സ്ത്രീധനത്തെപ്പറ്റി ഒരക്ഷരം മിണ്ടരുത്; വിവാഹം കുടുംബശ്രീ നടത്തും
March 12, 2018, 1:23 am
മഞ്ജു എം. ജോയ്
തിരുവനന്തപുരം: സ്ത്രീധനത്തെപ്പറ്റി ഒരക്ഷരം മിണ്ടിയില്ലെങ്കിൽ ബ്രോക്കർ ഫീസൊന്നുമില്ലാതെ വിവാഹം നടത്തിത്തരാൻ നമ്മുടെ കുടുംബശ്രീയുണ്ട്. കമ്മിഷനില്ല, പെൺകുട്ടികൾക്ക് രജിസ്ട്രേഷൻ സൗജന്യവും. വിവാഹപ്രായമായ യുവതികളുടെ മനമറിഞ്ഞ് മംഗല്യം നടത്തുന്ന 'കുടുംബശ്രീ മാട്രിമോണിയൽ' നാട്ടിലാകെ വൈറലാവുകയാണ്. തൃശൂർ ആസ്ഥാനമായ മാട്രിമോണിയൽ കേന്ദ്രം താമസിയാതെ എല്ലാ ജില്ലകളിലും ബ്രാഞ്ചുകൾ ആരംഭിക്കും.പാലക്കാട്, മലപ്പുറം, എറണാകുളം, കൊല്ലം തുടങ്ങി വിവിധ ജില്ലകളിലായി കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ 80ഓളം വിവാഹങ്ങൾ നടത്തി. 2500 ഓളം രജിസ്ട്രേഷനുകൾ നിലവിലുണ്ട്.

കല്യാണത്തട്ടിപ്പുകളിൽ കുടുങ്ങി കണ്ണീരു കുടിക്കുന്ന കുടുംബങ്ങളെ കണ്ടപ്പോളാണ് പോർക്കുളം സി.ഡി.എസ് ചെയർപേഴ്‌സൺ സിന്ധു ബാലൻ കുടുംബശ്രീ കല്യാണ ബ്യൂറോ എന്ന ആശയത്തെപ്പറ്റി ചിന്തിച്ചത്. കുടുംബശ്രീ ജില്ലാമിഷന്റെ പിന്തുണയോടെ 2016 ജൂലായ് 25ന് ആ സ്വപ്നം സഫലമായി. മൂന്നു കുടുംബശ്രീ അംഗങ്ങളെക്കൂട്ടി പോർക്കുളത്ത് ഓഫീസ് ആരംഭിച്ചു. സാധാരണ മാട്രിമോണിയൽ സൈറ്റുകളിൽ രജിസ്റ്റർ ചെയ്യാൻ ആറുമാസത്തേക്ക് 5000 രൂപയാണ് കുറഞ്ഞഫീസ്. മാര്യേജ് ബ്യൂറോകളുടെയും ബ്രോക്കർമാരുടെയും കാര്യം ഇതിലും കഷ്ടമാണ്. പലതരത്തിലാണ് പണം തട്ടിക്കുക. ചതിക്കപ്പെടാനുള്ള സാദ്ധ്യതയുമേറെ. ഈ സാഹചര്യത്തിലാണ് 'കുടുംബശ്രീ മാട്രിമോണിയൽ' ജനശ്രദ്ധ ആകർഷിക്കുന്നത്.

'കുടുംബശ്രീ ശൃംഖല നാടൊട്ടുക്ക് ഉള്ളതിനാൽ കല്യാണച്ചെറുക്കനെപ്പറ്റിയുള്ള സകല വിവരവും ശേഖരിക്കും. പൊന്നും പണവുമായി എത്ര കിട്ടും എന്നു ചോദിക്കുന്ന ചെറുക്കനെയും വീട്ടുകാരെയും സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണെന്ന് ബോദ്ധ്യപ്പെടുത്തും. പാവപ്പെട്ട പെൺകുട്ടികളുടെ കല്യാണം നടത്താൻ കയ്യയച്ച് സഹായിക്കും. ആരെങ്കിലും
സന്തോഷത്തിന്റെ പേരിൽ എന്തെങ്കിലും തന്നാൽ വാങ്ങും. അല്ലാതെ കമ്മിഷനും ഇല്ല.' - സംരംഭകയായ സിന്ധുബാലൻ പറയുന്നു.

റാഞ്ചാൻ മാട്രിമോണിയലുകാരെത്തി
വെബ്‌സൈറ്റ് ക്ലച്ച് പിടിച്ചതോടെ മറ്റ് മാട്രിമോണിയൽ സൈറ്റുകാരെത്തി. അവരുടെ വെബ്‌സൈറ്റുകളുമായി ലിങ്ക് ചെയ്താൽ വൻതുക തരാമെന്നായിരുന്നു ഓഫർ. പക്ഷേ, കുടുംബശ്രീയുടെ 'വിശ്വാസ്യത' നഷ്ടപ്പെടുമെന്നതിനാൽ സിന്ധു 'നോ' പറഞ്ഞു.

പ്രത്യേകതകൾ

 kudumbashreematrimony.com എന്നതാണ് വെബ്‌സൈറ്റ്
 പെൺകുട്ടികളുടെ രജിസ്‌ട്രേഷൻ സൗജന്യം
പുരുഷൻമാർക്ക് വിദ്യാഭ്യാസയോഗ്യതയുടെ അടിസ്ഥാനത്തിൽ 500 -1000 രൂപ വരെയാണ് ഫീസ്

രജിസ്‌ട്രേഷൻ ഫാറം പൂരിപ്പിക്കലാണ് ആദ്യപടി. സൂക്ഷ്മ പരിശോധനയ്ക്കുശേഷം ഫോട്ടോ സഹിതം വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യും. വാർഡ് തലത്തിലും അയൽക്കൂട്ട തലത്തിലും അന്വേഷണം നടത്തും. സംസ്ഥാനത്തെവിടെയാണെങ്കിലും കുടുംബശ്രീ വഴി അന്വേഷണങ്ങൾ പുരോഗമിക്കും. വിവരങ്ങൾ കൃത്യമാകാതെ രജിസ്‌ട്രേഷൻ പൂർത്തിയാക്കില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ