവതിയാകില്ല. ഇതൊക്കെ കൊണ്ടാണ് താൻ ഇപ്പോൾ സിനിമയിൽ നിന്നും മാറിനിൽക്കുന്നതെന്നും ആൻഡ്രിയ കൂട്ടിച്ചേർത്തു. തമിഴ് സിനിമാ രംഗത്താണ് ഇത്തരം പ്രശ്നങ്ങൾ നായികമാർ കൂടുതലായി നേരിടുന്നതെന്നും ആൻഡ്രിയ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ