കത്തുന്ന കാട്
March 13, 2018, 1:09 am
രഹാന ഹബീബ്
വേനൽക്കാലം മനുഷ്യർക്കെന്ന പോലെ കാടിനും ഒരു പരീക്ഷണ കാലമാണ് .പ്രത്യേകിച്ച് കാട്ടു തീ എന്ന സ്വാഭാവിക പ്രതിഭാസം കാട്ടിൽ നടക്കുന്ന സമയം .വരണ്ട കാലാവസ്ഥയിൽ ഇടി മിന്നലുണ്ടാകുമ്പോഴോ കാട്ടു മുളകൾ തമ്മിലുരഞ്ഞോ ഒക്കെ തീപ്പൊരി ഉണ്ടാവാം .ഉണക്കയിലകളിൽ തട്ടി ഒന്നിൽ നിന്ന് മറ്റൊന്നിലേയ്ക് പടർന്നു വളരെ വേഗം കാട് കത്തിയമരുന്ന ഒരു അവസ്ഥയിലേയ്ക്ക് എത്താം .ഇത് പ്രകൃതിയിൽ തന്നെ നടക്കുന്ന ഒരു സ്വാഭാവിക പ്രക്രിയ ആണ് .സുനാമി പോലെയോ കൊടും കാറ്റോ പേമാരിയോ പോലെയൊക്കെ ജന്തുജാലങ്ങളെ പ്രകൃതി തന്റെ മടിത്തട്ടിലേയ്ക് ആവാഹിക്കുന്ന ഒരു രീതിയാണ് കാട്ടുതീയും . പുൽമേടുകൾ വേനൽക്കാലത്തു കത്തിയമരുന്നത് പ്രകൃതിയുടെ തന്നെ ഒരു ആവശ്യമാണ് .എന്നാൽ മാത്രമേ അടുത്ത മഴയ്ക്കു അവിടെ പുതിയ പുൽനാമ്പുകൾ കിളിർക്കയുള്ളു .
മിക്ക കോളേജുകളിലും സ്‌കൂളുകളിലും ഇത് അവരുടെ അധ്യയന വർഷാവസാനം ആയിരിക്കെ മിക്ക പഠന യാത്രകളും ഈ ഒരു സമയത്താണ് നടത്താൻ അധികൃതർ നോക്കുന്നത് .പലപ്പോഴും അടുത്ത് കിടക്കുന്ന കാട്ടിലേക്ക് ആവും ആ യാത്ര ചെന്നെത്തുന്നത് .ട്രെക്കിങ്ങ് ചെയ്തു കുന്നുകൾക്കു മേലെ എത്തുക എന്നത് ഏതു കുട്ടിയുടെയും ഒരു അഭിലാഷവും ആയിരിക്കും .പക്ഷെ വേനൽക്കാലത്തു കാട്ടിലേക്ക് ട്രെക്കിങ്ങ് ചെയ്യുമ്പോൾ എന്തെല്ലാം അറിഞ്ഞിരിക്കണം എന്ന് മിക്ക സ്‌കൂൾകോളേജ് അധികൃതർക്കും ഒരു പിടിയുണ്ടാവില്ല.കാട്ടിലെത്താൻ ഉള്ള സഹായത്തിനു ആരെയെങ്കിലും അവർ കണ്ടെത്തും .അവർ ഏതെങ്കിലും മാർഗത്തിലൂടെ ട്രെക്കിങ് ഗ്രൂപ്പി നെ കാട്ടിൽ എത്തിക്കുകയും ചെയ്യും .ഇതാണ് ഏറ്റവും ആദ്യം തിരുത്തേണ്ടത് .
അവിടെയാണ് വനം വകുപ്പിന്റെ സഹായം ആവശ്യമായി വരുന്നത് . വേനൽക്കാലം തുടങ്ങുന്ന ജനുവരി ഫെബ്രുവരി മാസങ്ങളിൽ തന്നെ കാട്ടു തീ തടയാൻ ആവശ്യമായ തയ്യാറെടുപ്പുകൾ ഫോറസ്റ്റ് ഓഫീസ് നടത്തിയിരിക്കും.ട്രെക്കിങി നു പോകുന്നവർ ആദ്യം തന്നെ ഈ ഒരു കാലം ഒഴിവാക്കുന്നതാണ് നല്ലത് .മൺസൂൺ മഴ കഴിഞ്ഞു കാട് തളിർത്തു നിൽക്കുമ്പോഴാണ് കാടിന്റെ ഭംഗി ആസ്വദിക്കാനോ ട്രെക്കിങിനോ മറ്റോ തെരഞ്ഞെടുക്കാൻ പാടുള്ളു .ട്രെക്കിങി നു പോകുന്നവർ കാട്ടിലേക്കുള്ള എല്ലാ അനധികൃത വഴികളും ഒഴിവാക്കി ഫോറസ്റ്റ് ഓഫീസിന്റെ പ്രധാന കവാടത്തിൽ കൂടെ മാത്രമേ അകത്തേയ്ക്കു കടക്കാനോ പുറത്തിറങ്ങാനോ പാടുള്ളു .കാരണം ഫോറസ്റ്റ് ഓഫീസിൽ എത്ര പേർ കാട്ടിനകത്തേയ്ക്കു കടന്നു എന്ന രേഖ കിട്ടും .കൂടാതെ ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം അനുസരിച്ചുള്ള ഫോറസ്റ്റ് ഗാർഡുകളെ സഹായത്തിനു കൊടുക്കാനും അധികൃതർക്ക് കഴിയും ഫോറസ്റ്റ് ഗാർഡുമാരുടെ കയ്യിൽ വയർലെസ്സ് സെറ്റും ചെറിയ അഗ്നി ശമനസാമഗ്രികളും ഉള്ളതിനാൽ പെട്ടെന്നുള്ള ഒരു കാട്ടു തീ ആക്രമണത്തിൽ നിന്നും ട്രെക്കിങ് ഗ്രൂപ്പി നെ രക്ഷപെടുത്താൻ കഴിയും . ഫോറസ്റ്റ് അധികൃതർ മെയിൻ ചെക്ക് പോസ്റ്റ് ഒഴിച്ച് ബാക്കി എല്ലാ അനധികൃത മാർഗ്ഗങ്ങളും അടച്ചു പൂട്ടി കാമറ നിരീക്ഷണത്തിൽ വെയ്ക്കുകയും ചെയ്യേണ്ടതാണ്.
ഇനി രണ്ടാമതായി ട്രെക്കിങ് ഗ്രൂപ്പ് എപ്പോഴും ജലാശയങ്ങളുടെ അരികിലൂടെയുള്ള മാർഗം തെരെഞ്ഞെടുക്കുന്നതാവും നല്ലത് .ദൂരെ തീ കാണുമ്പോൾ തന്നെ വെള്ളത്തിലേക്കു ഇറങ്ങി നില്ക്കാൻ പറ്റും വേനൽക്കാലത്തു നദികളിൽ ആഴവും വളരെ കുറവായിരിക്കും . mപലപ്പോഴും വേനൽ മഴ പെയ്താൽ തന്നെ കാട്ടിനകത്തു മരങ്ങൾ പുകഞ്ഞു കൊണ്ടേയിരിക്കും .മരങ്ങൾക്കു അകത്തുള്ള റെസിൻ എന്ന പശ കത്തുന്ന വസ്തുവാണ് .അതുകൊണ്ടു തന്നെ കാടിന്റെ കോർ ഏരിയ ഒഴിവാക്കി നാട്ടിലേയ്ക്ക് പെട്ടെന്ന് ഇറങ്ങാൻ പറ്റുന്ന ബഫർ ഏരിയ മാത്രമേ ട്രെക്കിങിനു തെരഞ്ഞെടുക്കാൻ പാടുള്ളു
കേരളം എപ്പോഴും എല്ലാ കാര്യത്തിലും ഒരു പടി മുന്നിൽ നിൽക്കുന്ന സംസ്ഥാനമായതു കൊണ്ട് വനം വകുപ്പും നേവിയും വ്യോമസേനയും സംയുക്തമായി ചേർന്ന് ഒരു ഫോറസ്റ്റ് ഫയർ ഡിസാസ്റ്റർ മാനേജ്‌മെന്റ് ഗ്രൂപ്പി നു രൂപം കൊടുക്കുന്നത് നല്ലതായിരിക്കും .ഫയർ ബക്കറ്റ് ഉള്ള ഹെലികോപ്റ്റർ , സാറ്റലൈറ്റ് ഫയർ മോണിറ്ററിങ് സെൽ , ഫയർ ബ്രിഗേഡ് എന്നീ സംവിധാനങ്ങൾ ഇതിൽ ഉൾപ്പെടുത്തി കാടിനെയും , വന്യജീവികളെയും ,പ്രകൃതി വിഭവങ്ങളെയും ഒന്നടങ്കം നശിച്ചു പോകുന്നതിൽ നിന്ന് രക്ഷപെടുത്താൻ കഴിയും .
തേനിയിൽ ജീവിച്ചു തുടങ്ങുന്നതിനു മുന്നേ കാട്ടു തീയിലമർന്ന കുരുന്നുകളെ രക്ഷപെടുത്താൻ കഴിയാത്തതിൽ നമുക്കു ദുഃഖിക്കാം .പക്ഷെ മറ്റൊരു ദുരന്തം ഉണ്ടാവാതിരിക്കാൻ ഇത് നമ്മുടെ കണ്ണ് തുറപ്പിക്കണം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ