ചിറകരിയാനാവില്ലെന്ന് വയൽക്കിളികൾ, സി.പി.എമ്മിനെ വെല്ലുവിളിച്ച് കീഴാറ്റൂർ സമരം തുറന്ന പോരിലേക്ക്
March 12, 2018, 11:01 pm
തളിപ്പറമ്പ് : ചെറിയൊരു ഇടവേളയ്ക്കുശേഷം കീഴാറ്റൂർ ബൈപാസ് സമരം വീണ്ടും ചൂടുപിടിക്കുന്നു. പാർട്ടി നേതൃത്വത്തിന് തലവേദനയായി മാറിയ സമരം ജെയിംസ് മാത്യു എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ അവസാനിച്ചെന്ന് സി.പി. എം ജില്ലാ നേതൃത്വം അവകാശപ്പെടുമ്പോൾ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരത്തിൽ നിന്നു പിറകോട്ടില്ലെന്ന് വയൽക്കിളികളും വ്യക്തമാക്കിയിട്ടുണ്ട്. സർവേ നടപടികൾ എന്തു വിലകൊടുത്തും ചെറുക്കാനാണ് വയൽക്കിളികളുടെ തീരുമാനം. സി.പി.എമ്മും വയൽക്കിളികളും പരസ്പരം കൊമ്പു കോർക്കാൻ തുടങ്ങിയതോടെ കീഴാറ്റൂർ സമരം പുതിയതലത്തിലേക്ക് നീങ്ങുകയാണ്.

സമരം കാറ്റു പോലെ ബലൂൺ പോലെയാണെന്ന് സി.പി. എം ജില്ലാ സെക്രട്ടറി പി.ജയരാജൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. കണ്ണൂരിൽ പി.ജയരാജൻ വാർത്താസമ്മേളനം നടത്തുന്ന അതേസമയം തളിപ്പറമ്പിൽ വയൽക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂർ ഈ ആരോപണത്തിന് മറുപടിയും നൽകി. കമ്മ്യൂണിസ്റ്റ് ഗ്രാമത്തിൽ കർഷകരുടെ ചരമക്കുറിപ്പെഴുതാൻ സി.പി.എം നേതൃത്വത്തെ അനുവദിക്കില്ലെന്ന മുന്നറിയിപ്പായിരുന്നു അദ്ദേഹത്തിന്റേത്. അതിജീവനസമരം വിജയിക്കുന്നതുവരെയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സി.പി.എം ഗ്രാമമായ കീഴാറ്റൂരിൽ ഇരുനൂറ്റി അൻപതോളം ഏക്കർ വയൽ പൂർണമായും നികത്തി ദേശീയപാത ബൈപാസിനു വേണ്ടി സ്ഥലമേറ്റെടുക്കുന്നതിനെതിരെ വയൽക്കിളികൾ കൂട്ടായ്മ അനിശ്ചിതകാല രാപ്പകൽ സമരം നടത്തി വരികയാണ്. വയൽക്കിളികളുടെ സമരത്തിന് യുവമോർച്ചയും സി.പി.ഐയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. സി.പി.എം പ്രവർത്തകരിൽ ചിലരുടെ നേതൃത്വത്തിലായിരുന്നു വയൽക്കിളികൾ എന്ന സംഘടന രൂപീകരിച്ച് വയൽ സംരക്ഷണത്തിന് ഇറങ്ങിയത്. ഇവരെ പിന്നീട് സി.പി.എം പുറത്താക്കിയെങ്കിലും സമരവുമായി മുന്നോട്ടുപോകുകയായിരുന്നു.

നിർദ്ദിഷ്ട ബൈപാസ് പദ്ധതി പ്രദേശത്തെ 58 പേരിൽ 50 പേരും സ്ഥലം ഏറ്റെടുക്കാനുള്ള സമ്മതപത്രം എം.എൽ.എ ജെയിംസ് മാത്യുവിന് കൈമാറിയിരുന്നു. സെന്റിന് 1500 രൂപ മാത്രം മതിപ്പുവിലയുള്ള സ്ഥലത്തിന് വൻതുക ഓഫർ ചെയ്താണ് സമരം അട്ടിമറിക്കാനുളള നീക്കം നടത്തിയതെന്ന് ആരോപണമുണ്ട്. നിലവിൽ ഒരു സെന്റ് വയലിന് 4.16 ലക്ഷം രൂപയാണ് ഏറ്റെടുക്കുന്നതിന് സ്ഥലമുടമകൾക്ക് നൽകുന്നത്. കഴിഞ്ഞ ദിവസം രണ്ടാം ശനിയാഴ്ച ഓഫീസ് അവധിയായിട്ടും തളിപ്പറമ്പ് തഹസിൽദാറേയും മറ്റ് ഉദ്യോഗസ്ഥരേയും ജില്ലാ കലക്ടർ അടിയന്തരമായി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് താലൂക്ക് ഓഫീസിൽ സ്ഥലം കൈമാറ്റ സമ്മതപത്രം കൈമാറൽ ചടങ്ങ് നടത്തിയത്. അതേസമയം പാരിസ്ഥിതിക വിഷയങ്ങൾ ഉന്നയിച്ച് സമരം ശക്തമായി തുടരാൻ തന്നെയാണ് വയൽക്കിളി സംഘടനയുടെ തീരുമാനം. ഇക്കഴിഞ്ഞ മാർച്ച് ആറിന് ദേശീയപാത അധികൃതർ കീഴാറ്റൂർ വയൽ അളന്ന് തിട്ടപ്പെടുത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ തടയുമെന്ന് വയൽകിളികളും അവരെ പിന്തുണച്ചുകൊണ്ട് യുവമോർച്ചയും രംഗത്തുവന്നതോടെ ഭൂമി അളക്കാനുള്ള തീയതി മാറ്റിവെയ്ക്കുകയായിരുന്നു.

കണ്ണൂർ - കാസർകോട് ദേശീയപാതയിൽ കുപ്പം മുതൽ കുറ്റിക്കോൽ വരെ അഞ്ചു കിലോമീറ്റർ ദൂരത്തിലാണ് ബൈപാസ് നിർമിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ മുന്നോട്ട് വച്ച പദ്ധതി പ്രാബല്യത്തിൽ വരുന്ന പക്ഷം കീഴാറ്റൂർ പ്രദേശത്തെ വയലുകളെല്ലാം പൂർണമായി നശിക്കപ്പെടുകയും ജനജീവിതത്തിന് തടസ്സം സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നാണ് വയൽക്കിളികളും പരിസ്ഥിതി സംഘടനകളും ചൂണ്ടിക്കാട്ടുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ